4 Jun 2024 5:00 AM GMT
Summary
- ഉയർന്നു വന്ന ലാഭമെടുപ്പും സൂചികകൾ വലച്ചു
- ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾക്ക് 5 ശതമാനം വരെ ഇടിഞ്ഞു
- ബ്രെൻ്റ് ക്രൂഡ് 0.68 ശതമാനം ഇടിഞ്ഞ് ബാരലിന് 77.83 ഡോളറിലെത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് കനത്ത നഷ്ടത്തോടെ. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെണ്ണലിൽ സമ്മിശ്ര ഫലം വന്നത് വിപണിയെ ഇടിവിലേക്ക് നയിച്ചു. ഉയർന്നു വന്ന ലാഭമെടുപ്പും സൂചികകൾ വലച്ചു. സെൻസെക്‌സ് 1,715.78 പോയിൻ്റ് താഴ്ന്ന് 74,753 ലും നിഫ്റ്റി 539.1 പോയിൻ്റ് താഴ്ന്ന് 22,724.80 ലുമാണ് വ്യാപാരം ആരംഭിച്ചത്.
തുടർന്നുള്ള വ്യാപാരത്തിൽ 2,623.91 പോയിൻ്റ് കുത്തനെ ഇടിഞ്ഞ് സെൻസെക്സ് 73,844.36 ലും നിഫ്റ്റി 617.45 പോയിൻ്റ് താഴ്ന്ന് 22,646.45 ലും എത്തി.
നിഫ്റ്റിയിൽ ഹിന്ദുസ്ഥാൻ യുണിലിവർ, ദിവിസ് ലാബ്സ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, സൺ ഫാർമ, അപ്പോളോ ഹോസ്പിറ്റൽസ്, സിപ്ല എന്നീ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ കോൾ ഇന്ത്യ, അദാനി എൻ്റർപ്രൈസസ്, അദാനി പോർട്ട്സ്, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ്, എൻടിപിസി, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.
ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾക്ക് 5 ശതമാനം വരെ ഇടിഞ്ഞു. സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഫാർമ, ഐടി, എഫ്എംസിജി ഒഴികെ ബാക്കി എല്ലാം ചുവപ്പിലാണ്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ താഴ്ന്നപ്പോൾ ഹോങ്കോംഗ് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികളിൽ സമ്മിശ്ര വ്യാപാരമായിരുന്നു.
ബ്രെൻ്റ് ക്രൂഡ് 0.68 ശതമാനം ഇടിഞ്ഞ് ബാരലിന് 77.83 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 6,850.76 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വർണം ട്രോയ് ഔൺസിന് 2371 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 26 പൈസ ഇടിഞ്ഞ് 83.40ൽ എത്തി.
ഭരണത്തുടർച്ച പ്രവചിച്ചുള്ള എക്സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ തിങ്കളാഴ്ച വിപണികൾ കുത്തനെ കുതിച്ചിരുന്നു. സെൻസെക്സ് 2,507.47 പോയിൻ്റ് അല്ലെങ്കിൽ 3.39 ശതമാനം ഉയർന്ന് 76,468.78 ലും നിഫ്റ്റി 733.20 പോയിൻ്റ് അഥവാ 3.25 ശതമാനം ഉയർന്ന് 23,263.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.