30 Nov 2023 3:04 AM GMT
ജിഡിപി കണക്ക് ഇന്നറിയാം, യുഎസ് പലിശ നിരക്ക് കുറയുമെന്ന് പ്രതീക്ഷ; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര തലത്തില്‍
- ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തോടെ വ്യാപാരം തുടങ്ങി
- ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു
രണ്ടു മാസത്തിനു ശേഷം 20,000 എന്ന വൈകാരിക സംഖ്യയിലേക്ക് നിഫ്റ്റി തിരിച്ചെത്തിയിരിക്കുന്നു. ഇതുവരെയുള്ള റെക്കോഡ് ഉയരമായ 20,222.45നെ മറികടക്കാന്‍ വരും ദിവസങ്ങളില്‍ സൂചികയ്ക്ക് സാധിച്ചേക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്നലത്തെ വ്യാപാരത്തില്‍ ബിഎസ്‌ഇ സെൻസെക്‌സ് 728 പോയിന്റ് അഥവാ 1.1 ശതമാനം ഉയർന്ന് 66,902 ലും നിഫ്റ്റി 50 207 പോയിന്റ് അല്ലെങ്കിൽ 1.04 ശതമാനം ഉയർന്ന് 20,097 ലും എത്തി.
രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ച സംബന്ധിച്ച ഡാറ്റ ഇന്ന് പുറത്തിറങ്ങാനിരിക്കെ വിപണികള്‍ക്ക് കഴിഞ്ഞ ദിവസത്തെ ആക്കം നിലനിര്‍ത്താനാകുമോ എന്നതാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
യുഎസിന്‍റെ ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ ആഭ്യന്തര ഉല്‍പ്പാദനം സംബന്ധിച്ച പുതുക്കിയ ഡാറ്റയും പണപ്പെരുപ്പം കുറയുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. ഇത് പലിശ നിരക്ക് കുറയ്ക്കുന്നത് അധികം വൈകിപ്പിക്കാതിരിക്കാന്‍ ഫെഡ് റിസര്‍വിനെ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷ ശക്തമാക്കി. ഇത് യുഎസ് ട്രഷറി ആദായത്തെ താഴോട്ടേക്ക് വലിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ ഓഹരി വിപണി നിക്ഷേപകരെ സംബന്ധിച്ച് ഇത് ശുഭകരമാണ്.
ഇന്ത്യയുടെ രണ്ടാം പാദ ജിഡിപി കണക്കുകള്‍ ഒരു പോസിറ്റിവ് സര്‍പ്രൈസ് ആയിരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത് പറയുന്നത്. വിപണി വിദഗ്ധരുടെ ശരാശരി പ്രതീക്ഷകള്‍ക്കു മുകളിലുള്ള ജിഡിപി ഡാറ്റ പുറത്തുവരുന്നതിനുള്ള സാധ്യതയാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 20,109 ല്‍ കീ റെസിറ്റന്‍സ് കാണാനിടയുണ്ടെന്നാണ്, തുടർന്ന് 20,144ഉം 20,201ഉം. അതേസമയം താഴ്ന്നച്ചയുണ്ടായാല്‍ 19,996 ലും തുടർന്ന് 19,961, 19,904 ലെവലുകളിലും സപ്പോര്‍ട്ട് പ്രതീക്ഷിക്കാം.
ആഗോള വിപണികളില്‍ ഇന്ന്
ബുധനാഴ്ച രാത്രി വ്യാപാരത്തില്‍ യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ ഉയർന്നു. ഡൗ ജോൺസ് ഇന്‍ഡസ്ട്രിയല്‍ ആവറേജുമായി ബന്ധപ്പെട്ട ഫ്യൂച്ചറുകൾ 87 പോയിന്റ് അഥവാ 0.25 ശതമാനം ഉയർന്നു. എസ് & പി 500, നാസ്ഡാക്ക് 100 ഫ്യൂച്ചറുകൾ 0.07 ശതമാനവും 0.16 ശതമാനവും ഉയർന്നു.
അതേസമയം പതിവു വ്യാപാരത്തില്‍ ഡൗവും എസ് & പി 500 ഉം ബുധനാഴ്ചത്തെ വ്യാപാര സെഷൻ ഫ്ലാറ്റ്‌ലൈനിനടുത്ത് അവസാനിപ്പിച്ചു. എങ്കിലും രണ്ട് സൂചികകളും അവയുടെ 2023ലെ റെക്കോഡ് ക്ലോസിംഗ് ഉയരങ്ങളില്‍ നിന്ന് ഏകദേശം 0.5 ശതമാനവും 0.8 ശതമാനവും താഴെ മാത്രമാണ്. ടെക്-ഹെവി നാസ്ഡാക്ക് കോമ്പോസിറ്റ് 0.16 ശതമാനം ഇടിഞ്ഞു, എന്നാൽ 2023ലെ റെക്കോഡ് ക്ലോസിംഗ് ഉയരത്തില്‍ നിന്ന് ഏകദേശം 0.7 ശതമാനം അകലെ മാത്രമാണ് ഇത്.
യൂറോപ്യന്‍ ഓഹരി വിപണികള്‍ പൊതുവില്‍ നേട്ടത്തിലാണ് ഇന്നലത്തെ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്.
ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ സമ്മിശ്ര തലത്തിലാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ജപ്പാനിലെ നിക്കി, ടോപിക്സ്, ദക്ഷിണ കൊറിയയുടെ കോസ്‌പി എന്നിവ ഇടിവിലാണ്. ഓസ്‌ട്രേലിയയുടെ എസ്& പി/എഎസ്എക്സ്, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെംഗ്, ചൈനയുടെ ഷാങ്ഹായ് എന്നിവ നേട്ടം പ്രകടമാക്കുന്നു.
ഗിഫ്റ്റ് നിഫ്റ്റി ഇന്ന് 10 പോയിന്‍റിന്‍റെ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ വിപണി സൂചികകളുടെയും പോസിറ്റിവ് തുടക്കത്തെ ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നു.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
ടാറ്റ ടെക്‌നോളജീസ്: ടാറ്റ മോട്ടോഴ്‌സിന്റെയും ഗ്ലോബൽ എഞ്ചിനീയറിംഗ് സര്‍വീസസ് കമ്പനിയുടെയും സബ്‌സിഡിയറി നവംബർ 30 മുതൽ ബിഎസ്ഇയിലും എൻഎസ്‌ഇയിലും ട്രേഡിംഗിന് ലഭ്യമാകും. ഇഷ്യൂ വില ഒരു ഓഹരിക്ക് 500 രൂപയായി നിശ്ചയിച്ചു.
ഗാന്ധർ ഓയിൽ റിഫൈനറി ഇന്ത്യ: വൈറ്റ് ഓയിൽ നിർമാണ കമ്പനി നവംബർ 30-ന് വിപണിയിൽ അരങ്ങേറ്റം കുറിക്കും. അവസാന ഇഷ്യൂ വില ഒരു ഷെയറൊന്നിന് 169 രൂപയായി നിശ്ചയിച്ചു.
ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ്: ഈ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനം നവംബർ 30 മുതൽ ബിഎസ്ഇയിലും എൻഎസ്ഇയിലും ട്രേഡിംഗ് ആരംഭിക്കാൻ ഒരുങ്ങുന്നു. ഇഷ്യൂ വില ഒരു ഷെയറിന് 140 രൂപയായി നിശ്ചയിച്ചു.
തോമസ് കുക്ക് (ഇന്ത്യ): പ്രൊമോട്ടർമാരായ ഫെയർബ്രിഡ്‍ജ് ക്യാപിറ്റൽ (മൗറീഷ്യസ്) നവംബർ 30, ഡിസംബർ 1 തീയതികളിൽ തോമസ് കുക്കിലെ തങ്ങളുടെ 8.50 ശതമാനം ഓഹരികള്‍ അഥവാ 4 കോടി ഇക്വിറ്റി ഓഹരികള്‍ ഓഫർ ഫോർ സെയിൽ വഴി വിൽക്കുന്നു. ഓഹരി ഒന്നിന് 125 രൂപ എന്നതാണ് ഓഫറിന്‍റെ തറവില.
അൾട്രാടെക് സിമന്‍റ്: ജാർഖണ്ഡിലെ പട്രാട്ടുവിലുള്ള ബേൺപൂർ സിമന്റ്സിന്റെ എംടിപിഎ സിമന്റ് ഗ്രൈൻഡിംഗ് ആസ്തി അള്‍ട്രാടെക് സിമന്റ് 169.79 കോടി രൂപയ്ക്ക് ഏറ്റെടുത്തു.
മാൻ ഇൻഫ്രാ കൺസ്ട്രക്ഷൻ: മുൻഗണനാ അടിസ്ഥാനത്തില്‍ കൺവേർട്ടിബിൾ ഇക്വിറ്റി വാറണ്ടുകൾ ഇഷ്യൂ ചെയ്തുകൊണ്ട് 550 കോടി രൂപയുടെ ധനസമാഹരണത്തിന് മാൻ ഇൻഫ്രാ കൺസ്ട്രക്ഷന് ഡയറക്റ്റര്‍ ബോര്‍ഡ് അംഗീകാരം നൽകി.
കരൂർ വൈശ്യ ബാങ്ക്: എസ്ബിഐ മ്യൂച്വൽ ഫണ്ടിന് കമ്പനിയില്‍ 9.99 ശതമാനം വരെ ഓഹരി പങ്കാളിത്തം നിലനിര്‍ത്താന്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി.
ക്രൂഡ് ഓയിലും സ്വര്‍ണവും
കരിങ്കടലിലെ കൊടുങ്കാറ്റ് മൂലമുണ്ടായ വിതരണ തടസ്സവും താഴ്ന്ന യുഎസ് ഇൻവെന്ററികളും ബുധനാഴ്ച എണ്ണ വില ഉയരുന്നതിന് ഇടയാക്കി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 97 സെൻറ് അഥവാ 1.19 ശതമാനം ഉയർന്ന് ബാരലിന് 82.65 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് അഥവാ ഡബ്ല്യുടിഐ ക്രൂഡ് ഫ്യൂച്ചറുകൾ 1.12 ഡോളർ അഥവാ 1.47 ശതമാനം ഉയർന്ന് ബാരലിന് 77.53 ഡോളറിലെത്തി.
ബുധനാഴ്ച സ്വർണം ആഗോള വിപണിയിലെ ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. അടുത്ത വർഷം ആദ്യ പകുതിയോടെ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചേക്കും എന്ന പ്രതീക്ഷയാണ് പ്രധാനമായും ചാലകശക്തിയായത്. സ്പോട്ട് ഗോൾഡ് 0.1 ശതമാനം ഉയർന്ന് ഔൺസിന് 2,043.58 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.3 ശതമാനം ഉയർന്ന് 2,044.90 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 71.91 കോടി രൂപയുടെ അറ്റവാങ്ങല്‍ ഇന്നലെ ഓഹരികളില്‍ നടത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 2,360.81 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം