26 July 2024 11:00 AM GMT
കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ: റെക്കോർഡിട്ട് നിഫ്റ്റി, 1200 പോയിന്റ് ഉയർന്ന് സെൻസെക്സ്
MyFin Desk
Summary
- അഞ്ച് ദിവസത്തെ ഇടിവിന് ശേഷമാണ് സൂചികകൾ ഇന്ന് കുതിച്ചുയർന്നത്
- നിഫ്റ്റി 2 ശതമാനം ഉയർന്ന് റെക്കോർഡ് ക്ലോസിംഗിലെത്തി
- ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 83.72 ൽ എത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് പുതിയ റെക്കോർഡിൽ. അഞ്ച് ദിവസത്തെ ഇടിവിന് ശേഷമാണ് സൂചികകൾ ഇന്ന് കുതിച്ചുയർന്നത്. സെൻസെക്‌സ് 1,293 പോയിൻ്റ് കൂട്ടിച്ചേർത്തു. നിഫ്റ്റി 2 ശതമാനം ഉയർന്ന് റെക്കോർഡ് ക്ലോസിംഗിലെത്തി.
സെൻസെക്‌സ് 1,292.92 പോയിൻ്റ് അഥവാ 1.62 ശതമാനം ഉയർന്ന് 81,332.72 ലും നിഫ്റ്റി 428.75 പോയിൻ്റ് അഥവാ 1.76 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന ക്ലോസിംഗ് ആയ 24,834.85 ലും ക്ലോസ് ചെയ്തു. നെസ്‌ലെ ഒഴികെയുള്ള സെൻസെക്‌സ് ഓഹരികളെല്ലാം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഭാരതി എയർടെല്ലാണ്. ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 4.51 ശതമാനം ഉയർന്നു. അദാനി പോർട്‌സ്, സൺ ഫാർമ, ടാറ്റ സ്റ്റീൽ, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഇൻഫോസിസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നേട്ടത്തിലെത്തി. നെസ്‌ലെ മാത്രമാണ് 0.07 ശതമാനം ഇടിഞ്ഞ് ക്ലോസ് ചെയ്തത്.
എല്ലാ സെക്ടറൽ സൂചികകളും ഇന്ന് ക്ലോസ് ചെയ്തത് നേട്ടത്തോടെയാണ്. നിഫ്റ്റി മെറ്റൽ സൂചികയാണ് ഏറ്റവും മികച്ച നേട്ടം നൽകിയത്. കോൾ ഇന്ത്യ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ എന്നിവ 3 ശതമാനത്തിലധികം ഉയർന്നു. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫാർമ, നിഫ്റ്റി ഐടി എന്നിവ 2 ശതമാനം വീതം ഉയർന്നു.
അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക 2.4 ശതമാനം ഇടിഞ്ഞ് 12.3 ലെത്തി. ബിഎസ്ഇ മിഡ്‌ക്യാപ്, ബിഎസ്ഇ സ്‌മോൾക്യാപ് സൂചികകൾ 2 ശതമാനം വരെ ഉയർന്നു.
ഏഷ്യൻ വിപണികളിൽ സിയോൾ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലും ടോക്കിയോ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് വ്യാപരം അവസാനിച്ചത്.
ബ്രെൻ്റ് ക്രൂഡ് 0.40 ശതമാനം ഇടിഞ്ഞ് ബാരലിന് 82.04 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 2,605.49 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വർണം ട്രോയ് ഔൺസിന് 0.83 ശതമാനം ഉയർന്ന് 2373 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 83.72 ൽ എത്തി.