17 Dec 2023 10:54 AM GMT
Summary
- 15 വൈഫൈ ഹോട്ട് സ്പോട്ടുകളാണ് ആദ്യ ഘട്ടത്തില്‍ സ്ഥാപിക്കുക
- ക്യു കോംപ്ലക്സ്സുകളിൽ ഇപ്പോള്‍ തന്നെ സൗജന്യ വൈഫെ സേവനം ലഭ്യമാണ്
- ഒരാള്‍ക്ക് അരമണിക്കൂറാണ് സൗജന്യ വൈഫൈ ലഭിക്കുക
ശബരിമയില്‍ ഭക്തര്‍ക്കായി ഉടന്‍ സൗജന്യ വൈഫൈ ലഭ്യമാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ബിഎസ്എന്‍എലുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ സേവനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ 15 വൈഫൈ ഹോട്ട്സ്പോട്ടുകളാണ് സജ്ജമാക്കുക. നടപ്പന്തൽ , തിരുമുറ്റം , സന്നിധാനം , മാളികപ്പുറം , ആഴിയുടെ ഭാഗത്തും മാളികപ്പുറത്തുള്ള അപ്പം- അരവണ കൗണ്ടറുകൾ , മരാമത്ത് കോംപ്ലക്സ് , ആശുപത്രികൾ എന്നിവിടങ്ങളിലാകും ഇത്.
കാനനക്ഷേത്രം എന്ന സാഹചര്യം നിലനില്‍ക്കുമ്പോഴും പരമാവധി സൗകര്യം ഭക്തര്‍ക്കായി ഒരുക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. ഒരാൾക്ക് പരമാവധി അരമണിക്കൂറാണ് സൗജന്യ വൈഫൈ ലഭിക്കുക. നെറ്റ്‌വർക്ക് ദുര്‍ബലമായതിനാല്‍ പലപ്പോഴും അടിയന്തര ഘട്ടങ്ങളില്‍ വീട്ടിലേക്കോ മറ്റോ വിളിക്കാനാകാതെ വിഷമിക്കുന്ന ഭക്തരെ ഇതിലൂടെ സഹായിക്കാനാകും എന്നാണ് കണക്കുകൂട്ടുന്നത്.
അനിയന്ത്രിതമായി തിരക്ക് വരുന്ന സാഹചര്യങ്ങളില്‍ ഭക്തര്‍ക്ക് ദീര്‍ഘ നേരം ദര്‍ശനത്തിനായി കാത്തിരിക്കേണ്ടി വന്നത് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. അഞ്ചു ദിവസത്തെ വലിയ തിരക്കിനു ശേഷം ഇപ്പോള്‍ ഭക്തരെ സുഗമമായി മലയില്‍ എത്തിക്കാനാകുന്നുണ്ട് എന്നാണ് ദേവസ്വവും പൊലീസും വ്യക്തമാക്കുന്നത്.
നിലവിൽ പമ്പ എക്സ്ചേഞ്ച് മുതൽ നീലിമല ,അപ്പാച്ചിമേട് , ശരംകുത്തി , മരക്കൂട്ടം വഴി സന്നിധാനത്തേക്ക് ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ സൗജന്യ വൈഫൈ ലഭ്യമാക്കുന്നത് ബിഎസ്എൻഎല്ലിന് വളരേ വേഗത്തില്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ക്യു കോംപ്ലക്സ്സുകളിൽ ഇപ്പോള്‍ തന്നെ സൗജന്യ വൈഫെ സേവനം ബി എസ് എൻഎൽ നല്‍കുന്നുണ്ട്.