19 Dec 2023 9:22 AM GMT
1,164 കോടിയുടെ എഥനോള്‍ ഓര്‍ഡര്‍; ഇന്ത്യ ഗ്ലൈക്കോസ് ഓഹരികള്‍ നേട്ടത്തില്‍
MyFin Desk
Summary
- ബിപിസിഎല്‍, ഐഒസി, എച്ച്‌പിസിഎല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നയാര എനര്‍ജി എന്നീ കമ്പനി ഓർഡറുകൾ
ഇന്ത്യ ഗ്ലൈക്കോള്‍സ് ലിമിറ്റഡിന് 1,164 കോടി രൂപയുടെ എഥനോള്‍ ഓര്‍ഡര്‍ ലഭിച്ചതോടെ ഓഹരികള്‍ മികച്ച നേട്ടത്തില്‍. ഇന്ന് രാവിലെ ഓഹരി വില 13 ശതമാനം ഉയര്‍ന്ന് 794 രൂപയിലെത്തി. ഉച്ചക്ക് 2.45 ന് ഓഹരികള്‍ 8.08 ശതമാനം ഉയര്‍ന്ന് 759.00 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബിപിസിഎല്‍), ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ (എച്ച്‌പിസിഎല്‍), റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നയാര എനര്‍ജി എന്നീ കമ്പനികളാണ് ഓര്‍ഡര്‍ നല്‍കിയതെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാവിലെ 9.21 ന് ഇന്ത്യ ഗ്ലൈക്കോള്‍സിന്റെ ഓഹരികള്‍ ഇന്നലത്തെ ക്ലോസിംഗ് വിലയില്‍ നിന്നും 9.3 ശതമാനം നേട്ടത്തോടെ 767 രൂപയിലാണ് എന്‍എസ്ഇയില്‍ വ്യാപാരം നടത്തിയിരുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ 14 ശതമാനം നേട്ടമാണ് ഓഹരികള്‍ നല്‍കിയത്.
വമ്പൻ ഓർഡറുകൾ
ഓയില്‍ മാനുഫാക്ച്ചറിംഗ് കമ്പനികള്‍ (ഒഎംസി; OMCs) 896 കോടി രൂപയ്ക്ക് 12.8 കോടി ലിറ്റര്‍ എഥനോളിനും എണ്ണ കമ്പനികള്‍ 268 കോടി രൂപയ്ക്ക് 3.75 കോടി ലിറ്റര്‍ എഥനോളിനുമാണ് ഓര്‍ഡര്‍ നല്‍കിയത്. ഇത് മൊത്തം ഏകദേശം 1,164 കോടി രൂപയുടെ 16.55 കോടി ലിറ്റര്‍ എഥനോളിനുള്ള ഓര്‍ഡറാണെന്നും കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കുന്നു.
ഹരിത സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള രാസവസ്തുക്കള്‍, പ്രകൃതിദത്ത പശകള്‍, സ്പിരിറ്റ്, വ്യാവസായിക വാതകങ്ങള്‍, പഞ്ചസാര, ന്യൂട്രിസ്യൂട്ടിക്കല്‍സ് എന്നിവയാണ് കമ്പനി നിര്‍മ്മിക്കുന്നത്. കമ്പനി 1983 ലാണ് സിംഗിള്‍ മോണോ എത്തിലിന്‍ ഗ്ലൈക്കോള്‍ പ്ലാന്റ് നിര്‍മ്മിക്കുന്നത്.
ഇന്ന് കമ്പനിയുടെ ഓഹരി വ്യാപാരം 10 മടങ്ങോളം ഉയര്‍ന്നിട്ടുണ്ട്. എന്‍എസ്ഇയിലും ബിഎസ്ഇയിലുമായി 1.3 ദശലക്ഷം ഓഹരികളാണ് കൈമാറ്റം ചെയ്തത്. ഈ വര്‍ഷം സെപ്റ്റംബര്‍ 11 നാണ് ഓഹരികള്‍ 52 ആഴ്ച്ചയിലെ ഉയര്‍ന്ന വിലയായ 802.65 രൂപയിലേക്ക് എത്തിയത്.
കമ്പനിക്ക് 2023 നവംബര്‍ ഒന്ന് മുതല്‍ 2024 ഒക്ടോബര്‍ 31 വരെയുള്ള എഥനോള്‍ വിതരണം ചെയ്യുന്ന വര്‍ഷത്തില്‍ എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ പ്രോഗ്രാമിന് (ഇബിപിപി) കീഴില്‍ 165.5 ദശലക്ഷം ലിറ്റര്‍ എഥനോള്‍ വിതരണം ചെയ്യാനുള്ള ടെന്‍ഡര്‍ ലഭിച്ചതായി കമ്പനി വ്യക്തമാക്കുന്നു.
സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്
ഇന്ത്യയിലെ മൊത്തത്തിലുള്ള രാസ വ്യവസായവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് മേഖല അതിവേഗം വളരുകയാണ്. 2025 ഓടെ ഇന്ത്യന്‍ സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് മേഖല 6380 കോടി ഡോളറിലെത്തുമെന്നും ഇത് 11 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ (സിഎജിആര്‍) വളരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നാഷണല് കെമിക്കല്‍സ് ആന്‍ഡ് പെട്രോകെമിക്കല്‍സ് പോളിസി, കെമിക്കല്‍സ് ആന്‍ഡ് പെട്രോകെമിക്കല്‍സ് ഇന്‍വെസ്റ്റ്‌മെന്റ് റീജിയണ്‍സ് (പിസിപിഐആര്‍), 'മെയ്ക്ക് ഇന്‍ ഇന്ത്യ' പ്രോഗ്രാം തുടങ്ങിയ വിവിധ സംരംഭങ്ങളിലൂടെ സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് മേഖലയുടെ വളര്‍ച്ചയെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. ഇത് ഈ മേഖലയ്ക്ക് അനുകൂലമായ ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കാനും വിദേശ നിക്ഷേപം ആകര്‍ഷിക്കാനും സഹായിച്ചുവെന്നും ഐജിഎല്‍ അഭിപ്രായപ്പെടുന്നു. ഓട്ടോമോട്ടീവ്, കണ്‍സ്ട്രക്ഷന്‍, ടെക്‌സ്‌റ്റൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ ഉപഭോഗ വ്യവസായങ്ങളില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന ഡിമാന്‍ഡാണ് ഇന്ത്യന്‍ സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് മേഖലയിലെ വളര്‍ച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന്.