image

26 July 2024 5:00 AM GMT

Stock Market Updates

കരകയറി ആഭ്യന്തര വിപണി; അഞ്ചു ദിവസത്തെ ഇടിവിന് വിരാമം

MyFin Desk

കരകയറി ആഭ്യന്തര വിപണി; അഞ്ചു ദിവസത്തെ ഇടിവിന് വിരാമം
X

Summary

  • മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.7, 0.6 ശതമാനം ഉയർന്നു
  • ബ്രെൻ്റ് ക്രൂഡ് 0.19 ശതമാനം ഉയർന്ന് ബാരലിന് 82.53 ഡോളറിലെത്തി
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഉയർന്ന് 83.69ൽ എത്തി


ആഭ്യന്തര വിപണി ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെയാണ്. തുടർച്ചയായി അഞ്ചു സെഷനുകളിൽ നഷ്ടം നൽകിയ സെൻസെക്സും നിഫ്റ്റിയും ഇൻട്രാഡേ വ്യപാരത്തിൽ നേട്ടത്തിലെത്തി. ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളുടെ കുതിപ്പ് വിപണിക്ക് കരുത്തേകി.

സെൻസെക്‌സ് 235.23 പോയിൻ്റ് ഉയർന്ന് 80,275.03 ലും നിഫ്റ്റി 86.6 പോയിൻ്റ് ഉയർന്ന് 24,492.70 ലും എത്തി.

ഹിൻഡാൽകോ, ഭാരതി എയർടെൽ, എൽടിഐ മൈൻഡ്ട്രീ, കോൾ ഇന്ത്യ, ശ്രീറാം ഫിനാൻസ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. ടെക് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, മാരുതി സുസുക്കി, ആക്‌സിസ് ബാങ്ക് എന്നിവ നഷ്ടത്തിലായി.

സെക്ടറിൽ സൂചികകളിൽ ഐസിഐസിഐ ബാങ്ക്, ഫെഡറൽ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുടെ ഇടിവിൽ ബാങ്ക് നിഫ്റ്റി മാത്രമാണ് നഷ്ടത്തിലുള്ളത്. ഇന്നലെ ഒരു ശതമാനത്തിലധികം ഇടിഞ്ഞ ശേഷം ഹിൻഡാൽകോയും ടാറ്റ സ്റ്റീലും കുതിപ്പ് തുടർന്നതോടെ മെറ്റൽ സൂചിക മികച്ച ഞെട്ടറ്റമുണ്ടാക്കി. നിഫ്റ്റി ഫാർമ, ഹെൽത്ത് കെയർ സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു.

മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.7, 0.6 ശതമാനം ഉയർന്നു.

"ആശങ്കയുടെ എല്ലാ ഘട്ടങ്ങളും താണ്ടാനുള്ള കഴിവാണ് ഇന്ത്യയിലെ ബുൾ മാർക്കറ്റിൻ്റെ പ്രത്യേകത. തിരഞ്ഞെടുപ്പ്, ബജറ്റ്, യുഎസിലെ തിരുത്തൽ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും വിപണി തള്ളിക്കളഞ്ഞു. ഈ റാലിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബൈ ഓൺ ഡിപ്സ് സ്ട്രാറ്റജി മികച്ച നിലയിൽ തുടരുകയാണെന്ന്" ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെയുള്ള വ്യാപാരം തുടരുന്നു. ഷാങ്ഹായ് ഇടിവിലാണ്. വ്യാഴാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്.

ബ്രെൻ്റ് ക്രൂഡ് 0.19 ശതമാനം ഉയർന്ന് ബാരലിന് 82.53 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 2,605.49 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വർണം ട്രോയ് ഔൺസിന് 0.62 ശതമാനം ഉയർന്ന് 2368 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഉയർന്ന് 83.69ൽ എത്തി.