25 Jun 2024 11:00 AM GMT
Summary
- ബാങ്ക് നിഫ്റ്റി 52,746 എന്ന റെക്കോർഡ് ഉയരം തൊട്ടു
- റെക്കോർഡ് ഉയരത്തിൽ എത്തിയ മിഡ്‌ക്യാപ് സൂചിക 0.4 ശതമാനം ഇടിഞ്ഞു
- ബാങ്ക്, ഐടി ഓഹരികളുടെ കരുത്തിൽ വിപണി പുതിയ ഉയരങ്ങളിലെത്തി
ചരിത്രത്തിൽ ആദ്യമായി സെൻസെക്സ് 78,000 പോയിന്റുകൾ കടന്നു. ഏഷ്യൻ വിപണികളിലെ മികച്ച മുന്നേറ്റം വിപണിക്ക് കരുത്തേകി. ബാങ്കിങ് ഓഹരികളിൽ കുതിപ്പും സൂചികകൾ നേട്ടത്തിലെത്തിച്ചു.
സെൻസെക്‌സ് 712.44 പോയിൻ്റ് അഥവാ 0.92 ശതമാനം ഉയർന്ന് 78,053.52 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരമധ്യേ സൂചിക 823.63 പോയിൻ്റ് അഥവാ ഒരു ശതമാനം ഉയർന്ന് 78,164.71 എന്ന പുതിയ റെക്കോർഡ് ഉയരം തൊട്ടു.
നിഫ്റ്റി 183.45 പോയിൻ്റ് അഥവാ 0.78 ശതമാനം ഉയർന്ന് 23,721.30 ലാണ് ക്ലോസ് ചെയ്തത്. ഇടവ്യാപാരത്തിൽ സൂചിക 216.3 പോയിൻ്റ് അഥവാ 0.91 ശതമാനം ഉയർന്ന് 23,754.15 എന്ന എക്കാലത്തെയും ഉയർന്ന ലെവലിലെത്തി.
ബാങ്ക്, ഐടി ഓഹരികളുടെ കരുത്തിൽ വിപണി പുതിയ ഉയരങ്ങളിലെത്തി. ബാങ്കുകളിൽ എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഐടി കമ്പനികളായ ഇൻഫോസിസ്, ടെക് മഹീന്ദ്ര, വിപ്രോ എന്നിവയും കുതിച്ചുയർന്നു. ബാങ്ക് നിഫ്റ്റി 52,746 എന്ന റെക്കോർഡ് ഉയരത്തിലെത്തി.
മേഖലാ സൂചികകളിൽ നിഫ്റ്റി ബാങ്കും നിഫ്റ്റി പ്രൈവറ്റ് ബാങ്കും 1.7 ശതമാനം വീതം ഉയർന്നു. നിഫ്റ്റി ഐടി 0.8 ശതമാനം വർധിച്ചു. നിഫ്റ്റി റിയൽറ്റി 1.8 ശതമാനം ഇടിഞ്ഞു. നിഫ്റ്റി മെറ്റൽ, നിഫ്റ്റി മീഡിയ എന്നിവ യഥാക്രമം 0.7 ശതമാനവും 0.5 ശതമാനവും ഇടിഞ്ഞു.
റെക്കോർഡ് ഉയരത്തിൽ എത്തിയ മിഡ്‌ക്യാപ് സൂചിക 0.4 ശതമാനം ഇടിഞ്ഞു. സ്‌മോൾക്യാപ് സൂചിക 0.2 ശതമാനം ഉയർന്നു.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഹോങ്കോങ് എന്നിവ നേട്ടത്തിലും ഷാങ്ഹായ് നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികളിൽ സമ്മിശ്ര വ്യാപാരമായിരുന്നു.
മാർച്ച് പാദത്തിൽ ഇന്ത്യ കറൻ്റ് അക്കൗണ്ട് സർപ്ലസ് 5.7 ബില്യൺ ഡോളർ അഥവാ ജിഡിപിയുടെ 0.6 ശതമാനം രേഖപ്പെടുത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിങ്കളാഴ്ച അറിയിച്ചു. അവസാന പത്ത് പാദങ്ങളിൽ ഇതാദ്യമായാണ് സർപ്ലസിലെത്തുന്നത്.
ബ്രെൻ്റ് ക്രൂഡ് 0.44 ശതമാനം ഇടിഞ്ഞ് ബാരലിന് 85.63 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഉയർന്ന് 83.44 എത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 653.97 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വർണം ട്രോയ് ഔൺസിന് നേരിയ നേട്ടത്തോടെ 2346 ഡോളറിലെത്തി.