17 Dec 2023 12:30 PM GMT
Summary
- വിദേശ നിക്ഷേപകർ ഈ വർഷം കടവിപണിയില്‍ തിരിച്ചുവരവ് നടത്തി
- എഫ്‍പിഐകള്‍ നെഗറ്റീവ് തലത്തിലാണ് വർഷം ആരംഭിച്ചത്
- കഴിഞ്ഞ വര്‍ഷം എഫ്‍പിഐകള്‍ ഇക്വിറ്റികളില്‍ അറ്റ വില്‍പ്പനക്കാരായിരുന്നു
വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകർ 2023-ൽ ഇതുവരെ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നടത്തിയ അറ്റ നിക്ഷേപം 1.5 ലക്ഷം കോടി രൂപ. ഈ 2024-ലും പോസിറ്റീവ് പ്രവണത തുടരുമെന്ന് വിദഗ്ധർ കരുതുന്നു. തുടർച്ചയായ മൂന്ന് വർഷത്തെ അറ്റ നിക്ഷേപത്തിന് ശേഷം 2022ൽ 1.21 ലക്ഷം കോടി രൂപയുടെ അറ്റ വില്‍പ്പന എഫ്‍പിഐകള്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ രേഖപ്പെടുത്തിയിരുന്നു. ആഗോളതലത്തിൽ കേന്ദ്രബാങ്കുകള്‍ പലിശ നിരക്ക് കുത്തനേ ഉയര്‍ത്തിയതാണ് ഇതിന് കാരണമായത്.
"അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാഷ്ട്രീയ സ്ഥിരതയിലും സാമ്പത്തിക വളർച്ചയിലും വിദേശ നിക്ഷേപകര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ, പണപ്പെരുപ്പവും പലിശ നിരക്കും സംബന്ധിച്ച ആഗോള സൂചനകളും ഇന്ത്യൻ ഇക്വിറ്റികളിലേക്കുള്ള വിദേശ പണത്തിന്റെ ഒഴുക്കിനെ നിർണ്ണയിക്കും," മോണിംഗ്സ്റ്റാർ ഇൻവെസ്റ്റ്‌മെന്റ് റിസർച്ച് ഇന്ത്യയിലെ റിസർച്ച് അസോസിയേറ്റ് ഡയറക്ടർ ഹിമാൻഷു ശ്രീവാസ്തവ പറഞ്ഞു.
പുതിയ റെക്കോഡിലേക്ക്?
നിലവിൽ, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്‍പിഐകള്‍) ഇന്ത്യൻ ഇക്വിറ്റി വിപണികളിൽ ഈ വര്‍ഷം ഏകദേശം 1.5 ലക്ഷം കോടി രൂപയുടെയും ഡെറ്റ് മാർക്കറ്റിൽ 60,000 കോടി രൂപയുടെയും അറ്റ നിക്ഷേപം നടത്തി. ഡിപ്പോസിറ്ററികളിൽ നിന്ന് ലഭ്യമായ കണക്കുകൾ പ്രകാരം അവർ മൊത്തത്തിൽ രണ്ട് ലക്ഷം കോടി രൂപ രാജ്യത്തെ മൂലധന വിപണിയിലേക്ക് ഒഴുക്കി.
ഡിസംബറിലെ ആദ്യ രണ്ടാഴ്‌ചകളിൽ 43,000 കോടി രൂപയ്ക്ക് അടുത്ത് അറ്റ നിക്ഷേപം ഓഹരികളില്‍ എഫ്‍പിഐകള്‍ നടത്തി. നിലവിലെ പ്രവണത തുടരുകയാണെങ്കില്‍ എഫ്‍പിഐകളുടെ ഇക്വിറ്റി നിക്ഷേപത്തിന്‍റെ കാര്യത്തില്‍ ഏറ്റവും മികച്ച വര്‍ഷമായി 2023 മാറിയേക്കാം. ഇതു വരെയുള്ള മികച്ച വര്‍ഷമായ 2020ൽ 1.7 ലക്ഷം കോടി രൂപയുടെ അറ്റനിക്ഷേപം എഫ്‍പിഐകള്‍ നടത്തി. 2019ൽ 1.01 ലക്ഷം കോടി രൂപയുടെയും 2021ല്‍ 25,752 കോടി രൂപയുടെയും അറ്റ നിക്ഷേപമാണ് നടന്നത്.
കടവിപണിയിലും തിരിച്ചുവരവ്
മൂന്ന് വർഷം തുടർച്ചയായി പിൻവലിച്ചതിന് ശേഷം, വിദേശ നിക്ഷേപകർ ഈ വർഷം കടവിപണിയിലും തിരിച്ചുവരവ് നടത്തി, 2023-ൽ (ഡിസംബർ 15 വരെ) ഏകദേശം 60,000 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഡെറ്റുകളില്‍ എഫ്‍പിഐകള്‍ നടത്തിയത്. 2022ൽ 15,910 കോടി രൂപയും 2021ൽ 10,359 കോടി രൂപയും 2020ൽ 1.05 ലക്ഷം കോടി രൂപയും അവർ അറ്റ പിന്‍വലിക്കല്‍ നടത്തി.
സെപ്തംബറിൽ ജെപി മോർഗൻ ചേസ് ആൻഡ് കോ അതിന്റെ ബെഞ്ച്മാർക്ക് എമർജിംഗ് മാർക്കറ്റ് ഇൻഡക്സിൽ ഇന്ത്യൻ ഗവൺമെന്റ് ബോണ്ടുകൾ ചേർക്കുമെന്ന് സെപ്റ്റംബറിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ ബോണ്ട് മാർക്കറ്റുകളിലെ നിക്ഷേപ വരവിനെ സ്വാധീനിച്ചതായി ക്രേവിംഗിന്റെ സ്മോൾകേസ് മാനേജരും പ്രിൻസിപ്പൽ പാർട്ണറുമായ മായങ്ക് മെഹ്റ ചൂണ്ടിക്കാണിക്കുന്നു.
മേഖലകളുടെ കാര്യത്തിൽ സാമ്പത്തികം, ഐടി, ഫാർമ, ഊർജ മേഖലകൾക്ക് എഫ്‍പിഐകള്‍ മുൻഗണന നൽകി.
2023 തുടങ്ങിയത് നെഗറ്റിവായി
എഫ്‍പിഐകള്‍ നെഗറ്റീവ് തലത്തിലാണ് വർഷം ആരംഭിച്ചത്, ആദ്യ രണ്ട് മാസങ്ങളിൽ 34,000 കോടിയിലധികം രൂപയുടെ അറ്റ പിന്‍വലിക്കലാണ് നടന്നത്. പക്ഷേ, എഫ്‌പിഐകൾ മാർച്ചിൽ വാങ്ങുന്നവരായി മാറി. അനിശ്ചിതമായ ആഗോള പശ്ചാത്തലത്തിൽ, വളരുന്ന വിപണികളിലെ ആകര്‍ഷണീയ ഇടമായി അവര്‍ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ വിലയിരുത്തി. ആറുമാസത്തിനിടെ 1.74 ലക്ഷം കോടി രൂപയാണ് അവർ എത്തിച്ചത്.
എന്നിരുന്നാലും, സെപ്റ്റംബറിൽ എഫ്പിഐകൾ ഇക്വിറ്റികളിൽ വില്‍പ്പനയിലേക്ക് നീങ്ങി. യുഎസ്, യൂറോസോൺ മേഖലകളിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളും ആഗോള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകളും കാരണം അടുത്ത മാസവും നെഗറ്റീവ് പ്രവണത തുടർന്നു. കൂടാതെ, ഉയർന്ന ക്രൂഡ് വില, ഉയര്‍ന്ന വിലക്കയറ്റം , പലിശ നിരക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ ഉയർന്ന തലത്തിൽ തുടരുമെന്ന പ്രതീക്ഷ എന്നിവയും വിദേശ നിക്ഷേപകരെ കാത്തിരിപ്പ് സമീപനം സ്വീകരിക്കാൻ പ്രേരിപ്പിച്ചു.
നവംബറിൽ, എഫ്‍പിഐകൾ 9,000 കോടി രൂപയുടെ അറ്റ നിക്ഷേപവുമായി വീണ്ടും വാങ്ങുന്നവരായി മാറി. യുഎസ് ട്രഷറി ആദായത്തില്‍ വന്ന ഇടിവും ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് ഇതിന് കാരണം. ,മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ നയത്തുടര്‍ച്ച ഉണ്ടാകുമെന്ന പ്രതീക്ഷ നല്‍കിയതും തുടര്‍ന്ന് എഫ്‍പിഐ വരവിന് ആത്മവിശ്വാസം കൂട്ടി.