30 Oct 2023 5:07 AM
Summary
- 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായം 302.3 കോടി
- ഓഫര്‍ ഫോര്‍ സെയില്‍, പുതിയ ഇഷ്യു എന്നിവ ഉള്‍പ്പെടുന്നതാണ് ഐപിഒ
- നവംബര്‍ 16-ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വായ്പാദാതാക്കളായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ പബ്ളിക് ഇഷ്യു നവംബർ മൂന്നിന് ആരംഭിക്കും. ഇഷ്യു നവംബര്‍ 7 വരെയായിരിക്കും. 463 കോടി രൂപ ഐപിഒയിലൂടെ സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്.
ഓഫര്‍ ഫോര്‍ സെയില്‍, പുതിയ ഇഷ്യു എന്നിവ ഉള്‍പ്പെടുന്നതാണ് ഐപിഒ. 390.7 കോടി രൂപയുടെ പുതിയ ഓഹരികള്‍, 72.3 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയില്‍ എന്നിവയടങ്ങിയതാണ് ഇഷ്യു.
ഓഫര്‍ ഫോര്‍ സെയില്‍
ഓഫര്‍ ഫോര്‍ സെയിലില്‍ പ്രമോട്ടറായ ഇസാഫ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് 49.26 കോടി രൂപയുടെ ഓഹരികളും പിഎന്‍ബി മെറ്റ്‌ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സും ബജാജ് അലൈന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്ന് 23.04 കോടി രൂപയുടെ ഓഹരികളും വില്‍ക്കും. ഈ വര്‍ഷം ഒക്ടോബര്‍ 17ന് ഐപിഒയുമായി മുന്നോട്ടു പോകാനുള്ള അനുമതി സെബിയില്‍നിന്നും ബാങ്കിന് ലഭിച്ചിരുന്നു. ബാങ്കിന്‍റെ ജീവനക്കാർക്കായി 12 . 5 കോടി രൂപയുടെ ഓഹരികള്‍ മാറ്റിവച്ചിട്ടുണ്ട്.
ലിസ്റ്റിംഗ് നവംബര്‍ 16ന്
നവംബര്‍ 16-ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും. അലോട്ട്‌മെന്റ് പത്തിനാണ്. നവംബര്‍ 15 ന് മുമ്പ് അര്‍ഹതപ്പെട്ട നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് ഓഹരി ക്രെഡിറ്റ് ചെയ്യും.
700 ബാങ്കിംഗ് ഔട്ട്‌ലെറ്റുകള്‍
2023 മാര്‍ച്ച് 31 വരെയുള്ള കണക്ക്പ്രകാരം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 700 ബാങ്കിംഗ് ഔട്ട്‌ലെറ്റുകളും 767 ഉപഭോക്തൃ സേവന കേന്ദ്രങ്ങളുമുണ്ട്. 22 ബിസിനസ് കറസ്‌പോണ്ടന്റുകള്‍, 2116 ബാങ്കിംഗ് ഏജന്റുമാര്‍, 525 ബിസിനസ് ഫെസിലിറ്റേറ്റര്‍, 559 എടിഎം എന്നിവയുമുണ്ട്.
ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് പ്രധാനമായും കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
അറ്റാദായം 54.73 കോടി രൂപ
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായം 2021-22-ലെ 54.73 കോടി രൂപയില്‍ നിന്ന് 302.3 കോടി രൂപയായി ഉയര്‍ന്നു. ബാങ്കിന്റെ നിക്ഷേപം 2022-23-ല്‍ 14,665.62 കോടി രൂപയാണ്.