24 Dec 2024 10:45 AM GMT
Summary
- ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ്, എഫ്എംസിജി ഓഹരികളിലെ നേട്ടം വിപണിക്ക് താങ്ങായി
- ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ
- ക്രിസ്മസ് പ്രമാണിച്ച് ഡിസംബർ 25 ബുധനാഴ്ച വിപണിക്ക് അവധിയായിരിക്കും.
ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ഇടിവോടെയാണ്. ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ്, എഫ്എംസിജി ഓഹരികളിലെ നേട്ടം വിപണിക്ക് താങ്ങായി. മെറ്റൽ, പവർ ഓഹരികളിലെ ഇടിവ് വിപണിയെ നഷ്ടത്തിലെത്തിച്ചു.
സെൻസെക്‌സ് 67.30 പോയൻ്റ് അഥവാ 0.09 ശതമാനം താഴ്ന്ന് 78,472.87ലും നിഫ്റ്റി 25.80 പോയൻ്റ് അഥവാ 0.11 ശതമാനം താഴ്ന്ന് 23,727.65ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1907 ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. 1926 ഓഹരികൾ ഇടിഞ്ഞു, 94 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ പവർ ഗ്രിഡ് കോർപ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ടൈറ്റൻ കമ്പനി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ടാറ്റ മോട്ടോഴ്‌സ്, അദാനി എൻ്റർപ്രൈസസ്, ഐഷർ മോട്ടോഴ്‌സ്, ബിപിസിഎൽ, ഐടിസി ഓഹരികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. നിഫ്റ്റി ഐടി, മീഡിയ, മെറ്റൽ, പിഎസ്‌യു ബാങ്ക് സൂചികകൾ ഇടിവിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.3 ശതമാനം ഉയർന്നപ്പോൾ സ്‌മോൾക്യാപ് സൂചിക ഫ്ലാറ്റായാണ് ക്ലോസ് ചെയ്തത്. ഇന്ത്യ വിക്സ് രണ്ടര ശതമാനം താഴ്ന്ന് 13.17ൽ ക്ലോസ് ചെയ്തു.
ഏഷ്യൻ വിപണികളിൽ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തോടെ ക്ലോസ് ചെയ്തു. സിയോളും ടോക്കിയോയും ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യു എസ് വിപണികൾ നേട്ടത്തോടെയാണ് അവസാനിച്ചത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 168.71 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.62 ശതമാനം ഉയർന്ന് ബാരലിന് 73.08 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ നേട്ടത്തോടെ 2630 ഡോളറില്ലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഇടിഞ്ഞ് 85.20 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി.
ക്രിസ്മസ് പ്രമാണിച്ച് ഡിസംബർ 25 ബുധനാഴ്ച വിപണിക്ക് അവധിയായിരിക്കും.