13 May 2024 2:00 AM GMT
Summary
- ഗിഫ്റ്റ് നിഫ്റ്റി നേരിയ തോതില്‍ മെച്ചപ്പെട്ടാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്
- യുഎസ് വിപണി സമ്മിശ്രമായാണ് കഴിഞ്ഞ വാരത്തില്‍ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്
- ഏഷ്യന്‍ വിപണികള്‍ തുറന്നിട്ടുള്ളത് സമ്മിശ്രമായാണ്
മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യന്‍ ഓഹരി വിപണിയുടെ ബഞ്ച് മാര്‍ക്ക് സൂചികകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ താഴേയ്ക്കായിരുന്നു. ബെയറീഷ് മനോഭാവമാണ് ഇക്കഴിഞ്ഞ വാരത്തില്‍ വിപണിയില്‍ പൊതുവേ നില്‍നിന്നിരുന്നത്.
മേയ് പത്തിന് അവസാനിച്ച വാരത്തില്‍ നിഫ്റ്റി സൂചിക മുന്‍വാരത്തിലെ 22475.85 പോയിന്റിനേക്കാള്‍ 420 പോയിന്റ് കുറഞ്ഞ് 22055.2പോയിന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഒരവസരത്തില്‍ 21932 വരെ താഴുന്നുവെന്നു മാത്രമല്ല, 22000 പോയിന്റിനു താഴെ ( 21957.5 പോയിന്റ്) ക്ലോസു ചെയ്യുകയും ചെയ്തു. പിന്നീട് അവസാന ദിവസ വ്യാപാരത്തിലാണ് 22200 പോയിന്റിന് തൊട്ടുമുകളില്‍ ക്ലോസ് ചെയ്തത്.
ബിഎസ് സി സെന്‍സെക്‌സ് സൂചിക 72664.47 പോയിന്റിലാണ് ക്ലോസ് ചെയ്തത്. തലേവാരത്തിലെ ക്ലോസിംഗിനേക്കാള്‍ 847.38 പോയിന്റ് കുറവാണിത്.
ആഗോളതലത്തില്‍ എല്ലാ വിപണികളും തന്നെ മെച്ചപ്പെട്ടു ക്ലോസ് ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ വിപണിയുടെ മോശം പ്രകടനം.
തെരഞ്ഞെടുപ്പ് ഗതി നിര്‍ണയിക്കും
വിപണിയുടെ ഗതി നിര്‍ണായിക്കുക ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. ആഗോള വിപണികളോ ക്രൂഡോയില്‍ വിലയോ പണപ്പെരുപ്പമോ സാമ്പത്തിക വളര്‍ച്ചയോ ഒന്നും വിപണിയെ അടുത്ത ഒരു മാസക്കാലത്ത് സ്വാധീനിക്കുകയില്ല. തെരഞ്ഞെടുപ്പു പുരോഗതിയും ഫലവും പുതിയ സര്‍ക്കാരുമാണ് വിപണിയുടെ ഭാവി നീക്കത്തിനു ഗതി നല്‍കുക.
നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് ( മേയ് 13) നടക്കുകയാണ്. തെലുങ്കാന (17), ആന്ധ്ര (25), മഹാരാഷ്ട്ര (11), യുപി (13 സീറ്റ്) ഉള്‍പ്പെടെ പത്തു സംസ്ഥാനങ്ങളിലായി 96 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇതോടെ 381 സീറ്റുകളിലേക്കു വോട്ടെടുപ്പു പൂർത്തിയാകും. അടുത്ത ഘട്ടം മേയ് 20-ന് ആണ്.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
വിപണിയില്‍ ഓരോ ദിവസവും പുതിയ പുതിയ റെസിസ്റ്റന്‍സുകള്‍ സൃഷ്ടിക്കപ്പെടുകയാണ്. ഇന്നു വിപണി തുറക്കുമ്പോള്‍ മെച്ചപ്പടുകയാണെങ്കില്‍ ആദ്യത്തെ കടമ്പ 22200 പോയിന്റാണ്.
നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം 22300 പോയിന്റ് ശക്തമായ റെസിസ്റ്റന്‍സ് ആയി മാറിയിരിക്കുന്നു. തുടര്‍ന്ന് 22500-22600-ഉം മറികടക്കാന്‍ വളരെ പ്രയത്‌നം വേണ്ടി വരും.22800 പോയിന്റില്‍ ശക്തമായ റെസിസ്റ്റന്‍സ് ആണുള്ളത്.
ഇന്നു വിപണി താഴേയ്ക്കു നീങ്ങിയാല്‍ കഴിഞ്ഞയാഴ്ച സൃഷ്ടിച്ച 21930-21950 തലത്തില്‍ പിന്തുണ കിട്ടും. നിഫ്റ്റി 21900 പോയിന്റിനു താഴേയ്ക്കു നീങ്ങിയാല്‍ 21777 പോയിന്റിലേക്കു താഴാനാണ് സാധ്യത. ഇവിടെ വിപണിക്ക് മികച്ച പിന്തുണയുണ്ട്. പല തവണ ഈ തലത്തില്‍ നിന്നും നിഫ്റ്റി തിരിച്ചുവരവു നടത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ 21700-22300 റേഞ്ചില്‍ വിപണി നീങ്ങുവാനാണ് സാധ്യത.
21777 പോയിന്റിനു താഴേയ്ക്കു നീങ്ങിയാല്‍ വിപണിയെ അതു പരിഭ്രാന്തിയിലാഴ്ത്തിയേക്കും.
നിഫ്റ്റിയുടെ പ്രതിദിന ആര്‍എസ്‌ഐ ന്യൂട്രല്‍ ആണ്. മേയ് പത്തിലെ അവസാന ക്ലോസിംഗ് ദിനത്തില്‍ ഇത് 41.45 ആയിരുന്നു. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുത്.
ഗിഫ്റ്റ് നിഫ്റ്റി
നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ നേരിയ തോതില്‍ മെച്ചപ്പെട്ടാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 33 പോയിന്റ് മെച്ചപ്പെട്ട് നില്‍ക്കുകയാണ്. ഇന്ത്യന്‍ ഓഹരികള്‍ ഇന്നലത്തെ ക്ലോസിംഗിനേക്കാള്‍ അല്‍പ്പം മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്യാനുള്ള പ്രവണതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.
ഇന്ത്യ വിക്‌സ്
ഓരോ ഘട്ടം തെരഞ്ഞെടുപ്പു കഴിയുമ്പോഴും വിപണിയുടെ ചാഞ്ചാട്ടം വര്‍ധിക്കുകയാണ്. വിപണിയുടെ ഭയം അല്ലെങ്കില്‍ അസ്ഥിര പ്രതിഫലിപ്പിക്കുന്ന ഇന്ത്യ വിക്‌സ് കഴിഞ്ഞ 12 പത്തുദിവസത്തിനുള്ളില്‍ 81 ശതമാനം ഉയര്‍ന്ന് 18.47-ലെത്തി. കഴിഞ്ഞ വാരത്തില്‍ മാത്രം 26 ശതമാനം വര്‍ധിച്ചു. ബുള്ളുകള്‍ക്ക് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
തെരഞ്ഞെടുപ്പു സമയത്ത് വിപണിയില്‍ ഇതു സ്വാഭാവികമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ബിജെപിയുടെ ഭൂരിപക്ഷം കുറയുമെന്ന വിലയിരുത്തലാണ് വിപണിയിലെ വന്‍ചാഞ്ചാട്ടത്തിനു കാരണമായിട്ടുള്ളത്. നാലാം ഘട്ട പ്രചരണം അവസാനിച്ചപ്പോഴും വിപണിയുടെ പ്രതീക്ഷ മോദി സര്‍ക്കാര്‍ കുറഞ്ഞ സീറ്റുകളോടെയാണെങ്കിലും അധികാരത്തില്‍ തിരിച്ചുവരുമെന്നാണ്. വരും ദിവസങ്ങളിലെ വിപണിയുടെ നീക്കം ഇതില്‍ വ്യക്തത നല്‍കും.
വിപണി മൂഡിനെ പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട് - കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) മേയ് പത്തിന് 0.91 ആയി. തലേദിവസമിത് 0.9 ആയിരുന്നു.
പിസിആര്‍ 0.7ന് മുകളില്‍ ഒന്നിലേക്ക് നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേ 0.5ലേക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
സാമ്പത്തികക്കണക്കുകള്‍
തെരഞ്ഞെടുപ്പ് നടക്കുന്നില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും വിപണിയുടെ ഗതി നര്‍ണയിക്കുന്നതായിരുന്നു പുറത്തുവരുന്ന സാമ്പത്തിക കണക്കുകള്‍. മേയ് 13-ന് ഏപ്രിലിലെ ചില്ലറവിലക്കയറ്റത്തോത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവരും. മാര്‍ച്ചില്‍ 4.85 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. മേയ് 14-ന് ഏപ്രിലിലെ മൊത്തിവിലക്കയറ്റക്കണക്കുകള്‍ പുറത്തുവരും.
മേയ് 15-ന് രാജ്യത്തിന്റെ കയറ്റിറക്കുമതി കണക്കുകള്‍ എത്തും. പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനക്കണക്കുകളും അന്നുതന്നെ പുറത്തുവരും. ബാങ്ക് വായ്പ, ഡിപ്പോസിറ്റ് വിദേശനാണ്യശേഖരം തുടങ്ങിയവ സംബന്ധിച്ച കണക്കുകള്‍ മേയ് 17-ന് ആണെത്തുക.
ആഗോളതലത്തില്‍ യുഎസ് സമ്പദ്ഘടനയില്‍നിന്നുള്ള ചില കണക്കുകള്‍ ഈ വാരത്തില്‍ പുറത്തുവരും. പണപ്പെരുപ്പം സംബന്ധിച്ച പ്രതീക്ഷകള്‍ മേയ് 13-ന് എത്തും. അന്ന് ഫെഡറല്‍ റിസര്‍വ് വൈസ് ചെയര്‍മാന്‍ ജഫേഴ്‌സണിന്റെ പ്രസ്താവനയും എത്തുന്നുണ്ട്. മേയ് 14-ന് ഫെഡ് ചെയര്‍മാന്‍ ജറോം പവലിന്റെ പ്രസംഗവും ഉണ്ടായിരിക്കും. പണപ്പെരുപ്പം നീക്കം സംബന്ധിച്ചും പലിശനിരക്കു സംബന്ധിച്ചുമുള്ള സൂചനകള്‍ ഇവയില്‍നിന്നു ലഭിക്കും. പലിശ നിരക്കു വര്‍ധിപ്പിക്കുന്ന പ്രശ്‌നമില്ലെന്നാ ഫെഡ് നിലപാട്. അതു കുറയ്ക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചാണ് ഫെഡ് ആലോചിക്കുന്നത്.
ചില്ലറവിലക്കയറ്റം, ക്രൂഡോയില്‍ സ്‌റ്റോക്ക് തുടങ്ങിയവ സംബന്ധിച്ച കണക്കുകള്‍ മേയ് 15-ന് എത്തുമ്പോള്‍ ജോബ്്‌ലെസ് ക്ലോയിം, വ്യാവസായികോത്പാദനം, കയറ്റിറക്കുമതി കണക്കുകള്‍ തുടങ്ങിയവ മേയ് 17-ന് പുറത്തുവിടും.
കഴിഞ്ഞയാഴ്ച യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയിരുന്നു. ജൂണില്‍ പലിശ കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇത് യൂറോപ്യന്‍ ഓഹരി വിപണിക്കു ഊര്‍ജം പകര്‍ന്നു. ജാപ്പനീസ് സമ്പദ്ഘടനയുടെ ആദ്യ ക്വാര്‍ട്ടര്‍ പ്രാഥമിക ജിഡിപി കണക്കുകള്‍ ഈ വാരം പുറത്തുവിടും.
യുഎസ് വിപണികള്‍
യുഎസ് വിപണി സമ്മിശ്രമായാണ് കഴിഞ്ഞ വാരത്തില്‍ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഡൗണ്‍ ജോണ്‍സിനു തുണയായത്. ഡൗണ്‍ ജോണ്‍സ് 125 പോയിന്റ് മെച്ചത്തിലാണ് മേയ് പത്തിന് ക്ലോസ് ചെയ്തത്. എന്നാല്‍ നാസ്ഡാക് 5.4 പോയിന്റു കുറഞ്ഞപ്പോള്‍ എസ് ആന്‍ഡ് പി 500 എട്ടര പോയിന്റ് മെച്ചത്തില്‍ ക്ലോസ് ചെയ്തു. എന്നാല്‍ യു എസ് ഫ്യൂച്ചേഴ്‌സ് എല്ലാം തന്നെ മെച്ചപ്പെട്ടു നില്‍ക്കുകയാണ്. യുഎസ് വിപണിയുടെ നീക്കത്തെ സ്വാധീനിക്കുക അടുത്തയാഴ്ച എത്തുന്ന പണപ്പെരുപ്പ കണക്കുകളാണ്. പലിശ നിരക്കു സംബന്ധിച്ച സൂചനകളും ഫെഡറല്‍ റിസര്‍വില്‍ നിന്ന് അടുത്തയാഴ്ച പ്രതീക്ഷിക്കുന്നുണ്ട്. എന
വെള്ളിയാഴ്ച യൂറോപ്യന്‍ സൂചികകള്‍ സമ്മിശ്രമായാണ് ക്ലോസ് ചെയ്തിട്ടുള്ളത്. എന്നാല്‍ യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സ് എല്ലാം തന്നെ മെച്ചപ്പെട്ട നിലയിലാണ്.
ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ തുറന്നിട്ടുള്ളത് സമ്മിശ്രമായാണ്. ജാപ്പനീസ് നിക്കി 193 പോയിന്റ് താഴ്ന്നാണ് നില്‍ക്കുന്നത്. ഹോങ്കോംഗ് ഹാംഗ് സെംഗ് 56 പോയിന്റും താഴെയാണ്. ഓസ്‌ട്രേലിയന്‍ ഓള്‍ ഓര്‍ഡനറീസ് നേരിയ താഴ്ചയിലാണ് മുന്നോട്ടു പോകുന്നത്. കൊറിയന്‍ കോസ്പിയും ചൈനീസ് ഷാങ്ഹായ് സൂചികയും നേരിയ തോതില്‍ ഉയര്‍ന്നാണ് നില്‍ക്കുന്നത്.
എഫ്‌ഐഐ വാങ്ങല്‍-വില്‍ക്കല്‍
മേയിലെ ഏഴു വ്യാപാരദിനങ്ങളിലായി വിദേശനിക്ഷേപകസ്ഥാപനങ്ങള്‍( എഫ്‌ഐഐ) 24975.5 കോടി രൂപയുടെ നെറ്റ് വില്‍ക്കലാണ് നടത്തിയിട്ടുള്ളത്. ഏപ്രിലില്‍ 35693 കോടി രൂപയുടെ നെറ്റ് വില്‍പ്പന വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ നടത്തിയിരുന്നു.
വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ ഈ കനത്ത വില്‍പ്പനയെ ന്യൂട്രലാക്കുന്നത് ഇന്ത്യന്‍ ആഭ്യന്തര നിക്ഷേപകസ്ഥാനങ്ങളുടെ ( ഡിഐഐ) കനത്ത പിന്തുണയാണ്. അവര്‍ ഈ കാലയളവില്‍ 19410 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്.
വിദേശനിക്ഷേപകസ്ഥാപനങ്ങളെപ്പോലെതന്നെ വിദേശ നിക്ഷേപകരും ( എഫ് പിഐ) മേയില്‍ 16797 കോടി രൂപയുടെ നെറ്റ് വില്‍പ്പന നടത്തിയിട്ടുണ്ട്. യുഎസ് ബോണ്ട് യീല്‍ഡ് ഉരുന്നതും ശക്തിയാര്‍ജിച്ച ഡോളറും യുഎസ് ഫെഡറല്‍ റിസര്‍വ് നിലപാടുമൊക്കെ എഫ്‌ഐഐ- എഫ്പിഐ എന്നിവയെ വില്‍പ്പനയ്ക്കു ശക്തിപ്പെടുത്താന്‍ പ്രേരിപ്പിക്കുകയാണ്. ഇതോടൊപ്പം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സൃഷ്ടിച്ചിട്ടുള്ള അനിശ്ചിതത്വവും വില്‍പ്പനയ്ക്ക് പ്രേരണയാകുന്നു. ചെനീസ് വിപണിയുടെ മികച്ച പ്രകടനവും ഇന്ത്യന്‍ ഓഹരികളിലെ വില്‍പ്പനയ്ക്ക് അവര്‍ക്കു പ്രേരണയായിട്ടുണ്ട്. ചൈനീസ് വിപണി ഇന്ത്യയേക്കാള്‍ വളരെ കുറഞ്ഞ മൂല്യത്തിലാണിപ്പോള്‍. ചൈനീസ് പിഇ ഇന്ത്യയുടെ പകുതിയോളമേ വരികയുള്ളു.
നാലാം ക്വര്‍ട്ടര്‍ ഫലങ്ങള്‍
ഏതാണ്ട് ഇരുന്നൂറോളം കമ്പനികളാണ് ഈ വാരത്തില്‍ നാലാം ക്വാര്‍ട്ടര്‍ ഫലവുമായി എത്തുന്നത്.
യുപിഎല്‍, ഡിഎല്‍എഫ്, സൊമാറ്റോ, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, വരുണ്‍ ബിവറേജസ്, ആദിത്യ ബിര്‍ള കാപ്പിറ്റല്‍, ബിഎല്‍എസ് ഇ-സര്‍വീസസ്, ഷാലറ്റ് ഹോട്ടല്‍സ്, ജിഐസി ഹൗസിംഗ് ഫിനാന്‍സ്, ഇന്‍ഡ്-സ്വിഫ്റ്റ് ലാബ്്, ഐഎന്‍എക്‌സ് ഇന്ത്യ, സി ഇ ഇന്‍ഫോ സിസ്റ്റംസ്, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങിയ ഇന്ന് നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവിടും.
പ്രാഥമിക വിപണി
ആ വാരത്തില്‍ ആറു എസ്എംഇ ഉള്‍പ്പെടെ ഏഴു കമ്പനികളാണ് പ്രാഥമിക വിപണിയില്‍ മൂലധനം സ്വരൂപിക്കാനെത്തുന്നത്. ഇവ 2766 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മെയിന്‍ ബോര്‍ഡില്‍ എത്തുന്ന ഗോ ഡിജിറ്റല്‍ ജനറല്‍ ഇന്‍ഷുറന്‍സ് ആണ്. മേയ് 15-ന് എത്തുന്ന ഓഹിരയുടെ പ്രൈസ് ബാന്‍ഡ് 258-272 രൂപയാണ്. ഇഷ്യുവഴി 2614 കോടി രൂപ സ്വരൂപിക്കാനാണ് ഈ ബംഗളരൂ കമ്പനി ലക്ഷ്യമിടുന്നത്. ഇഷ്യും 17-ന് അവസാനിക്കും.
മെയിന്‍ ബോര്‍ഡില്‍ ഇഷ്യു ചെയ്ത ഇന്‍ഡെജിന്‍ ഉള്‍പ്പെടെ 12 കമ്പനികളാണ് ഈയാഴ്ച ലിസ്റ്റിംഗിന് എത്തുന്നത്.1842 കോടി രൂപയുടെ ഇഷ്യുമായി എത്തിയ ഇന്‍ഡെജിന് 70 ഇരട്ടി അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇന്നാണ് ഇന്‍ഡെജിന്‍ ലിസ്റ്റ് ചെയ്യുന്നത്.
ക്രൂഡോയില്‍ വില
ഹമാസ് -ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അയവു വന്നിട്ടുള്ളത് ക്രൂഡോയില്‍ വില കുറയുന്നതിനു സഹായിക്കുന്നു. ക്രൂഡ് ബ്രെന്റ് ബാരലിന് 82.56 ഡോളറും ഡബ്്ള്യുടിഐ ക്രൂഡ് 78.08 ഡോളറുമാണ് വില. കൂടാതെ യുഎസ് സ്‌റ്റോക്ക് കുറഞ്ഞതാ കഴിഞ്ഞയാഴ്ച ക്രൂ്ഡ് വില അല്‍പ്പം ഉയര്‍ത്തിയത്.
ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് 83.53 ആണ്. 2024-ല്‍ ഡോളര്‍- രൂപ നിരക്ക് 82-85 റേഞ്ചില്‍ നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.