image

8 Oct 2023 2:53 PM IST

Stock Market Updates

എഫ്‍പിഐ വില്‍പ്പന തുടരുന്നു; ഒക്റ്റോബറില്‍ ഇതുവരെ 8000 കോടിയുടെ അറ്റ വില്‍പ്പന

MyFin Desk

fpi selling continues
X

Summary

  • ആറു മാസത്തെ വാങ്ങലിനു ശേഷം സെപ്റ്റംബറിലാണ് എഫ്‍പിഐകള്‍ വില്‍പ്പനയിലേക്ക് തിരിഞ്ഞത്
  • ധനകാര്യം, ഊർജ്ജം, ഐടി, എണ്ണ, വാതകം എന്നിവയിൽ വാങ്ങലുകാര്‍


ഡോളറിന്റെ മൂല്യം ഉയര്‍ന്നതും യുഎസ് ബോണ്ട് യീൽഡുകളിലെ സ്ഥിരമായ ഉയർച്ചയും കാരണം വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) ഇന്ത്യന്‍ വിപണിയിലെ വിറ്റഴിക്കല്‍ തുടരുകയാണ്. ഒക്ടോബറില്‍ ഇതുവരെ (ഒക്ടോബർ 6 വരെ) 8,000 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് ഇന്ത്യൻ ഓഹരികളില്‍ എഫ്‍പിഐകള്‍ നടത്തിയത്.

സെപ്റ്റംബറിൽ എഫ്‍പിഐകൾ അറ്റ ​​വിൽപ്പനക്കാരായി മാറുകയും 14,767 കോടി രൂപ ഇക്വിറ്റികളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പ്, മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള ആറു മാസങ്ങളില്‍ വാങ്ങലുകാരായി നിലകൊണ്ട് എഫ്‍പിഐകള്‍ ഈ കാലയളവിൽ 1.74 ലക്ഷം കോടി രൂപ കൊണ്ടുവരുകയും ചെയ്തു. ഈ വർഷം എഫ്‍പിഐ ആകർഷിക്കുന്നതിൽ വികസ്വര സമ്പദ്‍വ്യവസ്ഥകളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.

ഉയർന്ന ഡോളറിന്റെയും യുഎസ് ബോണ്ട് യീൽഡുകളുടെയും പശ്ചാത്തലത്തിൽ എഫ്‍പിഐകൾ ഉടൻ തന്നെ വിപണിയിൽ വാങ്ങലിലേക്ക് തിരിയാന്‍ സാധ്യതയില്ലെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

" ഒക്ടോബറിന്റെ ആദ്യ ദിവസങ്ങളിൽ യുഎസ് ബോണ്ട് വിപണിയിൽ ഒരു കറക്ഷന് സാക്ഷ്യം വഹിച്ചു, ഇത് 30 വർഷ ബോണ്ടുകളിലെ ആദായം 5 ശതമാനമായി ചുരുക്കി. എന്നാല്‍ ബെഞ്ച്മാര്‍ക്കായി കണക്കാക്കുന്ന 10 വർഷ ബോണ്ടുകളിലെ ആദായം സ്ഥിരമായി 4.7 ശതമാനത്തിലധികമാണ്, ഇത് വളർന്നുവരുന്ന വിപണികളിലെ വില്‍പ്പനയ്ക്ക് എഫ്‍പിഐകളെ പ്രേരിപ്പിക്കുന്നു,” വിജയകുമാർ പറഞ്ഞു.

യുഎസിലെയും യൂറോസോൺ മേഖലകളിലെയും സാമ്പത്തിക അനിശ്ചിതത്വങ്ങളും ആഗോള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകളുമാണ് നിക്ഷേപങ്ങളുടെ പുറത്തേക്കൊഴുക്കിന് കാരണമെന്ന് മോണിംഗ്സ്റ്റാർ ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടർ - മാനേജർ റിസർച്ച് ഹിമാൻഷു ശ്രീവാസ്തവ പറഞ്ഞു.

കൂടാതെ, ഇന്ത്യയിലെ ക്രമരഹിതമായ മൺസൂണും ഉയര്‍ന്ന പണപ്പെരുപ്പവും ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണെന്നും ഇതും വിദേശ നിക്ഷേപക പരിഗണിക്കുന്നുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവലോകന കാലയളവിൽ എഫ്പിഐകൾ രാജ്യത്തിന്റെ ഡെറ്റ് മാർക്കറ്റിൽ 2,081 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി. ഇതോടെ ഈ വർഷം ഇതുവരെ ഇക്വിറ്റിയിലെ എഫ്പിഐകളുടെ മൊത്തം നിക്ഷേപം 1.12 ലക്ഷം കോടി രൂപയിലും ഡെറ്റുകളിലേത് 31,200 കോടി രൂപയിലും എത്തി.

ധനകാര്യം, ഊർജ്ജം, ഐടി, എണ്ണ, വാതകം എന്നിവയിൽ എഫ്‍പിഐകള്‍ കാര്യമായ വില്‍പ്പന നടത്തിയപ്പോള്‍ മൂലധന ഉല്‍പ്പന്നങ്ങള്‍, ഓട്ടോമൊബൈല്‍, വാഹന ഘടകങ്ങൾ എന്നിവയിൽ വാങ്ങുന്നവരായിരുന്നു.

കൂടാതെ, ധനകാര്യത്തിൽ നിന്നുള്ള രണ്ടാം ത്രൈമാസ ഫലങ്ങൾ, നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്, ഈ വിഭാഗത്തിലെ വിൽപ്പനയിൽ നിന്ന് എഫ്പിഐകളെ തടഞ്ഞേക്കാം, ജിയോജിത്തിന്റെ വിജയകുമാർ പറഞ്ഞു.