image

12 Jan 2024 2:30 AM GMT

Stock Market Updates

ഫെഡ് നിരക്കിളവ് വൈകും, നിരാശപ്പെടുത്തി ഐടി പ്രമുഖര്‍ ; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

Stock Market|Trade
X

Summary

  • ടിസിഎസിന്‍റെയും ഇന്‍ഫോസിസിന്‍റെയും റിസള്‍ട്ടുകളില്‍ നിരാശ
  • ഡിസംബറിലെ യുഎസ് വിലക്കയറ്റം പ്രതീക്ഷിച്ചതിനും മുകളില്‍
  • ഏഷ്യ പസഫിക് വിപണികളിലെ വ്യാപാരം സമ്മിശ്ര തലത്തില്‍


ആഭ്യന്തര ബെഞ്ച് മാര്‍ക്ക് സൂചികള്‍ കണ്‍സോളിഡേഷനില്‍ തുടരുകയാണെങ്കിലും തുടര്‍ച്ചായ മൂന്നാം ദിനത്തിലും നേട്ടം രോഖപ്പെടുത്തിക്കൊണ്ടാണ് ഇന്നലെ വ്യാപാര സെഷന്‍ അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്‌സ് 63.5 പോയിന്റ് ഉയർന്ന് 71,721ലും നിഫ്റ്റി 28.5 പോയിന്റ് ഉയർന്ന് 21,647ലും എത്തി. ഓപ്പണിംഗ് ലെവലുകളേക്കാൾ താഴ്ന്നായിരുന്നു ക്ലോസിംഗ് എന്നതിനാല്‍ പ്രതിദിന ചാർട്ടുകളിൽ ബെയറിഷ് മെഴുകുതിരി പാറ്റേൺ രൂപപ്പെട്ടു.

ഇന്നലെ വ്യാപാര മണിക്കൂറുകള്‍ക്ക് ശേഷം പുറത്തുവന്ന ഐടി പ്രമുഖരുടെ റിസള്‍ട്ടുകളോടുള്ള പ്രതികരണം ഇന്ന് വിപണിയില്‍ കാണാം. ഐടി മേഖലയില്‍ പൊതുവേ നിരാശജനകമായ ഫലങ്ങളാകും മൂന്നാം പാദ നല്‍കുക എന്ന് നേരത്തേ തന്നെ വിലയിരുത്തപ്പെട്ടിരുന്നുവെങ്കിലും ടിസിഎസിന് ലക്ഷ്യമിട്ട ഓര്‍ഡര്‍ വലുപ്പം നേടാനാകാതെ പോയതും ഇന്‍ഫോസിസ് അറ്റാദായത്തില്‍ ഇടിവ് രേഖപ്പെടുത്തിയതും നിക്ഷേപകരെ നിരാശപ്പെടുത്തും.

ടിസിഎസിന്‍റെയും ഇന്‍ഫോസിസിന്‍റെയും റിസള്‍ട്ട്

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്‍റെ (ടിസിഎസ്) മൂന്നാം പാദത്തിലെ ഡീലുകളുടെ മൊത്തം കരാർ മൂല്യം (ടിസിവി) 8.1 ബില്യൺ ഡോളറാണ്, കമ്പനി ലക്ഷ്യം വെച്ചിരുന്നത് 9-10 ബില്യൺ ഡോളര്‍ ഡീലുകളാണ്.

ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ്, ഇൻഷുറൻസ് (ബിഎഫ്‌എസ്‌ഐ) തുടങ്ങിയ പ്രധാന മേഖലകളിലെ ഇടപാടുകള്‍ കുറഞ്ഞതും മൊത്തത്തിലുള്ള വിപണി വികാരം മാറാത്തതും ഈ പാദത്തിൽ മെഗാ ഡീലുകളൊന്നും സാധ്യമാകാതിരുന്നതും ആണ് ലക്ഷ്യം എത്താതിരിക്കാന്‍ കാരണമായത്. ആഗോള തലത്തില്‍ അവധിക്കാലം വരുന്നതിനാല്‍ മൂന്നാം പാദം ഐടി കമ്പനികളെ സംബന്ധിച്ചിടത്തോളം പൊതുവേ ദുര്‍ബലമായിരിക്കും. രണ്ടാം പാദത്തില്‍ 11 .2 ബില്യണ്‍ ഡോളറിന്‍റെ ഡീലുകളാണ് ടിസിഎസിന് ലഭിച്ചിരുന്നത്.

ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 11,058 കോടി രൂപ അറ്റാദായം നേടി. 2022 ഡിസംബര്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഡിസംബറില്‍ 2 ശതമാനത്തിന്റെ നേട്ടമാണു ടിസിഎസ് നേടിയത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവന കമ്പനിയായ ഇന്‍ഫോസിസിന്‍റെ മൂന്നാം പാദത്തിലെ അറ്റാദായം 7.3 ശതമാനം വാർഷിക ഇടിവോടെ 6,106 കോടി രൂപയായി.

യുഎസ് വിലക്കയറ്റം കണക്കുകൂട്ടലിനും മുകളില്‍

ഡിസംബറില്‍ യുഎസിന്‍റെ ഉപഭോക്തൃ വില പണപ്പെരുപ്പം 3.4 ശതമാനത്തിലേക്ക് ഉയര്‍ന്നു. നവംബറിലെ 3.1 ശതമാനത്തില്‍ നിന്ന് 3 .2 ശതമാനത്തിലേക്കുള്ള വളര്‍ച്ചയാണ് അനലിസ്റ്റുകളിലേറെയും പ്രവചിച്ചിരുന്നത്. മുഖ്യ പണപ്പെരുപ്പവും അനലിസ്റ്റുകളുടെ പ്രതീക്ഷയ്ക്കു മുകളിലാണ്. ഇതോടെ ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നത് ആസന്നമാണെന്ന പ്രതീക്ഷകള്‍ അസ്ഥാനത്തായി.

വിലക്കയറ്റം 2 ശതമാനത്തിന് അടുത്തേക്ക് എത്താതെ നിരക്കിളവിലേക്ക് പോകില്ലെന്ന് ഫെഡ് റിസര്‍വ് വ്യക്തമാക്കിയിട്ടുണ്ട്. പലിശ നിരക്കിളവ് സംബന്ധിച്ച പ്രതീക്ഷ മങ്ങിയത് ഇന്ന് ആഗോള വിപണികളില്‍ പ്രതിഫലിക്കും.

ആഗോള വിപണികളില്‍ ഇന്ന്

പണപ്പെരുപ്പ കണക്കുകള്‍ വരുന്നതിന് മുന്നോടിയായി വ്യാഴാഴ്ചത്തെ വ്യാപാര സെഷനില്‍ യുഎസ് നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തി. ഡൗ ജോണ്‍സ് ഇന്‍റസ്ട്രിയല്‍ ആവറേജ് 0.07 ശതമാനം നേട്ടത്തിലും എസ് & പി 500 0.4 ശതമാനം നഷ്ടത്തിലും അവസാനിച്ചു. ടെക്-ഹെവി നാസ്ഡാക്ക് കോമ്പോസിറ്റ് ഫ്ലാറ്റ് ലൈനിൽ തന്നെ നിന്നു.

യൂറോപ്യന്‍ വിപണികള്‍ പൊതുവില്‍ നഷ്ടത്തിലാണ് വ്യാഴാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യ പസഫിക് വിപണികളില്‍ സമ്മിശ്ര തലത്തിലാണ് വെള്ളിയാഴ്ചത്തെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ചൈനയുടെ ഷാങ്ഹായ്, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ്, ജപ്പാന്‍റെ നിക്കി എന്നിവ പച്ചയിലാണ്. ഓസ്ട്രേലിയ എഎസ്എക്സ്, ദക്ഷിണ കൊറിയയുടെ കോസ്പി എന്നിവ ഇടിവിലാണ്. വിപണികളില്‍ ചാഞ്ചാട്ട പ്രവണതയും കാണാനാകുന്നു.

ഗിഫ്റ്റ് നിഫ്റ്റി 21 പോയിന്‍റ് നേട്ടത്തോടെയാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ബെഞ്ച്മാര്‍ക്ക് സൂചികകളുടെ തുടക്കം പൊസിറ്റിവ് ആകാമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,659ലും തുടർന്ന് 21,738ലും 21,789ലും പ്രതിരോധം കാണാമെന്നാണ്. അതേസമയം താഴ്ചയുടെ സാഹചര്യത്തില്‍ 21,605 ലും തുടർന്ന് 21,574ലും 21,523ലും പിന്തുണ എടുക്കാം.

ഇന്ന് ശ്രദ്ധ നേടുന്ന കമ്പനികള്‍

ടാറ്റ കൺസൾട്ടൻസി സർവീസസ്: ഡിസംബറിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 8.2 ശതമാനം വാര്‍ഷിക വര്‍ധനയോടെ 11,735 കോടി രൂപയായും വരുമാനം 4 ശതമാനം വർധനയോടെ 60,583 കോടി രൂപയായും മാറി. സ്ഥിരമായ കറൻസിയിൽ വരുമാന വളർച്ച 1.7 ശതമാനമാണ്.

ഇൻഫോസിസ്: മൂന്നാം പാദത്തിൽ അറ്റാദായം 1.7 ശതമാനം ഇടിഞ്ഞ് 6,106 കോടി രൂപയിലും വരുമാനം 0.4 ശതമാനം ഇടിഞ്ഞ് 38,821 കോടി രൂപയിലുമെത്തി. കമ്പനി മുഴുവൻ വർഷത്തെ വരുമാന വളർച്ചാ മാർഗ്ഗനിർദ്ദേശം മുന്‍പു നിശ്ചയിച്ചിരുന്ന 1-2.5 ശതമാനത്തിൽ നിന്ന് പുതുക്കി 1.5-2 ശതമാനമാക്കി.

ടാറ്റ പവർ കമ്പനി: ഉപകമ്പനിയായ ടാറ്റ പവർ റിന്യൂവബിൾ എനർജി ഗുജറാത്തിലെ ഒന്നിലധികം സൈറ്റുകളിലായി 10,000 മെഗാവാട്ട് പുനരുപയോഗ ഊർജ പദ്ധതികൾ വികസിപ്പിക്കുന്നതിന് ഗുജറാത്ത് ഗവൺമെന്റുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.

എഫ്‌എസ്‌എൻ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ്: വിദേശ നിക്ഷേപകരായ ലെക്‌സ്‌ഡേൽ ഇന്റർനാഷണൽ ഒരു ബ്ലോക്ക് ഡീൽ വഴി നൈകയുടെ 2.62 കോടി ഓഹരികൾ വിൽക്കാൻ സാധ്യതയുണ്ടെന്ന് സിഎൻബിസി-ആവാസ് റിപ്പോർട്ട് ചെയ്തു. മൊത്തം ബ്ലോക്ക് ഡീൽ മൂല്യം 490 കോടി രൂപയാകുമെന്നാണ് സൂചന.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ: മുംബൈയിലെ ആദായ നികുതി അധികാരികളിൽ നിന്ന് കോർപ്പറേഷന് 3,528.75 കോടി രൂപയുടെ ഡിമാൻഡ് ഓർഡറുകൾ ലഭിച്ചു. പ്രസ്തുത ഉത്തരവുകൾക്കെതിരെ എൽഐസി അപ്പീൽ നൽകും.

എച്ച്‌ജി ഇൻഫ്രാ എഞ്ചിനീയറിംഗ്: 716.11 കോടി രൂപയുടെ പദ്ധതിക്കായി കമ്പനിയെ സെൻട്രൽ റെയിൽവേ എൽ-എൽ ബിഡറായി പ്രഖ്യാപിച്ചു.

ബജെൽ പ്രോജക്റ്റ്‍സ്: ഉത്തർപ്രദേശിലെ ജിഐഎസ് സബ്‌സ്റ്റേഷനുകളുടെ പ്രൊജക്റ്റ്, എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം, ട്രാൻസ്മിഷൻ ലൈനുകളുടെ കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കായി പ്ലാന്റ്, ഇൻസ്റ്റലേഷൻ സേവനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള എല്‍ഒഐ ടാറ്റ പവർ കമ്പനിയിൽ നിന്ന് ബജെല്‍ പ്രൊജക്റ്റ്‍സിന് ലഭിച്ചു. മൊത്തം 487.64 കോടി രൂപയുടെ പദ്ധതിയാണിത്.

ക്രൂഡ് ഓയിലും സ്വര്‍ണവും

ഒമാൻ തീരത്ത് ഇറാൻ ഒരു എണ്ണക്കപ്പൽ തടഞ്ഞതിനെ തുടർന്ന് വ്യാഴാഴ്ച എണ്ണവില ഏകദേശം 1 ശതമാനം ഉയർന്നു. ഫെബ്രുവരിയിലെ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ഫ്യൂച്ചേഴ്സ് കരാർ 65 സെൻറ് അഥവാ 0.91% ഉയർന്ന് ബാരലിന് 72.02 ഡോളറായി. മാർച്ചിലെ ബ്രെന്റ് ഫ്യൂച്ചേഴ്സ് കരാർ 61 സെൻറ് അഥവാ .79% ഉയർന്ന് ബാരലിന് 77.41 ഡോളറായി.

യുഎസില്‍ പ്രതീക്ഷിച്ചതിലും വലിയ പണപ്പെരുപ്പ കണക്കുകൾക്കു വന്നതിനു ശേഷം ഡോളർ ഉയർന്നതോടെ സ്വർണവില വ്യാഴാഴ്ച ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. സ്‌പോട്ട് ഗോൾഡ് 0.1% കുറഞ്ഞ് ഔൺസിന് 2,024.99 ഡോളറിലെത്തി, യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.4% കുറഞ്ഞ് 2019.20 ഡോളറായി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ഇന്നലെ ഓഹരികളില്‍ 865 കോടി രൂപയുടെ അറ്റ വില്‍പ്പന നടത്തിയപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 1,607.08 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എൻഎസ്ഇയിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

ഓഹരി വിപണി വാര്‍ത്തകള്‍ അറിയാന്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം