image

16 May 2024 5:00 AM GMT

Stock Market Updates

22,300 കടന്ന് നിഫ്റ്റി; താങ്ങായി യുഎസ് സിപിഐ ഡാറ്റ

MyFin Desk

domestic indexes followed the jump, supported by us cpi data
X

Summary


    ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. പ്രതീക്ഷിച്ചതിലും മികച്ച യുഎസ് പണപ്പെരുപ്പ കണക്കുകൾ വിപണിക്ക് താങ്ങായി. പണപ്പെരുപ്പ കണക്കുകൾ പുറത്തു വന്നതോടെ യുഎസിലെ പ്രധാന വിപണികളെല്ലാം റെക്കോർഡ് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

    രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് ഫലങ്ങളെ ചുറ്റിപ്പറ്റിയുള്ള പിരിമുറുക്കങ്ങൾക്കിടയിൽ ആഭ്യന്തര നിക്ഷേപകർക്ക് ഇത് ആശ്വാസം നൽകി. ആഗോള വിപണികളിലെ നേട്ടം സൂചികകൾക്ക് കരുത്തേകി. റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് ഓഹരികളിലെ കുതിപ്പ് വിപണിയെ നേട്ടത്തിലേക് നയിച്ചു.

    സെൻസെക്‌സ് 409.72 പോയിൻ്റ് ഉയർന്ന് 73,396.75 ലും നിഫ്റ്റി 129.45 പോയിൻ്റ് ഉയർന്ന് 22,330ൽ ലുമാണ് വ്യാപാരം ആരംഭിച്ചത്.

    നിഫ്റ്റിയിൽ ഭാരതി എയർടെൽ, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എൽ ടി ഐ മൈൻഡ്ട്രീ, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ്, എച്ച്സിഎൽ ടെക്, ഹീറോ മോട്ടോകോർപ്പ് എന്നീ ഓഹരികൾ നേട്ടത്തിലാണ്. മാരുതി സുസുക്കി, ശ്രീറാം ഫിനാൻസ്, ടാറ്റ മോട്ടോഴ്‌സ്, ദിവിസ് ലാബ്‌സ്, സിപ്ല, സൺ ഫാർമ തുടങ്ങിയ ഓഹരികൾ ഇടിവിലാണ്.

    ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് നേട്ടത്തിലാണ്.

    കഴിഞ്ഞ രണ്ട് സെഷനുകളായി ഇന്ത്യ വിക്സ് കുതിപ്പ് താൽക്കാലികമായി നിർത്തിയെങ്കിലും, പൊതുതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വരെ അസ്ഥിരതയുടെ ആശങ്കകൾ പൂർണ്ണമായും ഇല്ലാതാകാൻ സാധ്യതയില്ല. മുൻ തിരഞ്ഞെടുപ്പുകളിൽ, ഇന്ത്യ വിക്സ് 29 വരെ എത്തിയിരുന്നു. ചരിത്രപരമായ ഡാറ്റയുടെ അടിസ്ഥാനത്തിൽ, നിക്ഷേപകർക്ക് ആശങ്കയായി തുടരുന്ന ഇന്ത്യ വിക്സ് ഇനിയും കുതിപ്പ് തുടരാൻ സാധ്യതയുണ്ട്.

    ബ്രെൻ്റ് ക്രൂഡ് 0.40 ശതമാനം ഉയർന്ന് ബാരലിന് 83.08 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ ഇടിവോടെ 2393 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 83.44 ലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 2,832.83 കോടി രൂപയുടെ ഓഹരികൾ വിറ്റു.

    "അമേരിക്കൻ സൂചികകൾ പുതിയ റെക്കോഡിലെത്തിയതോടെ ആഗോള വിപണികൾ നേട്ടത്തിലാണ്. ഏപ്രിലിൽ യുഎസ് സിപിഐ പണപ്പെരുപ്പം 3.4 ശതമാനമായി കുറഞ്ഞത് പലിശനിരക്ക് കുറയ്ക്കുന്നതിന് കളമൊരുക്കുന്നു," ജിയോജിത് ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

    ബുധനാഴ്‌ച്ച സെൻസെക്സ് ബുധനാഴ്ച 117.58 പോയിൻ്റ് അഥവാ 0.16 ശതമാനം ഇടിഞ്ഞ് 72,987.03 ലും നിഫ്റ്റി 17.30 പോയിൻ്റ് അഥവാ 0.08 ശതമാനം ഇടിഞ്ഞ് 22,200.55 ലുമാണ് ക്ലോസ് ചെയ്തത്.