image

10 July 2024 11:15 AM GMT

Stock Market Updates

ലാഭമെടുപ്പിൽ തളർന്ന് ആഭ്യന്തര വിപണി; സെൻസെക്സ് 400 പോയിന്റ് ഇടിഞ്ഞു

MyFin Desk

ലാഭമെടുപ്പിൽ തളർന്ന് ആഭ്യന്തര വിപണി; സെൻസെക്സ് 400 പോയിന്റ് ഇടിഞ്ഞു
X

Summary

  • മെറ്റൽ, ഓട്ടോ, ഐടി ഓഹരികളിൽ ഇടിവും സൂചികകളെ വലച്ചു
  • നിഫ്റ്റി ഓട്ടോ സൂചിക 2 ശതമാനം ഇടിഞ്ഞു
  • ബ്രെൻ്റ് ക്രൂഡ് 0.24 ശതമാനം ഉയർന്ന് ബാരലിന് 84.86 ഡോളറിലെത്തി


ആഭ്യന്തര സൂചികകൾ ഇന്ന് വ്യപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്. കനത്ത ലാഭമെടുപ്പ് വിപണിയെ ഇടിവിലേക്ക് നയിച്ചു. മെറ്റൽ, ഓട്ടോ, ഐടി ഓഹരികളിൽ ഇടിവും സൂചികകളെ വലച്ചു.

സെൻസെക്‌സ് 129.72 പോയിൻ്റ് ഉയർന്ന് 80,481.36 എന്ന എക്കാലത്തെയും ഉയർന്ന പോയിന്റ് തുടക്കത്തിൽ തൊട്ടിരുന്നു. വ്യാപാരാവസാനം 426.87 പോയിൻറ് അഥവാ 0.53 ശതമാനം ഇടിഞ്ഞ് 79,924.77 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി ആദ്യഘട്ട വ്യാപാരത്തിൽ എക്കാലത്തെയും ഉയർന്ന ലെവലായ 24,461.05 ൽ എത്തിയെങ്കിലും വ്യാപാരാവസാനം 108.75 പോയിൻ്റ് അഥവാ 0.45 ശതമാനം ഇടിഞ്ഞ് 24,324.45 ൽ എത്തി.

സെൻസെക്സിൽ ടാറ്റ സ്റ്റീൽ, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി. ഏഷ്യൻ പെയിൻ്റ്‌സ്, എൻടിപിസി, പവർ ഗ്രിഡ്, അദാനി പോർട്ട്‌സ്, ഭാരതി എയർടെൽ എന്നീ ഓഹരികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ സൂചിക 2 ശതമാനം ഇടിഞ്ഞു. നിഫ്റ്റി മെറ്റൽ, പിഎസ്‌യു ബാങ്ക് സൂചികകൾ യഥാക്രമം 1.6 ശതമാനവും 1.4 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി ഐടി സൂചിക ഒരു ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി ബാങ്ക് സൂചിക 0.7 ശതമാനം നഷ്ടം നൽകി.

ഡിമാൻഡ് വർധിപ്പിക്കുന്നതിനായി എസ്‌യുവി മോഡലുകളുടെ വില കുറച്ചതിനെത്തുടർന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരികൾ 6 ശതമാനത്തിലധികം ഇടിഞ്ഞു.

ഏഷ്യൻ വിപണികളിൽ ഷാങ്ഹായിയും ഹോങ്കോങ്ങും നഷ്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ സിയോളും ടോക്കിയോയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികളിൽ സമ്മിശ്ര വ്യാപാരമായിരുന്നു.

ബ്രെൻ്റ് ക്രൂഡ് 0.24 ശതമാനം ഉയർന്ന് ബാരലിന് 84.86 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 314.46 കോടി രൂപയുടെ ഓഹരികൾ വാങ്ങി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഇടിഞ്ഞ് 83.51 എത്തി.