image

26 Oct 2023 6:41 AM GMT

World

ഫേസ്ബുക്ക് ചൈനയിലില്ല; പക്ഷേ ഫേസ്ബുക്കിന്‍റെ വരുമാനത്തില്‍ വലിയ പങ്ക് ചൈനയില്‍ നിന്ന്

MyFin Desk

facebook is not in china, but large share of facebooks revenue comes from china
X

Summary

  • ബ്രസീലിലെ ഉപയോക്താക്കളെ ചൈനീസ് കമ്പനികള്‍ കൂടുതലായി ലക്ഷ്യംവെക്കുന്നു
  • 2009 മുതല്‍ ഫേസ്ബുക്കിന് ചൈനയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്


മെറ്റയുടെ ഫേസ്ബുക്ക് പ്ലാറ്റ്‍ഫോമിന് ചൈന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്, എങ്കിലും ഫേസ്ബുക്കിന്‍റെ വരുമാനത്തില്‍ ഇപ്പോഴും ഗണ്യമായ സംഭാവനയാണ് ചൈനീസ് കമ്പനികള്‍ നല്‍കുന്നത്. 2023 മൂന്നാം പാദത്തിലെ പ്രകടനം സംബന്ധിച്ച് മെറ്റ പുറത്തുവിട്ട റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നു. വിൽപ്പനയില്‍ 23 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാനായതായി മെറ്റ പറഞ്ഞു.

രണ്ടാം പാദത്തിൽ ചൈനീസ് കമ്പനികൾ വളര്‍ച്ചയില്‍ ഒരു പ്രധാന പങ്ക് വഹിച്ചതായി വിശകലന വിദഗ്ധരോട് സംസാരിക്കവെ മെറ്റയുടെ ഫിനാൻസ് മേധാവി സൂസൻ ലി പറഞ്ഞു. ഇ-കൊമേഴ്സ്, ഗെയിമിംഗ് എന്നീ മേഖലകളിലെ ചൈനീസ് കമ്പനികള്‍ മറ്റ് വിപണികളിലെ ഉപയോക്താക്കളെ സ്വന്തമാക്കുന്നതിനായി ഡിജിറ്റല്‍ പരസ്യങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. വിവിധ വിഭാഗങ്ങളിലുള്ള ഉപഭോക്താക്കളെ ടാര്‍ഗറ്റ് ചെയ്തുള്ള പരസ്യം നല്‍കുന്നതിന് ചൈനീസ് കമ്പനികൾ മെറ്റയുടെ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയിൽ വലിയ പണം ചെലവഴിക്കുന്നു.

റെസ്‍റ്റ് ഓഫ് ദ വേള്‍ഡ് എന്ന് ഫേസ്ബുക്ക് തരംതിരിച്ചിട്ടുള്ള പ്രദേശങ്ങളാണ് 36 ശതമാനം എന്ന ഏറ്റവും ശക്തമായ വളര്‍ച്ച പ്രകടമാക്കിയത്. യൂറോപ്പ് 35%, ഏഷ്യ-പസഫിക് 19%, വടക്കേ അമേരിക്ക 17% എന്നിങ്ങനെയാണ് മറ്റ് മേഖലകളില്‍ നിന്നുള്ള വളര്‍ച്ച. ബ്രസീലിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ചൈനയിലെ പരസ്യദാതാക്കളിൽ നിന്നുള്ള ആവശ്യകത ഉയര്‍ന്നുവെന്നും ലി വിശദീകരിച്ചു. 2009 മുതലാണ് ഫേസ്ബുക്കിനും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങള്‍ക്കും ചൈനയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.