21 Nov 2023 2:38 AM GMT
ഡോളര്‍ രണ്ട് മാസത്തെ താഴ്ചയില്‍, ക്രൂഡിന് കയറ്റം; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- ഏഷ്യന്‍ ഓഹരി വിപണികള്‍ പൊതുവില്‍ നേട്ടത്തില്‍
- ഫെഡ് റിസര്‍വ് മേയോടു കൂടി നിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷ ശക്തം
വിപണികള്‍ നെഗറ്റിവ് ദിശയില്‍ കണ്‍സോളിഡേഷനില്‍ തുടര്‍ന്ന മറ്റൊരു വ്യാപാര സെഷനാണ് ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്നലെ സാക്ഷ്യം വഹിച്ചത്. ബിഎസ്ഇ സെൻസെക്‌സ് 140 പോയിന്റ് താഴ്ന്ന് 65,655ലും നിഫ്റ്റി 38 പോയിന്റ് താഴ്ന്ന് 19,694ലും എത്തി.
മേയോടു കൂടി അടിസ്ഥാന പലിശ നിരക്കുകളില്‍ 25 ബേസിസ് പോയിന്‍റ് എങ്കിലും കുറവു വരുത്താന്‍ യുഎസ് ഫെഡ് റിസര്‍വ് തയാറാകുമമെന്ന പ്രതീക്ഷ ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് ഡോളര്‍ സൂചികയെ രണ്ടര മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിച്ചിട്ടുണ്ട്. 103.46 എന്ന നിലയിലാണ് ഇപ്പോള്‍ ഡോളര്‍ സൂചികയുള്ളത്. കഴിഞ്ഞയാഴ്ച രണ്ട് ശതമാനത്തോളം ഇടിവ് സംഭവിച്ചതിന് ശേഷമാണ് വീണ്ടും താഴോട്ടിറങ്ങിയത്.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
നിഫ്റ്റി 19,674-ലും തുടർന്ന് 19,654-ലും 19,621-ലും പിന്തുണ നേടുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഉയരുന്ന സാഹചര്യത്തില്‍ 19,740 പെട്ടെന്നുള്ള പ്രതിരോധമായി പ്രവര്‍ത്തിക്കും, തുടര്‍ന്ന് 19,760ഉം 19,793ഉം.
ആഗോള വിപണികളില്‍ ഇന്ന്
തിങ്കളാഴ്ച വൈകുന്നേരത്തെ വ്യാപാരത്തില്‍ യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ ഫ്ലാറ്റ് ലൈനിന് സമീപം തുടര്‍ന്നു. ഡൗ ജോൺസ് ഇന്‍റസ്ട്രിയല്‍ ആവറേജുമായി ബന്ധപ്പെട്ട ഫ്യൂച്ചറുകൾ 0.02 ശതമാനം കൂട്ടിച്ചേർത്തു. എസ് & പി 500 ഫ്യൂച്ചറുകൾ 0.05 ശതമാനം ഉയർന്നപ്പോൾ നാസ്ഡാക്ക് 100 ഫ്യൂച്ചറുകൾ 0.1 ശതമാനം ഉയർന്നു.
പതിവു വ്യാപാരത്തില്‍, ഡൗ 0.6 ശതമാനം ഉയർന്നു. എസ്&പി500 0.7 ശതമാനവും നാസ്ഡാക്ക് കോമ്പോസിറ്റ് 1.1 ശതമാനവും ഉയർന്നു, ഇത് രണ്ട് സൂചികകളിലും ഇത് തുടര്‍ച്ചയായ അഞ്ചാമത്തെ പോസിറ്റീവ് ദിനമാണ്.നാസ്ഡാക്ക് 100 ഏകദേശം 1.2 ശതമാനം ഉയർന്ന് 22 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.
യൂറോപ്യന്‍ വിപണികള്‍ പൊതുവേ സമ്മിശ്രമായ തലത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകര്‍ ജാഗ്രതാപൂര്‍വമായ സമീപനം കൈക്കൊണ്ടു.
ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെംഗ്, ദക്ഷണി കൊറിയയുടെ കോസ്പി, കോസ്ഡാഖ്, ചൈനയുടെ ഷാങ്ഹായ് എന്നിവ നേട്ടത്തിലാണ് തുടങ്ങിയത്. ജപ്പാന്‍റെ നിക്കിയും ടോപിക്സും ചുപപ്പിലാണ്.
ഗിഫ്റ്റ് നിഫ്റ്റി 7 പോയിന്‍റ് നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെയും നേട്ടത്തിലുള്ള തുടക്കത്തെയാണ് ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
എബിബി ഇന്ത്യ: ഇന്ത്യയിലെ മെട്രോ റോളിംഗ് സ്റ്റോക്ക് പ്രോജക്ടുകൾക്കായി പ്രൊപ്പൽഷൻ സംവിധാനങ്ങൾ വിതരണം ചെയ്യുന്നതിനായി എബിബിയും ടിറ്റാഗർ റെയിൽ സിസ്റ്റംസും തന്ത്രപരമായ പങ്കാളിത്തം രൂപീകരിച്ചു.
എച്ച്‌ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസ് കമ്പനി: കർണാടക ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്ക് ലൈഫ് ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി എച്ച്‌ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസുമായി തന്ത്രപരമായ കോർപ്പറേറ്റ് പങ്കാളിത്തം പ്രഖ്യാപിച്ചു.
റേറ്റ് ഗെയിന്‍ ട്രാവല്‍ ടെക്നോളജീസ്: ഹോസ്പിറ്റാലിറ്റി സോഫ്‌റ്റ്‌വെയർ നൽകുന്ന കമ്പനി തങ്ങളുടെ ക്യുഐപി ഇഷ്യു അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. 93.31 ലക്ഷം ഇക്വിറ്റി ഷെയറുകൾ ഒരു ഓഹരിക്ക് 643 രൂപ നിരക്കിൽ വിതരണം ചെയ്തു. തറ വിലയില്‍ നിന്ന് 4.97 ശതമാനം കിഴിവാണ് ഇത്.
ടാറ്റ പവർ കമ്പനി: ഉപകമ്പനിയായ ടാറ്റ പവർ റിന്യൂവബിൾ എനർജി (ടിപിആർഇഎൽ) കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ ഗ്രൂപ്പ് ക്യാപ്റ്റീവ് പ്രോജക്ടുകളില്‍ 1.4 ജിഗാവാട്ട് ശേഷി മറികടന്നു. 2023 ഒക്ടോബറിലെ കണക്കനുസരിച്ച് ടിപിആർഇഎല്ലിന്റെ മൊത്തത്തിലുള്ള പുനരുപയോഗ ശേഷി 7,961 മെഗാവാട്ടിലെത്തി.
കിർലോസ്‌കർ ഇലക്ട്രിക് കമ്പനി: നവംബർ 20 മുതൽ ബെംഗളൂരു റൂറൽ ജില്ലയിലെ നെലമംഗല താലൂക്കിൽ ഭൂദിഹാളിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ യൂണിറ്റ് നമ്പർ 15-ന്റെ ലോക്കൗട്ട് പിൻവലിച്ചതായി കമ്പനി അറിയിച്ചു. കൂടാതെ, എല്ലാ തൊഴിലാളികളോടും ജോലിയിൽ റിപ്പോർട്ട് ചെയ്യാൻ മാനേജ്‌മെന്റ് അഭ്യർത്ഥിച്ചു.
എച്ച്സികെകെ വെഞ്ച്വേഴ്‌സ്: ലോജിസ്റ്റിക്‌സ് ടെക്‌നോളജി സൊല്യൂഷന്‍ കമ്പനിയായ സോഫ്റ്റ്‌ലിങ്ക് ഗ്ലോബലിനെ, മാർക്കറ്റ് റെഗുലേറ്ററുടെ അനുമതിക്ക് വിധേയമായി, എച്ച്സികെകെ-യുമായി ലയിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. 430 കോടി രൂപയുടെ ഏകദേശ മൂല്യത്തിലാണ് സോഫ്റ്റ്‌ലിങ്കിനെ സോഫ്റ്റ്‌വെയർ സേവനാതാക്കളായ എച്ച്‌സികെകെ ഏറ്റെടുക്കുന്നത്.
ക്രൂഡ് ഓയില്‍ വില
തിങ്കളാഴ്ച ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ 2 ശതമാനത്തിലധികം ഉയർന്നു. ഒപെക് പ്ലസ് രാഷ്ട്രങ്ങള്‍ വിതരണം വെട്ടിക്കുറക്കുന്നത് വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വില വർദ്ധിപ്പിക്കാനുള്ള സാധ്യത മുന്നിലുണ്ട്.
ജനുവരിയിലെ ബ്രെന്റ് ക്രൂഡ് കരാർ 2.12 ഡോളർ അഥവാ 2.63 ശതമാനം ഉയർന്ന് ബാരലിന് 82.73 ഡോളറായും വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് കരാർ ഡിസംബറിലെ 1.89 ഡോളർ അഥവാ 2.49 ശതമാനം ഉയർന്ന് ബാരലിന് 77.78 ഡോളറായും മാറി.
വിദേശ ഫണ്ടുകളുടെ ഗതി
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 645.72 കോടി രൂപയുടെ അറ്റ വില്‍പ്പന ഇന്നലെ ഓഹരികളില്‍ നടത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 77.77 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തിയെന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം