4 July 2024 5:00 AM GMT
കുതിപ്പ് തുടർന്ന് ആഭ്യന്തര വിപണി; സെൻസെക്‌സും നിഫ്റ്റിയും പുതിയ ഉയരത്തിൽ
MyFin Desk
Summary
- ബാങ്ക് നിഫ്റ്റി പുതിയ റെക്കോർഡ് ഉയരത്തിലെത്തി
- എഫ്ഐഐകൾ ബുധനാഴ്ച 5,483.63 കോടി രൂപയുടെ ഓഹരികൾ വാങ്ങി
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഇടിഞ്ഞ് 83.54 എത്തി
തുടക്ക വ്യാപാരത്തിൽ തന്നെ ആഭ്യന്തര സൂചികകൾ പുതിയ ഉയരങ്ങളിലെത്തി. ആഗോള വിപണികളിലെ കുതിപ്പ് അഭ്യന്തര വിപണിക്കും കരുത്തേകി. ബ്ലൂ ചിപ്പ് ഓഹരികളിലെ ഉയർന്ന വാങ്ങലും സൂചികകളെ ഉയരത്തിലെത്തിച്ചു. എഫ്ഐഐകളുടെ വാങ്ങലും വിപണിക്ക് താങ്ങായി.
സെൻസെക്‌സ് 388.84 പോയിൻ്റ് ഉയർന്ന് 80,375.64 എന്ന റെക്കോർഡ് ഉയരത്തിലെത്തി. നിഫ്റ്റി 114.45 പോയിൻ്റ് ഉയർന്ന് 24,400.95 എന്ന എക്കാലത്തെയും ഉയർന്ന ലെവലിൽ എത്തി.
ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, എച്ച്‌സിഎൽ ടെക്, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ് എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, സിപ്ല, ശ്രീറാം ഫിനാൻസ്, അദാനി എൻ്റർപ്രൈസസ്, എച്ച്‌ഡിഎഫ്‌സി ലൈഫ് എന്നിവ നഷ്ടത്തിലാണ്.
ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് എന്നിവയുടെ കുതിപ്പ് ബാങ്ക് നിഫ്റ്റിയെ 53,357.70 എന്ന പുതിയ റെക്കോർഡ് ഉയരത്തിലെത്തി.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഐടി, മെറ്റൽ, ഓട്ടോ സൂചികകൾ നേട്ടത്തിലാണ്. ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക് എന്നെ ഓഹരികളുടെ കുതിപ്പ് ഐടി സൂചികയെ ഒരു ശതമാനത്തോളം ഉയർത്തി. നിഫ്റ്റി എഫ്എംസിജിയും ഫാർമയും നഷ്ടത്തിലാണ്.
മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.35, 0.61 ശതമാനം ഉയർന്നു. മിഡ്‌ക്യാപ് സൂചിക 15,932.60 എന്ന പുതിയ ഉയരത്തിലെത്തി.
വിദേശ സ്ഥാപന സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 5,483.63 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
"എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉൾപ്പെടുന്ന ബാങ്കിംഗ് ഓഹരികളുടെ വാങ്ങലാണ് ബുധനാഴ്ച എഫ്ഐഐകളെ 5,484 കോടി രൂപയുടെ ഉയർന്ന വാങ്ങലിലേക്ക് നയിച്ചത്. ഈ വാങ്ങൽ കുറച്ച് ദിവസത്തേക്ക് കൂടി നിലനിന്നേക്കാം" ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു. അടുത്ത ആഴ്ച മുതൽ നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദ ഫലങ്ങളോട് വിപണി പ്രതികരിക്കാൻ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യൻ വിപണികളിൽ ടോക്കിയോയും സിയൂളും നേട്ടത്തോടെ വ്യാപാരം നടത്തുമ്പോൾ ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിലാണ്. യുഎസ് വിപണികൾ ബുധനാഴ്ച നേട്ടത്തിലാണ് അവസാനിച്ചത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച യുഎസ് വിപണികൾക്ക് അവധിയാണ്.
ബ്രെൻ്റ് ക്രൂഡ് 0.60 ശതമാനം ഇടിഞ്ഞ് ബാരലിന് 86.82 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഇടിഞ്ഞ് 83.54 എത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ ഇടിവിൽ 2366 ഡോളറിലെത്തി.