13 May 2024 5:00 AM GMT
Summary
- ടാറ്റ മോട്ടോഴ്‌സിൻ്റെ കനത്ത വിൽപ്പനയും സൂചികകളെ വലച്ചു.
- നിഫ്റ്റി ഫാർമ ഒഴികെ ബാക്കി എല്ലാ സൂചികകളും ഇടിവിലാണ്
- ബ്രെൻ്റ് ക്രൂഡ് 0.31 ശതമാനം ഇടിഞ്ഞ് ബാരലിന് 82.53 ഡോളറിലെത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് ചുവപ്പിൽ. ആഗോള വിപണികളിലെ ചാഞ്ചാട്ടങ്ങളെ തുടർന്ന് ആഭ്യന്തര വിപണിയും ഇടിവിലേക്ക് നീങ്ങി. പൊതുതിരഞ്ഞെടുപ്പ് സമയങ്ങളിൽ ഉടലെടുക്കുന്ന വിപണിയിലെ അനിശ്ചിതത്വം ഫലം പ്രഖ്യാപിക്കുന്നത് വരെ നീണ്ടുനിൽകുമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു. തുടർന്ന് കൊണ്ടിരിക്കുന്ന വിദേശ നിക്ഷേപകരുടെ വില്പന വിപണിക്ക് വിനയായി. ടാറ്റ മോട്ടോഴ്‌സിൻ്റെ കനത്ത വിൽപ്പനയും സൂചികകളെ വലച്ചു.
സെൻസെക്‌സ് 462.33 പോയിൻ്റ് ഇടിഞ്ഞ് 72,202.14 ലും നിഫ്റ്റി 125.8 പോയിൻ്റ് താഴ്ന്ന് 21,929.40 ലുമാണ് വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റിയിൽ സിപ്ല, എച്ച്‌ഡിഎഫ്‌സി ലൈഫ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഐഷർ മോട്ടോഴ്‌സ്, ഏഷ്യൻ പെയിൻ്റ്‌സ്, അദാനി എൻ്റർപ്രൈസസ്, ടാറ്റ കൺസൾട്ടൻസി, അദാനി പോർട്ട്‌സ് എന്നീ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഭാരത് പെട്രോളിയം, ഹീറോ മോട്ടോകോർപ്പ്, കോൾ ഇന്ത്യ, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ്, ശ്രീറാം ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ ഇടിവിലാണ്.
വിപണിയിലെ അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക ആദ്യ ഘട്ട വ്യാപാരത്തിൽ 14 ശതമാനം ഉയർന്ന് 21 കടന്നു.
സെക്ടറിൽ സൂചികളിൽ നിഫ്റ്റി ഫാർമ ഒഴികെ ബാക്കി എല്ലാം ഇടിവിലാണ്. നിഫ്റ്റി ഓട്ടോ, പി എസ് യു ബാങ്ക് സൂചികകൾ രണ്ടര ശതമാനത്തിലധികം ഇടിഞ്ഞു. സ്‌മോൾ ക്യാപ് സൂചിക രണ്ടു ശതമാനം താഴ്ന്നു. എനർജി, റിയൽറ്റി സൂചികകളും നഷ്ടത്തിലാണ്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ താഴ്ന്ന നിലയിൽ വ്യാപാരം നടത്തുമ്പോൾ ഹോങ്കോംഗ് നേട്ടത്തിലാണ്. വെള്ളിയാഴ്ച യുഎസ് വിപണികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബ്രെൻ്റ് ക്രൂഡ് 0.31 ശതമാനം ഇടിഞ്ഞ് ബാരലിന് 82.53 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.51 ലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.57 ശതമാനം താഴ്ന്ന് 2361 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 2,117.50 കോടി രൂപയുടെ ഓഹരികൾ വിറ്റു.
സെൻസെക്സ് 260.30 പോയിൻ്റ് അഥവാ 0.36 ശതമാനം ഉയർന്ന് 72,664.47 ലും നിഫ്റ്റി 97.70 പോയിൻ്റ് അഥവാ 0.44 ശതമാനം ഉയർന്ന് 22,055.20 ലുമാണ് വെള്ളിയാഴ്ച്ച ക്ലോസ് ചെയ്തത്