20 Oct 2023 3:20 PM IST
Summary
- ഒമ്പത് കമ്പനികളുടെ ഫ്രീ ഫ്ലോട്ട് ഓഹരികളില്‍ വര്‍ധന
- സൊമാറ്റോ, ഡിഎൽഎഫ്, ജിയോ ഫിനാൻഷ്യൽ സർവീസസ് എന്നിവ ഉൾപ്പെടുന്നു
പ്രാദേശിക, ആഗോള സൂചികകളെ പിന്തുടരുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) സൊമാറ്റോ, ഡിഎൽഎഫ്, ജിയോ ഫിനാൻഷ്യൽ സർവീസസ് എന്നിവ ഉൾപ്പടെയുള്ള ഒമ്പത് കമ്പനികളിലെ നിക്ഷേപം കൂട്ടിയേക്കും. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി), സോഫ്റ്റ്ബാങ്ക് വിഷൻ ഫണ്ട് (എസ്‍വി എഫ്) തുടങ്ങിയ പ്രമോട്ടർമാരും വൻകിട സ്ഥാപനങ്ങളും തങ്ങളുടെ കൈവശമുള്ള ഈ കമ്പനികളുടെ ഓഹരികൾ വിറ്റഴിച്ചതിനെ തുടർന്ന് ഈ സ്റ്റോക്കുകളിലെ ഫ്രീ ഫ്ലോട്ട് വര്‍ധിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഇത്.
2023 സെപ്‌റ്റംബർ പാദത്തിലെ ഓഹരി പങ്കാളിത്തത്തിന്‍റെ പാറ്റേണ്‍ പുറത്തുവരുമ്പോള്‍ ഈ പട്ടികയിലേക്ക് കൂടുതല്‍ കമ്പനികള്‍ കടന്നുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
"സെപ്റ്റംബര്‍ അവസാനത്തിലെ കണക്കു പ്രകാരമുള്ള ഓഹരി പങ്കാളിത്തത്തിന്‍റെ നില ഇന്ത്യയിലെ കമ്പനികൾ കഴിഞ്ഞ കുറച്ച് വാരങ്ങളായി വെളിപ്പെടുത്തുകയാണ്. കഴിഞ്ഞ ഏതാനും പാദങ്ങളിൽ, ഫ്രീ ഫ്ലോട്ടിലെ മാറ്റങ്ങൾ പരിശോധിക്കാൻ വൻകിട കമ്പനികളുടെ ഷെയർഹോൾഡിംഗ് പാറ്റേണുകൾ ഞങ്ങൾ പരിശോധിച്ചു. സൂചികകളെ ആസ്പദമാക്കി നിക്ഷേപം നടത്തുന്ന പാസിവ് ഫണ്ടുകളുടെ നിക്ഷേപം വരാനിടയുള്ള കമ്പനികളെ സവിശേഷമായി നിരീക്ഷിച്ചു, ”പെരിസ്‌കോപ്പ് അനലിറ്റിക്‌സിലെ അനലിസ്റ്റ് ബ്രയാൻ ഫ്രീറ്റാസ് പറഞ്ഞു. സോമറ്റോയിലെ ആയിരം കോടി രൂപയുടെ ഓഹരികൾ ഓഗസ്‍റ്റില്‍ എസ്‍വിഎഫ് വിറ്റിരുന്നു. ഇതിനെ തുടർന്ന് സൊമാറ്റോയിൽ 900 കോടി രൂപയുടെ ഏറ്റവും ഉയർന്ന വാങ്ങല്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിഎൽഫിൽ 650 കോടി രൂപയുടെ ഇടിഎഫ് നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ട്. കമ്പനിയുടെ സ്ഥാപകൻ കെപി സിംഗ് 731 കോടി രൂപ സ്വരൂപിക്കുന്നതിനായി 0.59 ശതമാനം ഓഹരികൾ ഓഗസ്റ്റില്‍ വിറ്റഴിച്ചിരുന്നു. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് (എച്ച്എഎൽ), റൂറൽ ഇലക്‌ട്രിഫിക്കേഷൻ (ആർഇസി), പവർ ഫിനാൻസ് (പിഎഫ്‌സി) തുടങ്ങിയ പൊതുമേഖലാ കമ്പനികളിലെ ഓഹരി പങ്കാളിത്തം എൽഐസി കുറച്ചതിനെ തുടര്‍ന്ന് അവയുടെ ഫ്രീ ഫ്ലോട്ടും ഉയര്‍ന്നിട്ടുണ്ട്. പ്രൊമോട്ടർ ഗ്രൂപ്പ് ഓഹരികൾ വിറ്റഴിച്ചതിനാൽ അദാനി എന്റർപ്രൈസസും അദാനി ഗ്രീൻ എനർജിയും ഈ പട്ടികയില്‍ എത്തുന്നു.