14 May 2024 11:00 AM GMT
കുതിപ്പ് തുടർന്ന് ആഭ്യന്തര വിപണി; 22,200ൽ നിഫ്റ്റി, 1.97% ഇടിഞ്ഞ് ഇന്ത്യ വിക്സ്
MyFin Desk
Summary
- തുടർച്ചയായി മൂന്നാം ദിവസമാണ് സൂചികകൾ പച്ചയിൽ ക്ലോസ് ചെയുന്നത്
- മിക്ക മേഖലാ സൂചികകളും ഇന്ന് നേട്ടത്തോടെയാണ് അവസാനിച്ചത്
- ബ്രെൻ്റ് ക്രൂഡ് 0.17 ശതമാനം ഇടിഞ്ഞ് ബാരലിന് 83.22 ഡോളറിലെത്തി
കുതിപ്പ് തുടരുന്ന ആഭ്യന്തര സൂചികകൾ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിൽ. തുടർച്ചയായി മൂന്നാം ദിവസമാണ് സൂചികകൾ പച്ചയിൽ ക്ലോസ് ചെയുന്നത്. ഏപ്രിലിൽ റീട്ടെയിൽ പണപ്പെരുപ്പം 11 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.83 ശതമാനത്തിലേക്ക് താഴ്ന്നത് വിപണിക്ക് കരുത്തേകി. കഴിഞ്ഞ ആഴ്‌ച ഏകദേശം 2 ശതമാനം ഇടിഞ്ഞതിനു ശേഷം, മൂല്യനിർണ്ണയ രംഗത്തെ ചില ആശ്വാസം കാരണം ഈ ആഴ്ച വിപണി നേട്ടം തിരിച്ചു പിടിച്ചിരിക്കുകയാണ്.
സെൻസെക്‌സ് 328.48 പോയിൻ്റ് അഥവാ 0.45 ശതമാനം ഉയർന്ന് 73,104.61 ലും നിഫ്റ്റി 113.80 പോയിൻ്റ് അഥവാ 0.51 ശതമാനം ഉയർന്ന് 22,217.85 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റിയിൽ അദാനി എൻ്റർപ്രൈസസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹീറോ മോട്ടോകോർപ്പ്, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ്, ലാർസൻ ആൻഡ് ടൂബ്രോ ഓഹരികൾ നേട്ടത്തോടെ വ്യപാരം അവസാനിപ്പിച്ചപ്പോൾ സിപ്ല, ടാറ്റ കൺസൾട്ടൻസി, ടാറ്റ കൺസ്യുമർ പ്രോഡക്ട്സ്, നെസ്ലെ ഇന്ത്യ, ആക്സിസ് ബാങ്ക് ഓഹരികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു.
സെക്ടറൽ സൂചികകൾ
മിഡ്, സ്മോൾക്യാപ് സെഗ്‌മെൻ്റുകൾ മികച്ച നേട്ടം കൈവരിച്ചതോടെ ബെഞ്ച്മാർക്കുകളെ മറികടന്നു. ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 1.14 ശതമാനം ഉയർന്നപ്പോൾ സ്‌മോൾക്യാപ് സൂചിക 1.79 ശതമാനം നേട്ടമുണ്ടാക്കി.
മിക്ക മേഖലാ സൂചികകളും ഇന്ന് നേട്ടത്തോടെയാണ് അവസാനിച്ചത്. നിഫ്റ്റി മെറ്റൽ (2.77 ശതമാനം ഉയർന്നു), നിഫ്റ്റി ഓട്ടോ (1.83 ശതമാനം ഉയർന്നു), നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് (1.56 ശതമാനം ഉയർന്നു) എന്നിവ മേഖലാ സൂചികകളിൽ ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കി.
നിഫ്റ്റി ബാങ്ക് 0.22 ശതമാനം ഉയർന്നു. പൊതുമേഖലാ ബാങ്ക് സൂചികയും പ്രൈവറ്റ് ബാങ്ക് സൂചികയും യഥാക്രമം 1.04 ശതമാനവും 0.18 ശതമാനവും ഉയർന്നു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ മൊത്ത വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 397.4 ലക്ഷം കോടി രൂപയിൽ നിന്ന് 402 ലക്ഷം കോടി രൂപയായി ഉയർന്നു. ഇത് നിക്ഷേപകർക്ക് ഒറ്റ ദിവസം നൽകിയത് ഏകദേശം 4.6 ലക്ഷം കോടി രൂപയുടെ നേട്ടമാണ്.
തിങ്കളാഴ്ച പുറത്തിറക്കിയ സർക്കാർ കണക്കുകൾ പ്രകാരം, ചില അടുക്കള വസ്തുക്കളുടെ വില കുറഞ്ഞതിനാൽ റീട്ടെയിൽ പണപ്പെരുപ്പം ഏപ്രിലിൽ 11 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.83 ശതമാനമായി കുറഞ്ഞു.
കഴിഞ്ഞ 13 സെഷനുകളായി ഉയർന്നുകൊണ്ടിരുന്ന അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് നേരിയ തോതിൽ താഴ്ന്നു, 1.97 ശതമാനം ഇടിഞ്ഞ സൂചിക 20.19 ലെത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ എന്നിവ നേട്ടത്തിലും ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളിൽ സമ്മിശ്ര വ്യാപാരം തുടരുന്നു. തിങ്കളാഴ്ച യുഎസ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് സമ്മിശ്ര വ്യാപാരത്തിലാണ്.
ബ്രെൻ്റ് ക്രൂഡ് 0.17 ശതമാനം ഇടിഞ്ഞ് ബാരലിന് 83.22 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.24 ശതമാനം ഉയർന്ന് 2348 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.51 ലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 4,498.92 കോടി രൂപയുടെ ഓഹരികൾ വിറ്റു.
തിങ്കളാഴ്ച സെൻസെക്സ് 111.66 പോയിൻ്റ് അഥവാ 0.15 ശതമാനം ഉയർന്ന് 72,776.13 ലും നിഫ്റ്റി 48.85 പോയിൻ്റ് അഥവാ 0.22 ശതമാനം ഉയർന്ന് 22,104.05 ലുമാണ് ക്ലോസ് ചെയ്തത്.