image

29 July 2024 5:00 AM GMT

Stock Market Updates

നേട്ടത്തിൽ ആഭ്യന്തര വിപണി; 25,000 പോയിന്റിലേക്ക് നിഫ്റ്റി

MyFin Desk

domestic market on gain, nifty to 25,000 points
X

Summary

  • ആഗോള വിപണികളിലെ നേട്ടത്തോടെയുള്ള വ്യാപാരം സൂചികകൾക്ക് കരുത്തേകി
  • നിഫ്റ്റി ബാങ്ക് ഒരു ശതമാനം ഉയർന്നു
  • ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഉയർന്ന് 83.72 ൽ എത്തി


ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് പുതിയ ഉയരത്തിലാണ്. ആഗോള വിപണികളിലെ നേട്ടത്തോടെയുള്ള വ്യാപാരം സൂചികകൾക്ക് കരുത്തേകി. ഉയർന്നു വരുന്ന വിദേശ നിക്ഷേപകരുടെ വാങ്ങലും സൂചികകളെ പുതിയ ഉയരത്തിലെത്തിക്കാൻ സഹായിച്ചു.

സെൻസെക്‌സ് 416.62 പോയിൻ്റ് ഉയർന്ന് 81,749.34 എന്ന പുതിയ റെക്കോർഡിലെത്തി. നിഫ്റ്റി 145.6 പോയിൻ്റ് ഉയർന്ന് 24,980.45 എന്ന എക്കാലത്തെയും ഉയർന്ന പോയിന്റിലുമെത്തി.

ശ്രീറാം ഫിനാൻസ്, എൻടിപിസി, ഇൻഡസ്ഇൻഡ് ബാങ്ക്, ബിപിസിഎൽ, ഐസിഐസിഐ ബാങ്ക് എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ ടൈറ്റൻ കമ്പനി, ടാറ്റ കൺസ്യൂമർ, ഡോ. റെഡ്ഡീസ് ലാബ്‌സ്, പവർ ഗ്രിഡ് കോർപ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ നഷ്ടത്തിലായി.

സെക്ടറൽ സൂചികകളിൽ ഐസിഐസിഐ, എസ്ബിഐ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയുടെ കുതിപ്പിൽ നിഫ്റ്റി ബാങ്ക് ഒരു ശതമാനം ഉയർന്നു. നിഫ്റ്റി പവർ, ഐടി സൂചികകൾ 0.9, 0.8 ശതമാനം വീതം നേട്ടമുണ്ടാക്കി. ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സിൻ്റെ 0.2 ശതമാനം ഇടിവിൽ എഫ്എംസിജി സൂചിക ചുവപ്പണിഞ്ഞു.

ഇന്ത്യ വിക്സ് സൂചിക 4.5 ശതമാനം ഉയർന്ന് 12.7 ൽ എത്തി. ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.6 ശതമാനവും 1.3 ശതമാനവും വരെ ഉയർന്നു.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോംഗ് കോങ് എന്നിവ നേട്ടത്തോടെ വ്യാപാരം തുടരുന്നു. വെള്ളിയാഴ്ച യുഎസ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 2,546.38 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.35 ശതമാനം ഉയർന്ന് ബാരലിന് 81.41 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.50 ശതമാനം ഉയർന്ന് 2440 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഉയർന്ന് 83.72 ൽ എത്തി.