image

27 Jan 2024 10:15 AM GMT

Stock Market Updates

പോയ വാരം ആഭ്യന്തര സൂചികകൾ ഇടിഞ്ഞു; ആഗോള സൂചികകൾ നേട്ടത്തിൽ

MyFin Research Desk

Last week domestic indices fell while global indices gained
X

Summary

  • മിക്ക സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത് ഇടിവിൽ
  • കഴിഞ്ഞ വാരം ബ്രന്റ് ക്രൂഡ് വില 82 ഡോളറിലെത്തി
  • പോയ വാരം എഫ്ഐഐകൾ 12,194.38 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്


പോയ വാരം മൂന്ന് വ്യപാര ദിവസങ്ങൾ മാത്രമായിരുന്നു നിക്ഷേപകർക്ക് ലഭിച്ചത്. ഇത് തീർത്തും അസ്ഥിരമായ ഒരു ആഴ്ച്ചയുമായിരുന്നു. മിക്ക സൂചികകളും ഇടിവിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയും സെൻസെക്സും രണ്ടാഴ്ചയായി തുടരുന്ന ഇടിവ് പോയ വാരത്തിലും കണ്ടു. ബാങ്ക് നിഫ്റ്റി തുടർച്ചയായി നാലാം ആഴ്ചയും ഇടിവിൽ തന്നെ.

എച്ഡിഎഫ്സി ബാങ്ക് മികച്ച പാദഫലം റിപ്പോർട്ട് ചെയ്‌തെങ്കിലും, പ്രതീക്ഷയുടെ അടുത്ത് ലയനത്തിന് ശേഷം പാദഫലത്തിനു എത്താൻ കഴിയാത്തത് 2021 നു ശേഷമുള്ള ഏറ്റവും വലിയ ഇടിവിലേക്കു ബാങ്കിനെ നയിചു. അത് ബാങ്ക് നിഫ്റ്റിയെ മാത്രമല്ല നിഫ്റ്റിയെയും വളരെയധികം ബാധിച്ചു.

ബാങ്കിംഗ് ഓഹരികളുടെ വീഴ്ചയ്ക്ക് പുറമേ ഐ.ടി ഓഹരികളുടെ മോശം പ്രകടനം, അമേരിക്കന്‍ ബോണ്ട് യീല്‍ഡ് വര്‍ധന സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം, വിദേശ നിക്ഷേപകരുടെ വിറ്റൊഴിയല്‍ മനോഭാവം, ക്രൂഡ് ഓയില്‍ വില വര്‍ധന എന്നിവയും സൂചികകളുടെ ഇടിവിന് ആക്കംകൂട്ടി.

ആഗോള വിപണി

2024 എന്ന സാമ്പത്തിക വർഷം അമേരിക്കൻ വിപണിയെ ഒരു പുത്തൻ ഉണർവിലേക്കാണ് നയിക്കുന്നത്. പോയ വാരത്തിൽ തുടക്കം മുതൽ മികച്ച പ്രകടനം തന്നെ ആയിരുന്നു കാഴ്ച വെച്ചത്.പ്രത്യേകിച്ചും എസ് ആൻഡ് പി 500 സൂചിക. മെഗാക്യാപ് ഓഹരികളുടെ ഗ്രൂപ്പായ "മാഗ്നിഫീസെന്റ് സേവൻ" ഓഹരികളുടെ പിൻബലത്തിൽ അഞ്ചു വ്യാപാര സെഷനുകളിലെ നാലെണ്ണത്തിലും റെക്കോർഡ് നിലവാരത്തിലായിരുന്നു ക്ലോസ് ചെയ്തത്. ഡൗ ജോൺസും നാസ്ഡാക്കും പ്രതിവാര നേട്ടത്തോടെ തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്. പണപ്പെരുപ്പം നിയന്ത്രണവിധേയമാകുന്നു എന്ന സൂചന നൽകി പുറത്തു വന്ന ഡിസംബറിലെ പേർസണൽ കണ്സെമ്പ്ഷ്യൻ എക്സ്പെൻഡിച്ചർ ഡാറ്റയും വിപണിയെ ഉത്തേജിപ്പിച്ചു. കണക്കുകൾ പരിശോധിക്കുമോൾ ഡൗ ജോൺസ് 0.65 ശതമാനവും നാസ്ഡാക് 0.94 ശതമാനവും സ് ആൻഡ് പി 50 സൂചിക1.06 ശതമാനമാവും പ്രതിവാര നേട്ടമാണ് രേഖപ്പെടുത്തിയത്.

പോയ വാരത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് ധനനയ പ്രഖ്യാപനത്തിൽ നിലവിലെ നിരക്ക് തുടരുന്നു എന്ന നിലപാട് സ്വീകരിച്ചതാണ് യുറോപിയൻ വിപണിയിലെ ഏറ്റവും പ്രധാന സംഭവങ്ങളിൽ ഒന്ന് . ഈ പ്രഖ്യാനത്തിനോടൊപ്പം തന്നെ 2024 ന്റെ മധ്യത്തോടു കൂടി നിരക്ക് കുറയ്ക്കും എന്ന സൂചന നൽകിയത് യൂറോപ്യൻ വിപണികൾ പ്രതിവാര നേട്ടം രേഖപ്പെടുത്തുന്നതിലേക്ക് നയിച്ചു . ജർമൻ സൂചികയായ DAX 2.45 ശതമാനവും ലണ്ടൻ വിപണിയായ FTSE 100 2.32 ശതമാനവും ഫ്രാൻസ് സൂചികയായ CAC40 3.56 ശതമാനവും പ്രതിവാര നേട്ടം നൽകി.

നിഫ്റ്റി

ചൊവ്വാഴ്ച്ച 21716.70 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 219.20 പോയിന്റ് അഥവാ 1.02 ശതമാനം താഴ്ന്നു 21352.60 പോയിന്റിൽ ക്ലോസ് ചെയ്തു. ഈ കാലയളവിലെ സൂചികയുടെ ഉയർന്ന ലെവൽ 21750.20 പോയിന്റും താഴ്ന്ന ലെവൽ 21137.20 പോയിന്റുമാണ്.

നിഫ്റ്റി ഫർമാ സൂചിക ഒഴിക ബാക്കി സൂചികകളെല്ലാം പോയ വാരം ഇടിവിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ഫർമാ സൂചിക 1.73 ശതമാനം ഉയർന്നു.

നിഫ്റ്റി റീയൽറ്റി 4.50 ശതമാനവും നിഫ്റ്റി ബാങ്ക് സൂചിക 2.69 ശതമാനവും നിഫ്റ്റി എഫ്എംസിജി സൂചിക 1.36 ശതമാനവും നിഫ്റ്റി എനർജി 0.13 ശതമാനവും ഐടി 0.57 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

സെൻസെക്സ്

വരാദ്യം 71868.20 പോയിന്റിൽ വ്യപാരം ആരംഭിച്ച സൂചിക 722.98 പോയിന്റ് അഥവാ 1.01 ശതമാനം താഴ്ന്നു 70700.67 പോയിന്റിൽ ക്ലോസ് ചെയ്തു. ഈ കാലയളവിലെ സൂചികയുടെ ഉയർന്ന ലെവൽ 72039.20 പോയിന്റും താഴ്ന്നത് 70001.60 പോയിന്റുമാണ്.

ബിഎസ്ഇ പവർ സൂചിക 1.52 ശതമാനവും ടെലികോം 1.29 ശതമാനവും ഹെൽത്ത് കെയർ 1.02 ശതമാനവും പോയ വാരം നേട്ടം നൽകി.

ബിഎസ്ഇ റീയൽറ്റി സൂചിക 4.45 ശതമാനവും ഓയിൽ ആൻഡ് ഗ്യാസ് സൂചിക 2.39 ശതമാനവും ഐടി സൂചിക 0.71 ശതമാനവും എനർജി സൂചിക 1.70 ശതമാനവും ഓട്ടോ സൂചിക 0 .11 ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് 1.65 ശതമാനവും ഇടിവിലാണ് പോയ വാരം വ്യാപാരം അവസാനിപ്പിച്ചത്.

വിദേശ നിക്ഷേപകർ

പോയ വാരം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐകൾ) 12,194.38 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐകൾ) 9,701.96 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ജനുവരിയിൽ ഇതുവരെ എഫ്ഐഐകൾ 35,778.08 കോടി രൂപയുടെ ഓഹരികളാണ് വിറ്റരിച്ചത്, ഡിഐഐകൾ 19,976.66 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.

ക്രൂഡ്

ആഗോള എണ്ണവിപണിയിൽ കഴിഞ്ഞ വാരം നേരിയ ചാഞ്ചാട്ടം കാണാന്‍ സാധിച്ചെങ്കിലും പ്രതീക്ഷ നല്‍കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. എണ്ണ വിലയിലെ ബുള്ളിഷ് ട്രെന്‍ഡിന് തുടക്കമിട്ടത് പ്രതീക്ഷിച്ചതിലും വലിയ സാമ്പത്തിക ഡേറ്റ പുറത്ത് വിട്ട അമേരിക്കയാണ്. യുഎസ് ഡേറ്റയുടെ പിന്‍ബലത്തില്‍ കഴിഞ്ഞ വാരം ബ്രന്റ് ക്രൂഡ് വില ബാരലിന് 80 ഡോളര്‍ എന്ന ലെവല്‍ മറികടന്ന് 82 ഡോളറിലെത്തി. നാലാം പാദത്തില്‍ 3.3 ശതമാനം ജിഡിപി വളര്‍ച്ചയാണ് യുഎസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ ഡബ്ല്യുടിഐ ഏകദേശം 8 ശതമാനവും ഉയര്‍ന്നപ്പോള്‍ ബ്രെന്റ് 7 ശതമാനവും നേട്ടമാണ് കൈവരിച്ചത്. 2023ല്‍ രണ്ട് ബെഞ്ച്മാര്‍ക്കുകളുംപത്തു ശതമാനത്തിൽ കൂടുതല്‍ ഇടിഞ്ഞതിന് ശേഷമാണ് 2024ലെ ശക്തമായ തുടക്കം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബ്രെന്റ് 7 ശതമാനം നേട്ടമാണ് നല്‍കിയത്.

സ്വർണം

ഫെഡ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറഞ്ഞതും ബോണ്ട് യീല്‍ഡ് 4 ശതമാനത്തിലെത്തിയതും ഡോളര്‍ കരുത്താര്‍ജിച്ചതുമെല്ലാം സ്വർണ്ണത്തിനു തിരിച്ചടിയായെന്ന് കാണാം. ഈ വര്‍ഷം തുടര്‍ച്ചയായ രണ്ടാം വാരമാണ് സ്വര്‍ണ വില താഴുന്നത്. ഈ ആഴ്ച ഏകദേശം 0.3 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.

വിദേശനാണ്യ ശേഖരം

ഐഎംഎഫിനെ വായ്പയ്ക്കായി വിദേശ രാജ്യങ്ങള്‍ സമീപിക്കുന്നത് വര്‍ധിച്ച് വരുമ്പോള്‍, ഇന്ത്യ 61,000 കോടി ഡോളറിന്റെ വിദേശനാണ്യ ശേഖരവുമായി സുരക്ഷിതമാണെന്ന ഡേറ്റയും പുറത്ത് വന്നിട്ടുണ്ട്. സേവന മേഖലയിലെ ഇന്ത്യയുടെ കുതിപ്പ് ആറ് മാസത്തെ ഉയരത്തിലെത്തി നില്‍ക്കുന്നതായി എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സിന്റെ സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.സേവനങ്ങള്‍ക്കായുള്ള പര്‍ച്ചേസിംഗ് മാനേജഴ്‌സ് സൂചിക ഡിസംബറിലെ 59ല്‍ നിന്ന് 61.2 ആയി ഉയര്‍ന്നു, മാനുഫാക്ചറിംഗ് പിഎംഐ നാല് മാസത്തെ ഉയര്‍ന്ന നിരക്കായ 56.9ലെത്തി. കോമ്പോസിറ്റ് പിഎംഐ 61ലേക്ക് കുതിച്ചുവെന്നും പ്രാഥമിക സര്‍വേയില്‍ പറയുന്നു. സര്‍വേയുടെ അന്തിമ ഡാറ്റ അടുത്ത ആഴ്ചയാണ് എച്ച്എസ്ബിസി പ്രസിദ്ധീകരിക്കുക.

ഇടിവിൽ രൂപ

ഈ ആഴ്ച, യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ നേരിയ തോതിൽ താഴ്ന്നു. ജനുവരി 19ന് അവസാനിച്ച 83.06 രൂപയിൽ നിന്നും ജനുവരി 25ന് അവസാനിച്ച ആഴ്ചയിൽ ആഭ്യന്തര കറൻസി 5 പൈസ ഇടിഞ്ഞ് 83.11 രൂപയിൽ എത്തി.