13 March 2024 5:00 AM GMT
Summary
- എഫ്എംസിജി സൂചിക രണ്ടു ശതമാനത്തോളം ഉയർന്നു
- ഉയർന്നു വന്ന ഐടിസിയിലെ വാങ്ങലും സൂചികകൾക്ക് കരുത്തായി
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഇടിഞ്ഞ് 82.85 ലെത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. ആഗോള വിപണികളിലെ കുതിപ്പും വർധിച്ചു വരുന്ന വിദേശ നിക്ഷേപങ്ങളും വിപണിയെ നേട്ടത്തിലേക്ക് നയിച്ചു. ഉയർന്നു വന്ന ഐടിസിയിലെ വാങ്ങലും സൂചികകൾക്ക് കരുത്തായി. സെൻസെക്‌സ് 384.79 പോയിൻ്റ് ഉയർന്ന് 74,052.75 ലും നിഫ്റ്റി 111.05 പോയിൻ്റ് ഉയർന്ന് 22,446.75 ലുമാണ് വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റിയിൽ ഐടിസി (6.40%), നെസ്‌ലെ (1.83%), ബ്രിട്ടാനിയ ഇൻഡസ്ട്രീസ് (1.45%), ഐസിഐസിഐ ബാങ്ക് (0.98%), കൊട്ടക് മഹീന്ദ്ര ബാങ്ക് (0.92%) എന്നിവ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചപ്പോൾ പവർ ഗ്രിഡ് (-5.10%), എൻടിപിസി (4.66%), കോൾ ഇന്ത്യ (3.59%), അദാനി പോർട്സ് (3.37%), അദാനി എൻ്റർപ്രൈസസ് (3.25%) തുടങ്ങിയ ഓഹരികൾ ഇടിവിലായി.
ഇന്ത്യയിലെ ഐടിസി ലിമിറ്റഡിൻ്റെ 3.5 ശതമാനം വരെ ഓഹരികൾ ഒരു ബ്ലോക്ക് ഡീലിലൂടെ വിൽക്കാൻ പദ്ധതിയിടുന്നതായി ബ്രിട്ടീഷ് കമ്പനിയായ BAT PLC ചൊവ്വാഴ്ച അറിയിച്ചു. ഇതിനെ തുടർന്ന് ആദ്യഘട്ട വ്യാപാരത്തിൽ ഓഹരികൾ ആറ് ശതമാനത്തിലധികം ഉയർന്നു.
സെക്ടറൽ സൂചികയിൽ, ഐടിസി പിൻബലത്തോടെ എഫ്എംസിജി സൂചിക രണ്ടു ശതമാനത്തോളം ഉയർന്നാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി പിഎസ്ഇ സൂചികൾ നാല് ശതമാനത്തോളം ഇടിഞ്ഞു. സ്മാൾ ക്യാപ് ഓഹരികൾ ഇന്നും ഇടിവിലാണ്.
ഏഷ്യൻ വിപണികളിൽ, സിയോളും ഹോങ്കോങ്ങും ഉയർന്ന് തന്നെ വ്യാപാരം തുടരുന്നു. ടോക്കിയോയും ഷാങ്ഹായും ഇടിവിലാണ്.
ചൊവ്വാഴ്ച യുഎസ് വിപണികൾ മികച്ച നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
വിദേശ നിക്ഷേപ സ്ഥാപങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 73.12 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ബ്രെൻ്റ് ക്രൂഡ് 0.50 ശതമാനം ഉയർന്ന് ബാരലിന് 82.33 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.10 ശതമാനം താഴ്ന്ന് 2164.25 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഇടിഞ്ഞ് 82.85 ലെത്തി.
ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന വളർച്ച ജനുവരിയിൽ 3.8 ശതമാനമായി കുറഞ്ഞു, അതേസമയം ഫെബ്രുവരിയിലെ റീട്ടെയിൽ പണപ്പെരുപ്പം 5.09 ശതമാനത്തിൽ തുടർച്ചയായ ആറാം മാസവും റിസർവ് ബാങ്കിൻ്റെ കംഫർട്ട് സോണിൽ തന്നെ തുടർന്നു.
ചൊവ്വാഴ്ച സെൻസെക്സ് 165.32 പോയിൻ്റ് അഥവാ 0.22 ശതമാനം ഉയർന്ന് 73,667.96 ലും നിഫ്റ്റി 3.05 പോയിൻ്റ് അഥവാ 0.01 ശതമാനം ഉയർന്ന് 22,335.70 ലുമാണ് ക്ലോസ് ചെയ്തത്.