16 May 2024 11:15 AM GMT
Summary
- നിഫ്റ്റി പിഎസ്‌യു ബാങ്ക് ഒഴികെ എല്ലാ മേഖലാ സൂചികകളും ഉയർന്നാണ് അവസാനിച്ചത്
- ബാങ്കിംഗ്, ഐടി ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ പവർ ഓഹരികൾ വിപണിയെ വലച്ചു
- ഇന്ത്യ വിക്സ് സൂചിക രണ്ടു ശതമാനത്തിലധികം ഇടിഞ്ഞ് 20 ന് അടുത്ത് ക്ലോസ് ചെയ്തു
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇൻഫോസിസ് ഓഹരികളിലെ ഉയർന്ന വാങ്ങൽ സൂചികകൾക്ക് കരുത്തേകി. യുഎസ്, ഏഷ്യൻ വിപണികളിലെ റാലിയും വിപണിക്ക് താങ്ങായി. സെൻസെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഉയർന്നാണ് ക്ലോസ് ചെയ്തത്. ബാങ്കിംഗ്, ഐടി ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ പവർ ഓഹരികൾ വിപണിയെ വലച്ചു. അധികരിച്ച് വരുന്ന വിദേശ നിക്ഷേപകരുടെ വിൽപ്പനയെക്കുറിച്ചുള്ള ആശങ്കകളും തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വവും വിപണിയിൽ നിലനിൽക്കുന്നു.
സെൻസെക്‌സ് 677 പോയിൻ്റ് അഥവാ 0.9 ശതമാനം ഉയർന്ന് 73,663ലും നിഫ്റ്റി 203 പോയിൻ്റ് അഥവാ 0.9 ശതമാനം ഉയർന്ന് 22,403 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്, ഭാരതി എയർടെൽ, എൽ ടി ഐ മൈൻഡ്‌ട്രീ, ടെക് മഹീന്ദ്ര, ഇൻഫോസിസ് എന്നീ ഓഹരികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ മാരുതി സുസുക്കി, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, ഭാരത് പെട്രോളിയം, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.
സെക്ടറൽ സൂചികകൾ
മിഡ്, സ്മോൾ ക്യാപ് സൂചികകളും മികച്ച നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.07 ശതമാനം ഉയർന്നപ്പോൾ സ്മോൾക്യാപ് സൂചിക 0.85 ശതമാനം ഉയർന്നു.
നിഫ്റ്റി പിഎസ്‌യു ബാങ്ക് ഒഴികെ (0.88 ശതമാനം ഇടിവ്) എല്ലാ മേഖലാ സൂചികകളും ഉയർന്നാണ് അവസാനിച്ചത്.
നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ് (1.72 ശതമാനം), ഐടി (1.66 ശതമാനം), റിയൽറ്റി (1.63 ശതമാനം), മീഡിയ (1.22 ശതമാനം), ഫിനാൻഷ്യൽ സർവീസസ് (1.09 ശതമാനം) എന്നിവ മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്തു.
നിഫ്റ്റി ബാങ്ക് 0.61 ശതമാനം ഉയർന്നപ്പോൾ സ്വകാര്യ ബാങ്ക് സൂചിക 0.67 ശതമാനം ഉയർന്നു.
ഇന്ത്യ വിക്സ്
അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക രണ്ടു ശതമാനത്തിലധികം ഇടിഞ്ഞ് 20 ന് അടുത്ത് ക്ലോസ് ചെയ്തു. പൊതുതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വരെ അസ്ഥിരതയുടെ ആശങ്കകൾ പൂർണ്ണമായും ഇല്ലാതാകാൻ സാധ്യതയില്ല. മുൻ തിരഞ്ഞെടുപ്പുകളിൽ, ഇന്ത്യ വിക്സ് 29 വരെ എത്തിയിരുന്നു. ഡാറ്റയുടെ അടിസ്ഥാനത്തിൽ, നിക്ഷേപകർക്ക് ആശങ്കയായി തുടരുന്ന ഇന്ത്യ വിക്സ് ഇനിയും കുതിപ്പ് തുടരാൻ സാധ്യതയുണ്ട്.
"കഴിഞ്ഞ ഒരു മാസത്തിനിടെ ആഭ്യന്തര വിപണി സാക്ഷ്യം വഹിച്ചത് മോശം പ്രകടനത്തിനാണ്. എസ് ആന്‍ഡ് പി 500, യൂറോ സ്റ്റോക്സ് 50 എന്നിവ യഥാക്രമം 5.1 ശതമാനവും 3.7 ശതമാനവും നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റിക്ക് 0.2 ശതമാനം മാത്രമാണ് നേട്ടമുണ്ടായത്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് കെ വിജയകുമാർ പറഞ്ഞു.
എഫ്ഐഐകളുടെ തുടർച്ചയായ വിൽപ്പന വിപണിയിൽ വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് എസ്എഎസ് ഓൺലൈൻ സ്ഥാപകനും സിഇഒയുമായ ശ്രേയ് ജെയിൻ പറഞ്ഞു.
ചൈനയുടെ മികച്ച പ്രകടനമാണ് ഇന്ത്യയിൽ എഫ്ഐഐകളുടെ തുടർച്ചയായ വിൽപ്പനയ്ക്ക് കാരണമായതെന്ന് വിജയകുമാർ പറഞ്ഞു.
ആഗോള വിപണികൾ
ജപ്പാൻ്റെ നിക്കേ 1.37 ശതമാനവും കൊറിയയുടെ കോസ്പി 0.82 ശതമാനവും ഉയർന്നു. ഹാങ് സെങ് 1.56 ശതമാനം നേട്ടമുണ്ടായി.
പ്രധാന യൂറോപ്യൻ വിപണികൾ മന്ദഗതിയിലാണ് വ്യാപാരം തുടരുന്നത്. സെൻസെക്‌സ് ക്ലോസ് ചെയ്യുമ്പോൾ ഫ്രാൻസിൻ്റെ സിഎസി 40 അര ശതമാനത്തിലധികം ഇടിഞ്ഞു. യുകെയുടെ എഫ്‌ടിഎസ്ഇ, ജർമ്മനിയുടെ ഡാക്‌സ് 0.30 ശതമാനം വീതം ഇടിഞ്ഞു. ബുധനാഴ്ച യുഎസ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് റെക്കോർഡ് നേട്ടത്തോടെ.
ബ്രെൻ്റ് ക്രൂഡ് 0.33 ശതമാനം ഇടിഞ്ഞ് ബാരലിന് 82.45 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് 83.50 ലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.35 ശതമാനം ഉയർന്ന് 2386 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 2,832.83 കോടി രൂപയുടെ ഓഹരികൾ വിറ്റു.
സെൻസെക്സ് ബുധനാഴ്ച 117.58 പോയിൻ്റ് അഥവാ 0.16 ശതമാനം ഇടിഞ്ഞ് 72,987.03 ലും നിഫ്റ്റി 17.30 പോയിൻ്റ് അഥവാ 0.08 ശതമാനം ഇടിഞ്ഞ് 22,200.55 ലുമാണ് ക്ലോസ് ചെയ്തത്.