23 April 2024 9:01 AM GMT
Summary
- മാസത്തിലെ അവസാന വെളളിയാഴ്ചയാകും ഡെറിവേറ്റീവ് കരാറുകള്‍ അവസാനിക്കുന്നത്
- നിഫ്റ്റി 100 സൂചികയില്‍ നിന്ന് നിഫ്റ്റി 50 കമ്പനികളെ ഒഴിവാക്കിയുള്ളതാണ് നിഫ്റ്റി നെക്സ്റ്റ് 50 സൂചിക
നിഫ്റ്റി നെക്സ്റ്റ് 50 സൂചികയിൽ നാളെ മുതൽ ഡെറിവേറ്റീവുകൾ ആരംഭിക്കും. മൂന്ന് പ്രതിമാസ ഇന്‍ഡക്സ് ഫ്യൂചേഴ്സ്, ഓപ്ഷന്‍സ് കോൺട്രാക്ട് സൈക്കിളുകളാവും എന്‍എസ്ഇ അവതരിപ്പിക്കുക. മാസത്തിലെ അവസാന വെളളിയാഴ്ചയാകും ഡെറിവേറ്റീവ് കരാറുകള്‍ അവസാനിക്കുന്നത്. നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സില്‍ ഡെറിവേറ്റീവ് ആരംഭിക്കാന്‍ നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിന് സെബിയുടെ അനുമതി ഏപ്രില്‍ 18 ലാണ് ലഭിച്ചത്.
നിഫ്റ്റി 100 സൂചികയില്‍ നിന്ന് നിഫ്റ്റി 50 കമ്പനികളെ ഒഴിവാക്കിയുള്ളതാണ് നിഫ്റ്റി നെക്സ്റ്റ് 50 സൂചിക. 1997 ജനുവരി ഒന്നിനായിരുന്നു ഈ സൂചികയ്ക്ക് തുടക്കം കുറിച്ചത്. എന്‍എസ്ഇയില്‍ ലിസ്റ്റു ചെയ്ത മൊത്തം ഓഹരികളുടെ 18 ശതമാനത്തോളം വരുന്ന 70 ട്രില്യണ്‍ രൂപയുടെ വിപണി വിഹിതമാണ് ഈ സൂചികയ്ക്കുള്ളത്.
2024 മാർച്ചിലെ കണക്കനുസരിച്ച്, ഫിനാൻഷ്യൽ സർവീസ് മേഖലയിൽ നിന്നുള്ള മുൻനിര ഓഹരികൾ സൂചികയിലുണ്ട്, ഏകദേശം 23.76 ശതമാനവും ഈ മേഖലയിൽ നിന്നുള്ള ഓഹരികളാണ്. ക്യാപിറ്റൽ ഗുഡ്സ് മേഖലയിൽ നിന്നും 11.91 ശതമാനവും ഉപഭോക്തൃ സേവനങ്ങൾ 11.57 ശതമാനവും ഓഹരികളാണ് സൂചികയിലുള്ളത്.
സൂചികയിലെ ഓഹരികളുടെ പ്രതിദിന ശരാശരി വ്യാപാരം 9,560 കോടി രൂപയാണ്. ഇത് 2024 സാമ്പത്തിക വർഷത്തിലെ വിപണിയിലെ വ്യാപാരത്തിന്റെ ഏകദേശം 12 ശതമാനമാണ്.