21 Dec 2023 2:25 AM GMT
വില്‍പ്പനക്കാരായി എഫ്‍ഐഐ, ചുവപ്പണിഞ്ഞ് ആഗോള വിപണികള്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- മൂന്ന് യുഎസ് വിപണികളും 1 ശതമാനത്തിനു മുകളില്‍ ഇടിഞ്ഞു
- ഡോളര്‍ സൂചികയില്‍ കയറ്റം
- ഗിഫ്റ്റ് നിഫ്റ്റിയിലും തുടക്കം ഇടിവോടെ
വമ്പന്‍ റാലികള്‍ക്കു ശേഷം പ്രതീക്ഷിക്കപ്പെട്ടിരുന്ന വന്‍ പ്രോഫിറ്റ് ബുക്കിംഗിലേക്ക് ഒടുവില്‍ വിപണികളെത്തി. ഇന്നലെ തുടക്ക വ്യാപാരത്തില്‍ പുതിയ സര്‍വകാല ഉയരങ്ങള്‍ കുറിച്ച ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉച്ചയോടെ കുത്തനെ താഴോട്ടു വീഴുകയായിരുന്നു. ബിഎസ്‌ഇ സെൻസെക്‌സ് 931 പോയിന്റ് അല്ലെങ്കിൽ 1.3 ശതമാനം ഇടിഞ്ഞ് 70,506 എന്ന നിലയിലെത്തി, നിഫ്റ്റി-50 303 പോയിന്റ് അല്ലെങ്കിൽ 1.4 ശതമാനം ഇടിഞ്ഞ് 21,150.20ല്‍ എത്തി.
ഇന്നലെ ആഗോള തലത്തിലെ പ്രധാന വിപണികളും ഏഷ്യന്‍ വിപണികളും നേട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ വിപണി വില്‍പ്പനയിലേക്ക് തിരിഞ്ഞത് വിപണി പങ്കാളികളെ അമ്പരിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് ആഗോള വിപണികള്‍ പൊതുവില്‍ ചുവപ്പിലേക്ക് നീങ്ങിയ കാഴ്ചയാണ് കാണാനാകുന്നത്.
യുഎസ് ഡോളര്‍ സൂചിക 0.28 ശതമാനം ഉയര്‍ന്നതും നീണ്ട റാലിക്ക് ശേഷമുള്ള ലാഭമെടുപ്പും അമേരിക്കന്‍ വിപണികളെ താഴോട്ടേക്ക് വലിച്ചു. വ്യാഴാഴ്ചത്തെ വ്യാപാരത്തിന്‍റെ തുടക്കത്തില്‍ ഏഷ്യന്‍ വിപണികളും ഇത് പിന്തുടരുകയാണ്. ഡിസംബറില്‍ യുഎസിലെ ഉപഭോക്തൃ ആത്മവിശ്വാസം അഞ്ച് മാസത്തെ ഉയര്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ഇതും ഫെഡ് റിസര്‍വ് നിരക്കിളവ് സംബന്ധിച്ച പ്രതീക്ഷകളെ മയപ്പെടുത്തി.
നിഫ്റ്റിയുടെ പിന്തുണയും പ്രതിരോധവും
പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,470 ലും തുടർന്ന് 21,589, 21,783 ലെവലുകളിലും പ്രതിരോധം കാണാനിടയുണ്ട് എന്നാണ്. അതേസമയം താഴ്ച്ചയുടെ സാഹചര്യത്തില്‍ 21,084 ലും തുടർന്ന് 20,964, 20,771 ലെവലുകളിലും പിന്തുണ എടുക്കാം.
ആഗോള വിപണികളില്‍ ഇന്ന്
മൂന്ന് പ്രധാന യുഎസ് വിപണികളും ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത് 1 ശതമാനത്തിനു മുകളില്‍ ഇടിവിലാണ്. ഡൗ ജോൺസ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 475.92 പോയിൻറ് അഥവാ 1.27 ശതമാനം ഇടിഞ്ഞ് 37,082 ലും എസ് & പി 500 70.02 പോയിൻറ് അഥവാ 1.47 ശതമാനം നഷ്ടത്തിൽ 4,698.35ലും നാസ്ഡാക്ക് കോമ്പോസിറ്റ് 225.92 പോയിൻറ് അഥവാ 7.91.28 ശതമാനം ഇടിഞ്ഞ് 14,777.94ലും വ്യാപാരം അവസാനിപ്പിച്ചു.
യൂറോപ്യന്‍ വിപണികളും ബുധനാഴ്ച വ്യാപാരം പൊതുവില്‍ ഇടിവിലാണ് അവസാനിപ്പിച്ചത്. ഏഷ്യ പസഫിക് വിപണികള്‍ വ്യാഴാഴ്ചത്തെ വ്യാപാരം പൊതുവില്‍ നഷ്ടത്തിലാണ് തുടങ്ങിയിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ജപ്പാന്‍റെ നിക്കി, ദക്ഷിണ കൊറിയയുടെ കോസ്പി, ചൈനയുടെ ഷാങ്ഹായ് എന്നിവ ഇടിവിലാണ്. അതേസമയം ഹോംഗ്കോംഗിന്‍റെ ഹാങ്സെങ് നേട്ടത്തിലായിരുന്നു.
ഗിഫ്റ്റ് നിഫ്റ്റി 78 പോയിന്‍റ് നഷ്ടത്തോടെയാണ് ഇന്നത്തെ വ്യാപാരം തുടങ്ങിയത്. ബെഞ്ച്മാര്‍ക്ക് സൂചികകളുടെ തുടക്കവും ഇടിവിലാകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
ഐനോക്സ് ഇന്ത്യ (INOXCVA): ഈ ക്രയോജനിക് ടാങ്ക് നിർമാണ കമ്പനിയുടെ ഇക്വിറ്റി ഓഹരികള്‍ ബിഎസ്ഇയിലും എൻഎസ്ഇയിലും ഇന്ന് അരങ്ങേറും. ഓഹരിയൊന്നിന് 660 രൂപയാണ് അവസാന ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത്. ഇഷ്യൂ വിലയേക്കാൾ 75-80 ശതമാനം വരെ ലിസ്റ്റിംഗ് പ്രീമിയം പ്രതീക്ഷിക്കുന്നു.
മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്: ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി (ഐസിജി) ആറ് നെക്സ്റ്റ് ജനറേഷന്‍ ഓഫ്‌ഷോർ പട്രോളിംഗ് വെസലുകള്‍ (എൻജിഒപിവി) നിർമിക്കുന്നതിനുള്ള 1,600 കോടി രൂപയുടെ കരാറിൽ സർക്കാർ ഉടമസ്ഥതയിലുള്ള കപ്പൽ നിർമ്മാണ കമ്പനി ഒപ്പുവച്ചു. .
കൊച്ചിൻ ഷിപ്പ്‌യാർഡ്: പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് പ്രതിരോധ മന്ത്രാലയവുമായി 488.25 കോടി രൂപയുടെ കരാർ ഒപ്പിട്ടു. നാവിക കപ്പലുകളിലെ ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും അറ്റകുറ്റപ്പണികളും പരിപാലനവും ഉള്‍പ്പെടുന്നതാണ് കരാര്‍
അൾട്രാടെക് സിമന്റ്: ക്ലീൻ മാക്‌സ് ടെറയുടെ 26 ശതമാനം ഇക്വിറ്റി ഓഹരികൾ 20.25 കോടി രൂപയ്ക്ക് സ്വന്തമാക്കാനുള്ള ഷെയർ സബ്‌സ്‌ക്രിപ്ഷന്‍ കരാറിലും ഷെയർഹോൾഡേര്‍സ് കരാറിലും കമ്പനി ഒപ്പുവച്ചു. ക്ലീൻ മാക്സ് ടെറ പുനരുപയോഗ ഊർജത്തിന്റെ ഉൽപ്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ്.
ഐസിഐസിഐ ബാങ്ക്: സന്ദീപ് ബത്രയെ 2023 ഡിസംബർ 23 മുതൽ 2025 ഡിസംബർ 22 വരെ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പുനർനിയമിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നൽകി. ഓഹരി ഉടമകള്‍ മുമ്പ് അംഗീകരിച്ച അഞ്ച് വർഷത്തെ കാലാവധിക്കുള്ളില്‍ ഉള്‍പ്പെട്ടതാണ് ഈ രണ്ട് വര്‍ഷം.
കരൂർ വൈശ്യ ബാങ്ക്: ആഭ്യന്തര വിജിലൻസ് മേധാവി രാജേഷ് ഇ ടി-യെ ഇൻസ്പെക്ഷൻ ആൻഡ് ഓഡിറ്റ് വകുപ്പിലേക്ക് മാറ്റി. വകുപ്പിന്‍റെ സോഫ്‌റ്റ്‌വെയർ ആപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടിയാണിത്. ആഭ്യന്തര വിജിലൻസ് മേധാവിയായി അജിൻ രാജ് ചുമതലയേൽക്കും. കൂടാതെ, ഒരു മർച്ചന്റ് ബാങ്കർ എന്ന നിലയിലുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സറണ്ടർ ചെയ്യാൻ ബാങ്ക് തീരുമാനിച്ചു.
ക്രൂഡ് ഓയില്‍ വില
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളെ കുറിച്ച് നിക്ഷേപകർ ആശങ്കാകുലരായതിനാൽ ബുധനാഴ്ചത്തെ വ്യാപാര സെഷനുശേഷം എണ്ണവില അൽപ്പം ഉയർന്നു
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 47 സെൻറ് അഥവാ 0.6 ശതമാനം ഉയർന്ന് ബാരലിന് 79.70 ഡോളറിലും യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 28 സെൻറ് അഥവാ 0.4 ശതമാനം ഉയർന്ന് ബാരലിന് 74.22 ഡോളറിലും എത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ബുധനാഴ്ച ഓഹരികളില്‍ 1,322.08 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 4,754.34 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തിയതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
ഓഹരി വിപണി വാര്‍ത്തകള്‍ അറിയാന്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം