22 May 2024 10:56 AM GMT
Summary
- റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ് ഓഹരികളുടെ ഉയർന്ന വാങ്ങൽ സൂചികകൾക്ക് താങ്ങായി
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഉയർന്ന് 83.28 ലെത്തി
- അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് 1.5 ശതമാനം ഇടിഞ്ഞു
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. ദുർബലമായ ആഗോള സൂചനകളെ വക വെക്കാതെയായിരുന്നു സൂചികകൾ പച്ചയിൽ ക്ലോസ് ചെയ്തത്. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ് ഓഹരികളുടെ ഉയർന്ന വാങ്ങൽ സൂചികകൾക്ക് താങ്ങായി. തുടർച്ചയായ അഞ്ചാം സെഷനിലും നിഫ്റ്റി നേട്ടത്തോടെ അവസാനിച്ചു. ഈ അഞ്ച് സെഷനുകളിലായി നിഫ്റ്റി ഉയർന്നത് 2 ശതമാനത്തോളമാണ്.
നിഫ്റ്റി 69 പോയിൻറ് അഥവാ 0.31 ശതമാനം ഉയർന്ന് 22,597.80 ലും സെൻസെക്സ് 268 പോയിൻറ് അഥവാ 0.36 ശതമാനം ഉയർന്ന് 74,221.06 ലും ക്ലോസ് ചെയ്തു.
നിഫ്റ്റിയിൽ സിപ്ല, ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്, ഹിന്ദുസ്ഥാൻ യുണിലിവർ, കോൾ ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ശ്രീറാം ഫിനാൻസ്, എസ്ബിഐ, അപ്പോളോ ഹോസ്പിറ്റൽസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഹീറോ മോട്ടോകോർപ്പ്, ജെഎസ്ഡബ്ല്യു സ്റ്റീൽ ഓഹരികൾ ഇടിഞ്ഞു.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി എഫ്എംസിജി (1.43 ശതമാനം), റിയൽറ്റി (1.41 ശതമാനം), മീഡിയ (0.73 ശതമാനം), ഐടി (0.70 ശതമാനം) നേട്ടത്തോടെ ക്ലോസ് ചെയ്തു.
നിഫ്റ്റി മെറ്റൽ (0.62 ശതമാനം ഇടിവ്), നിഫ്റ്റി ബാങ്ക് (0.55 ശതമാനം കുറവ്), ഫിനാൻഷ്യൽ സർവീസസ് (0.52 ശതമാനം കുറവ്), പ്രൈവറ്റ് ബാങ്ക് (0.41 ശതമാനം കുറവ്), പിഎസ്‌യു ബാങ്ക് (0.34 ശതമാനം ഇടിവ്) എന്നിവ നഷ്ടത്തോടെ ക്ലോസ് ചെയ്തു.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഉയർന്ന് 83.28 ലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.22 ശതമാനം താഴ്ന്ന് 2420 ഡോളറിലെത്തി. ബ്രെൻ്റ് ക്രൂഡ് 0.84 ശതമാനം കുറഞ്ഞ് ബാരലിന് 82.18 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 1,874.54 കോടി രൂപയുടെഓഹരികൾ വിറ്റു.
ആഗോള തലത്തിൽ ജപ്പാൻ്റെ നിക്കേ 0.85 ശതമാനം ഇടിഞ്ഞപ്പോൾ ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് ഇൻഡക്‌സ് ഫ്ലാറ്റായാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികളിൽ ഫ്രാൻസിൻ്റെ CAC 40, യുകെയുടെ FTSE, ജർമ്മനിയുടെ DAX എന്നിവ ചുവപ്പിലാണ്.
അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് 1.5 ശതമാനം ഇടിഞ്ഞതിനാൽ വിപണിയിൽ കുറഞ്ഞ ചാഞ്ചാട്ടം അനുഭവപ്പെട്ടു.
ചൊവ്വാഴ്ച സെൻസെക്സ് 52.63 പോയിൻ്റ് അഥവാ 0.07 ശതമാനം ഇടിഞ്ഞ് 73,953.31 ലും നിഫ്റ്റി 27.05 പോയിൻ്റ് അഥവാ 0.12 ശതമാനം ഉയർന്ന് 22,529.05 ലുമാണ് ക്ലോസ് ചെയ്തത്.