image

28 March 2024 4:58 AM GMT

Stock Market Updates

ആഘോഷത്തോടെ ഉണര്‍ന്ന് ദലാല്‍ സ്ട്രീറ്റ്

MyFin Desk

ആഘോഷത്തോടെ ഉണര്‍ന്ന് ദലാല്‍ സ്ട്രീറ്റ്
X

Summary

  • വിദേശ നിക്ഷേപകര്‍ ബുധനാഴ്ച്ച വിപണിയിലെ മൊത്ത വാങ്ങലുകാരായിരിക്കുകയാണ്
  • ദുഃഖ വെള്ളി പ്രമാണിച്ച് നാളെ ഓഹരി വിപണികള്‍ക്ക് അവധിയാണ്.
  • ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം നടത്തുന്നത്.


വിദേശ ഫണ്ടുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിയതും യുഎസ് വിപണികളിലെ പോസിറ്റീവ് പ്രവണതയും വ്യാഴാഴ്ച ആദ്യ വ്യാപാരത്തില്‍ ഓഹരി സൂചികകള്‍ക്ക് പ്രചോദനമായി. കഴിഞ്ഞ ദിവസത്തെ മുന്നേറ്റം വിപണി ഇന്നും ആവര്‍ത്തിക്കുകയാണ്. ആദ്യ വ്യാപാരത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 342.48 പോയിന്റ് ഉയര്‍ന്ന് 73,338.79 എന്ന നിലയിലാണ്. എന്‍എസ്ഇ നിഫ്റ്റി 96.25 പോയിന്റ് ഉയര്‍ന്ന് 22,219.90 ലെത്തി.

ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവർ ഗ്രിഡ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്‌സിഎല്‍ ടെക്‌നോളജീസ്, മാരുതി, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയ്ന്റ് എന്നീ കമ്പനികളുടെ ഓഹരികള്‍ക്ക് വിപണിയില്‍ തുടക്കത്തിലേ നഷ്ടമാണ് പ്രകടമാകുന്നത്.

ഏഷ്യന്‍ വിപണികളില്‍ ഷാങ്ഹായും ഹോങ്കോങ്ങും പോസിറ്റീവിലാണ്. എന്നാല്‍ ടോക്കിയോയും സിയോളും താഴ്ന്ന നിലയിലാണുള്ളത്. ബുധനാഴ്ച്ച അമേരിക്കന്‍ ഓഹരി വിപണിയായ വാള്‍സ്ട്രീറ്റ് നേട്ടത്തിലാണ് അവസാനിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ബുധനാഴ്ച്ച 2,170.32 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയിട്ടുണ്ട്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസത്തിലെ വാരാന്ത്യ വ്യാപാരമാണ് ഇന്ന് നടക്കുന്നത്. മാര്‍ച്ചിലെ ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് തീരുമെന്നതിനാല്‍ വിപണി ഉയര്‍ന്ന ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നുണ്ട്. വിദേശ നിക്ഷേപകരുടെ വാങ്ങിക്കൂട്ടലും, ആഗോള ഓഹരി വിപണികളുടെ മുന്നേറ്റവും നല്‍കുന്ന ആത്മവിശ്വാസം ദലാല്‍ സ്ട്രീറ്റിലേക് പടരുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ നിക്ഷേപകര്‍ വില പേശലിന് ഒരുങ്ങുകയാണ്,' മേത്ത ഇക്വീറ്റീസ് ലിമിറ്റഡിന്റെ ഗവേഷണ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്‌സെ പറഞ്ഞു.

ബ്രെന്റ് ക്രൂഡ് 0.24 ശതമാനം ഉയര്‍ന്ന ബാരലിന് 86.30 ഡോളറിലെത്തി. ദുഃഖ വെള്ളി പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് വെള്ളിയാഴ്ച അവധിയാണ്. രൂപയുടെ മൂല്യം ഡോളറിനെതിരെ 83.33 എന്ന നിലയിലാണ്. ഡോളറിന്റെ ശക്തമായ പ്രകടനവും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതുമാണ് ഡോളറിതിരെ ഇന്ത്യന്‍ രൂപയുടെ ഇടിവിലേക്ക് നയിച്ചു.