6 Nov 2023 6:03 AM
Summary
- തകരാര്‍ പരിഹരിക്കുന്നതിന് ശ്രമം തുടരുകയാണെന്ന് സെരോദ
- ഓർഡർ ബുക്കും ഹോള്‍ഡിംഗുകളും പ്രദർശിപ്പിക്കുന്ന പേജുകൾ ശൂന്യമായാണ് കാണുന്നത്
ആഭ്യന്തര സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ സെരോദ വീണ്ടും സാങ്കേതിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു. സെരോദയുടെ ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ കൈറ്റിൽ, തങ്ങളുടെ ഓർഡർ ബുക്കും ഹോള്‍ഡിംഗുകളും പ്രദർശിപ്പിക്കുന്ന പേജുകൾ ശൂന്യമായാണ് കാണുന്നതെന്ന പരാതി വിവിധ ട്രേഡര്‍മാരില്‍ നിന്ന് ഇന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്.
"ഇടയ്‌ക്കിടെയുള്ള ഒരു പ്രശ്‌നം കാരണം, ഞങ്ങളുടെ ചില ഉപയോക്താക്കൾക്ക് ഓർഡർബുക്കിൽ എക്‌സിക്യൂട്ട് ചെയ്‌ത ഓർഡറുകൾ കാണാൻ കഴിയുന്നില്ല. എന്നിരുന്നാലും, എക്‌സിക്യൂട്ട് ചെയ്‌ത ഓർഡറുകൾ പൊസിഷൻ പേജിൽ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. ഹോൾഡിംഗുകളും ഫണ്ടുകളും വ്യക്തമാക്കുന്ന പേജും ലോഡ് ചെയ്യുന്നില്ല. ഞങ്ങൾ ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ഇത് വരുത്തിയ അസൗകര്യത്തിൽ ഖേദിക്കുന്നു,” സെരോദ ക്ലയന്റുകൾക്ക് അയച്ച കുറിപ്പിൽ പറഞ്ഞു.
സാങ്കേതിക തകരാർ മൂലം വ്യാപാരികൾക്ക് പൊസിഷനിൽ നിന്ന് പുറത്തുപോകാൻ കഴിയാതെ വന്നത് പലരെയും നഷ്ടത്തിലേക്ക് നയിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ആഴ്‌ചയും സെറോദ ഉപയോക്താക്കൾ സാങ്കേതിക പ്രശ്നം നേരിട്ടിരുന്നു. ബിഎസ്‌ഇയിലെ ചില ഓഹരികളുടെ മുൻ ക്ലോസിംഗ് വിലയും സർക്യൂട്ട് പരിധിയും കാണിക്കുന്നതിലാണ് പ്രശ്നം നേരിട്ടത്. ചില ക്ലയന്റുകളുടെ നിക്ഷേപ മൂല്യവും കൈറ്റ് ആപ്പിൽ തെറ്റായാണ് കാണിച്ചത്.
ഇത്തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ട്രേഡിംഗിനെ ബാധിക്കുന്നത് പരിഹരിക്കാനായി, നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അടുത്തിടെ ഇൻവെസ്റ്റർ റിസ്ക് റിഡക്ഷൻ ആക്‌സസ് (ഐആര്‍ആര്‍എ) പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചിരുന്നു. ബ്രോക്കർ നൽകുന്ന ട്രേഡിംഗ് സേവനങ്ങളിൽ തടസ്സമുണ്ടായാൽ വ്യാപാരികൾക്ക് അവരുടെ ട്രേഡുകൾ സ്‌ക്വയർ ചെയ്യാനോ സെറ്റിൽ ചെയ്യാനോ ഈ പ്ലാറ്റ്‍ഫോം വിനിയോഗിക്കാം. എന്നിരുന്നാലും, ഐആര്‍ആര്‍എ പ്ലാറ്റ്‌ഫോമിലൂടെ പുതിയ പൊസിഷനുകളോ പുതിയ ഓർഡറുകളോ നൽകാനാവില്ല.