27 March 2024 9:26 AM GMT
നാസ്ഡാക്കില്‍ ആദ്യ ദിനം തന്നെ മികച്ച പ്രകടനവുമായി ട്രംപിന്റെ മീഡിയ കമ്പനി
MyFin Desk
Summary
- ട്രൂത്ത് സോഷ്യല്‍ 2022 ഫെബ്രുവരിയിലാണ് സേവനം ആരംഭിച്ചത്
- ' ട്രൂത്ത് സോഷ്യല്‍ ' വിപണിയില്‍ വ്യാപാരം ആരംഭിച്ചത് ഡിജെടി (DJT) എന്ന ടിക്കറിലാണ് അഥവാ ചിഹ്നത്തിലാണ്
- വ്യാപാരത്തിനിടെ ഡിജെടി ഓഹരി ഒന്നിന് 79.38 ഡോളറിലെത്തുകയുണ്ടായി
ഡൊണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ കമ്പനിയുടെ ഓഹരികള്‍ നാസ്ഡാക്കിലെ വ്യാപാരത്തിന്റെ ആദ്യ ദിനത്തില്‍ ഏകദേശം 50 ശതമാനം ഉയര്‍ന്നു. ഇതിലൂടെ കമ്പനിയിലെ ട്രംപിന്റെ നിക്ഷേപത്തിന്റെ മൂല്യം ഉയരുകയും ചെയ്തു. ഈ വര്‍ഷം നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ട്രംപിനെ പിന്തുണ അറിയിക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ ഓഹരികള്‍ ചെറിയ തോതില്‍ വാങ്ങിയ ആരാധകര്‍ക്കും വന്‍ നേട്ടമായി.
' ട്രൂത്ത് സോഷ്യല്‍ ' എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നടത്തുന്ന ഡിജിറ്റല്‍ വേള്‍ഡ് അക്വിസിഷന്‍ കോര്‍പ് എന്ന കമ്പനിയെ ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ് കോര്‍പ് മാര്‍ച്ച് 25 ന് ഏറ്റെടുത്തിരുന്നു.
ഇതിനു ശേഷം ' ട്രൂത്ത് സോഷ്യല്‍ ' വിപണിയില്‍ വ്യാപാരം ആരംഭിച്ചത് ഡിജെടി (DJT) എന്ന ടിക്കറിലാണ് അഥവാ ചിഹ്നത്തിലാണ്.
മാര്‍ച്ച് 26 ന് ' ട്രൂത്ത് സോഷ്യലിന്റെ ' ആദ്യ വ്യാപാര ദിനമായിരുന്നു.
വ്യാപാരത്തിനിടെ ഡിജെടി ഓഹരി ഒന്നിന് 79.38 ഡോളറിലെത്തുകയുണ്ടായി.
വ്യാപാരം അവസാനിച്ചപ്പോഴാകട്ടെ, ഓഹരി 16 ശതമാനം ഉയര്‍ന്ന് 57.99 ഡോളര്‍ എന്ന നിലയിലെത്തി. അതിലൂടെ കമ്പനിയുടെ വ്യാപാരമൂല്യം ഏകദേശം 8 ബില്യന്‍ ഡോളറിലെത്തുകയും ചെയ്തു. വ്യാപാരം ആരംഭിക്കുന്നതിനു മുന്‍പ് കമ്പനിയുടെ വിപണി മൂല്യം 6.8 ബില്യന്‍ ഡോളറായിരുന്നു.
പുതിയ കമ്പനിയില്‍ 60 ശതമാനം ഓഹരിയും സ്വന്തമാക്കിയിരിക്കുന്നത് ട്രംപാണ്. ഇതിന്റെ മൂല്യം ഇപ്പോള്‍ 4.6 ബില്യന്‍ ഡോളര്‍ വരും.
പുതിയ കമ്പനിയുടെ പ്രധാന ആസ്തി എന്നു പറയുന്നതും ട്രൂത്ത് സോഷ്യല്‍ എന്ന സോഷ്യല്‍ മീഡിയ സര്‍വീസാണ്.
ട്രൂത്ത് സോഷ്യല്‍ 2022 ഫെബ്രുവരിയിലാണ് സേവനം ആരംഭിച്ചത്.
ഇപ്പോള്‍ എക്‌സ് എന്ന് അറിയപ്പെടുന്ന പഴയ ട്വിറ്റര്‍, ഫേസ്ബുക്ക്, എന്നിവയുള്‍പ്പെടെയുള്ള പ്രധാന സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ട്രംപിനെ നിരോധിച്ചതിനു ശേഷമാണ് ട്രൂത്ത് സോഷ്യല്‍ ആരംഭിച്ചത്.