image

12 Nov 2023 10:30 AM GMT

Stock Market Updates

വിറ്റഴിക്കല്‍ തുടര്‍ന്ന് എഫ്‍പിഐകള്‍, നവംബറില്‍ 5,800 കോടി പുറത്തേക്ക്

MyFin Desk

5,800 crore outflows in november by fpi following sell-off
X

Summary

  • കടവിപണിയിലെ വാങ്ങല്‍ തുടര്‍ന്ന് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍
  • ധനകാര്യ മേഖലയില്‍ എഫ്‍പിഐകളുടെ വിറ്റഴിക്കല്‍ തുടരുന്നു
  • വില്‍പ്പന പ്രവണത തുടരാനിടയില്ലെന്ന് വിദഗ്ധര്‍


വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‌പിഐ) ഇന്ത്യന്‍ ഓഹരി വിപണികളിലെ വിറ്റഴിക്കല്‍ തുടരുകയാണ്. ഈ മാസം ഇതുവരെ ഇന്ത്യൻ ഇക്വിറ്റികളിലെ എഫ്‍പിഐകളുടെ അറ്റവില്‍പ്പന 5,800 കോടി രൂപയ്ക്കു മുകളിലെത്തി. ഒക്ടോബറിൽ 24,548 കോടി രൂപയും സെപ്റ്റംബറിൽ 14,767 കോടി രൂപയും എഫ്‍പിഐകള്‍ പുറത്തേക്കൊഴുക്കിയിരുന്നു.

ഇതിന് മുമ്പ്, മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള ആറ് മാസങ്ങളിൽ എഫ്‍പിഐകള്‍ തുടർച്ചയായി ഇന്ത്യൻ ഓഹരികളില്‍ വാങ്ങലുകാരായി തുടരുകയും ഈ കാലയളവിൽ 1.74 ലക്ഷം കോടി രൂപ കൊണ്ടുവരുകയും ചെയ്തു.

യുഎസ് ഫെഡറൽ റിസർവ് സമീപകാല മീറ്റിംഗുകളില്‍ പലിശ നിരക്ക് ഉയര്‍ത്താനുള്ള സാധ്യതകള്‍ വിരളമായതോടെ വില്‍പ്പന പ്രവണത തുടരാനിടയില്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഡിപ്പോസിറ്ററികളിലെ ഡാറ്റ അനുസരിച്ച്, നവംബർ 1-10 കാലയളവിൽ എഫ്പിഐകൾ 5,805 കോടി രൂപയുടെ ഓഹരികൾ വിറ്റു. പശ്ചിമേഷ്യയിലെ യുദ്ധം, യുഎസ് ട്രഷറി ബോണ്ട് യീൽഡിലെ ശ്രദ്ധേയമായ ഉയർച്ച എന്നിവയെല്ലാം എഫ്‍പിഐകളുടെ ഇക്വിറ്റികളിലെ വിറ്റഴിക്കലിന് കാരണമായി. മറുവശത്ത്, അവലോകന കാലയളവിൽ കടവിപണിയില്‍ 6,053 കോടി രൂപയുടെ അറ്റവാങ്ങലാണ് എഫ്‍പിഐകള്‍ നടത്തിയത്. ഒക്ടോബറിൽ 6,381 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് കട വിപണിയില്‍ എഫ്‍പിഐകള്‍ നടത്തിയിരുന്നത്.

ജെപി മോർഗൻ ഗവൺമെന്റ് ബോണ്ട് ഇൻഡക്‌സ് എമർജിംഗ് മാർക്കറ്റ്സ് പട്ടികയില്‍ ഇന്ത്യയുടെ സര്‍ക്കാര്‍ സെക്യൂരിറ്റികളെ ഉൾപ്പെടുത്തിയത് ഇന്ത്യൻ ബോണ്ട് വിപണികളിൽ വിദേശ ഫണ്ട് പങ്കാളിത്തത്തിന് പ്രചോദനമായി. ഇതോടെ, ഈ വർഷം ഇതുവരെ ഇക്വിറ്റിയിലെ എഫ്പിഐകളുടെ അറ്റ നിക്ഷേപം 90,161 കോടി രൂപയിലും ഡെറ്റ് മാർക്കറ്റിലെ അറ്റ നിക്ഷേപം 41,554 കോടി രൂപയിലും എത്തി.

ധനകാര്യ മേഖലയില്‍ എഫ്‍പിഐകളുടെ വിറ്റഴിക്കല്‍ തുടരുകയാണ്. ഇത് ബാങ്കിംഗ് ഓഹരികളുടെ മൂല്യനിര്‍ണയം ആകര്‍ഷകമാക്കുന്നുണ്ട്. "പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി, കഴിഞ്ഞ അഞ്ച് പൊതുതെരഞ്ഞെടുപ്പുകളിൽ സംഭവിച്ചത് പോലെ ഓഹരി വിപണിയിൽ ഒരു റാലി ഉണ്ടാകാൻ സാധ്യതയുണ്ട്. മുൻനിര ബാങ്കിംഗ് ഓഹരികൾക്ക് ആസന്നമായ റാലിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധ്യതയുണ്ട്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.