7 Jan 2024 7:48 AM
Summary
- ഡെറ്റ് മാർക്കറ്റിൽ 4,000 കോടി രൂപയുടെ നിക്ഷേപം
- എഫ്‍പിഐകള്‍ തിരഞ്ഞെടുപ്പിന് മുമ്പ് ശക്തമായ വാങ്ങല്‍ നടത്തിയേക്കും
- 2023 ലെ മൊത്തം എഫ്‍പിഐ ഒഴുക്ക് ഇക്വിറ്റികളിൽ 1.71 ലക്ഷം കോടി രൂപ
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐകൾ) ആഭ്യന്തര വിപണികളില്‍ തങ്ങളുടെ വാങ്ങൽ കുതിപ്പ് തുടരുകയാണ്. ജനുവരി ആദ്യവാരം ഇന്ത്യൻ ഇക്വിറ്റി വിപണികളിൽ 4,800 കോടി രൂപയുടെ അറ്റ നിക്ഷേപം എഫ്‍പിഐകള്‍ നടത്തി. കൂടാതെ, അവലോകന കാലയളവിൽ അവർ ഡെറ്റ് മാർക്കറ്റിൽ 4,000 കോടി രൂപ നിക്ഷേപിച്ചതായും ഡിപ്പോസിറ്ററികളിലെ ഡാറ്റ കാണിക്കുന്നു.
''2024-ൽ യുഎസ് പലിശനിരക്കിൽ നീണ്ടുനിൽക്കുന്ന കുറവുണ്ടാകുമെന്ന പ്രതീക്ഷയോടെ, എഫ്‌പിഐകൾ അവരുടെ വാങ്ങൽ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും ഇന്തിയിലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുവർഷത്തിന്റെ ആദ്യ മാസങ്ങളിൽ,'' ജിയോജിത് ഫിനാൻഷ്യൽ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
കൃത്യമായ കണക്കില്‍, ഈ മാസം (ജനുവരി 5 വരെ) ഇന്ത്യൻ ഓഹരികളിൽ വിദേശ നിക്ഷേപകർ 4,773 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി. ഡിസംബറിൽ 66,134 കോടി രൂപയും നവംബറിൽ 9,000 കോടി രൂപയും എഫ്‍പിഐകള്‍ എത്തിച്ചിരുന്നു.
"ഇന്ത്യയിലെ ആഭ്യന്തര നിക്ഷേപകരില്‍ നിന്നുള്ള സ്ഥിരതയുള്ള വരവ്, നടപ്പു സാമ്പത്തിക വർഷത്തിലെ അസാധാരണമായ ജിഡിപി വളർച്ച, ശക്തമായ കോർപ്പറേറ്റ് വരുമാനം, നല്ല ബാങ്കിംഗ് ആരോഗ്യം എന്നിവ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നു," സ്മോൾകേസ് മാനേജരും ഫിഡൽ ഫോളിയോയുടെ സ്ഥാപകനുമായ കിസ്ലേ ഉപാധ്യായ പറഞ്ഞു.
2023 ലെ മൊത്തം എഫ്‍പിഐ ഒഴുക്ക് ഇക്വിറ്റികളിൽ 1.71 ലക്ഷം കോടി രൂപയും ഡെറ്റ് മാർക്കറ്റുകളിൽ 68,663 കോടി രൂപയുമാണ്. അതായത് കലണ്ടര്‍ വര്‍ഷത്തില്‍ മൊത്തമായി മൂലധന വിപണിയിലേക്ക് 2.4 ലക്ഷം കോടി രൂപ നിക്ഷേപിച്ചു.
ആഗോളതലത്തിൽ കേന്ദ്ര ബാങ്കുകൾ നടത്തിയ ആക്രമണാത്മക നിരക്ക് വർദ്ധനയെ തുടർന്ന് 2022-ൽ 1.21 ലക്ഷം കോടി രൂപയുടെ അറ്റ പിന്‍വലിക്കലായിരുന്നു മൂലധന വിപണികളില്‍ എഫ്‍പിഐകള്‍ നടത്തിയിരുന്നത്. അതിനു മുമ്പുള്ള മൂന്നു വര്‍ഷങ്ങളില്‍ എഫ്‍പിഐകള്‍ തുടര്‍ച്ചയായി വാങ്ങലുകാരായിരുന്നു.