27 Aug 2024 11:45 AM GMT
Summary
- നിഫ്റ്റി എഫ്എംസിജി സൂചിക ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചു
- ഓഹരികളിൽ ലാഭമെടുപ്പ് തുടങ്ങിയതും വിപണിയെ വലച്ചു
- തുടർച്ചയായ ഒമ്പതാം ദിവസവും നേട്ടത്തിലെത്തി നിഫ്റ്റി
അസ്ഥിരമായ സെഷനുശേഷം ആഭ്യന്തര വിപണി ഫ്ലാറ്റായാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി, മെറ്റൽ ഓഹരികളിലെ ഇടിവ് വിപണിയെ ബാധിച്ചു. മിഡിൽ ഈസ്റ്റിലെയും ഉക്രെയ്‌നിലെയും വർദ്ധിച്ചുവരുന്ന ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങൾ കണക്കിലെടുത്ത് ആഗോള വിപണികളിൽ ദുർബലമായ വ്യാപാരം കണ്ടു. ഓഹരികളിൽ ലാഭമെടുപ്പ് തുടങ്ങിയതും വിപണിയെ വലച്ചു.
തുടർച്ചയായ ആറാം സെഷനിലും ഉയർന്ന സെൻസെക്സ് 13.65 പോയിൻ്റ് അഥവാ 0.02 ശതമാനം ഉയർന്ന് 81,711.76 ൽ ക്ലോസ് ചെയ്തു. തുടർച്ചയായ ഒമ്പതാം ദിവസവും നേട്ടത്തിലെത്തിയ നിഫ്റ്റി 7.15 പോയിൻ്റ് അഥവാ 0.03 ശതമാനം ഉയർന്ന് 25,017.75 ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്.
എൽ ആൻഡ് ടി, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, മാരുതി സുസുക്കി, ബജാജ് ഫിൻസെർവ്, എച്ച്‌ഡിഎഫ്‌സി ലൈഫ് എന്നീ ഓഹരികൾ നിഫ്റ്റിയിൽ നേട്ടത്തോടെ ക്ലോസ് ചെയ്തു. എച്ച്‌യുഎൽ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ടൈറ്റൻ കമ്പനി, ടാറ്റ മോട്ടോഴ്‌സ്, എൻടിപിസി എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെക്ടറിൽ സൂചികകൾ
ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, യുണൈറ്റഡ് സ്പിരിറ്റ്‌സ്, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞതോടെ നിഫ്റ്റി എഫ്എംസിജി സൂചിക ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചു. മുൻ സെഷനുകളിലെ റാലിക്ക് ശേഷം നിഫ്റ്റി മെറ്റലും ലാഭമെടുപ്പിന് വിധേയമായി. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ ഇന്നത്തെ സെഷനിൽ ഇടിഞ്ഞു. നിഫ്റ്റി എനർജിയും ഒരു ശതമാനം താഴ്ന്നു.
ഫാർമ, ഹെൽത്ത് കെയർ സൂചികകൾ നേട്ടമുണ്ടാക്കി. സൺ ഫാർമ, ലുപിൻ, ദിവിസ് ലബോറട്ടറീസ് തുടങ്ങിയ ഫാർമ ഓഹരികൾ കുതിച്ചതോടെ സൂചിക പച്ചയിൽ ക്ലോസ് ചെയ്തു. സ്വകാര്യമേഖലയിലെ വായ്പാ ദാതാക്കളാണ് നിഫ്റ്റി ബാങ്കിനെ കുതിച്ചുയരാൻ സഹായിച്ചത്. ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുടെ നേട്ടമാണ് റാലിക്ക് പ്രധാന കരണമായത്.
ആഗോള വിപണി
ഏഷ്യൻ വിപണികളിൽ, ടോക്കിയോയും ഹോങ്കോങ്ങും നേട്ടത്തോടെ ക്ലോസ് ചെയ്തു. സിയോൾ, ഷാങ്ഹായ് എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്. യൂറോപ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് അവസാനിച്ചത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 483.36 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.84 ശതമാനം ഇടിഞ്ഞ് ബാരലിന് 80.75 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.34 ശതമാനം താഴ്ന്ന് 2545 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഇടിഞ്ഞ് 83.92 ലെത്തി.