31 May 2024 11:00 AM GMT
ഇടിവിന് വിരാമം, അസ്ഥിരതകൾക്ക് മാറ്റമില്ല; ആറാം നാൾ പച്ചയണിഞ്ഞ് ആഭ്യന്തര വിപണി
MyFin Desk
Summary
- തുടർച്ചയായുള്ള അഞ്ചു ദിവസത്തെ ഇടിവിനാണ് വിപണി ഇന്ന് വിരാമമിട്ടത്
- ബിഎസ്ഇ മിഡ്ക്യാപ് ഫ്ലാറ്റായി ക്ലോസ് ചെയ്തപ്പോൾ ബിഎസ്ഇ സ്‌മോൾ ക്യാപ് 0.8 ശതമാനം നേട്ടമുണ്ടാക്കി
- സ്വർണം നേരിയ ഇടിവോടെ ട്രോയ് ഔൺസിന് 2364 ഡോളറായി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേരിയ നേട്ടത്തോടെ. തുടർച്ചയായുള്ള അഞ്ചു ദിവസത്തെ ഇടിവിനാണ് വിപണി ഇന്ന് വിരാമമിട്ടത്. ഇനി നിക്ഷേപകരുടെ ശ്രദ്ധ മുഴുവനും പൊതുതിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിലേക്കും തുടർന്ന് വരുന്ന എക്‌സിറ്റ് പോൾ ഫലങ്ങളിലുമാണ്. വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്ഐഐ) വില്പന, സമ്മിശ്ര ആഗോള സൂചനകൾ, നിരക്ക് വെട്ടിക്കുറവിനെക്കുറിച്ചുള്ള പ്രതീക്ഷകൾ, ആഗോള പ്രശ്നങ്ങൾ എന്നിവയെല്ലാം വിപണിയുടെ ചാഞ്ചാട്ടത്തിന് കാരണമായി.
സെൻസെക്‌സ് 76 പോയിൻ്റ് അഥവാ 0.10 ശതമാനം ഉയർന്ന് 73,961.31 ലും നിഫ്റ്റി 42 പോയിൻ്റ് അഥവാ 0.19 ശതമാനം ഉയർന്ന് 22,530.70 ലും വ്യാപാരം അവസാനിപ്പിച്ചു. ഈ ആഴ്ചയിൽ സെൻസെക്സും നിഫ്റ്റിയും രണ്ട് ശതമാനത്തോളം ഇടിഞ്ഞു.
നിഫ്റ്റിയിൽ അദാനി എൻ്റർപ്രൈസസ്, അദാനി പോർട്ട്സ് & സെസ്, ശ്രീറാം ഫിനാൻസ്, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ ലിമിറ്റഡ്, ബജാജ് ഓട്ടോ എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ദിവീസ് ലാബ്‌സ്, നെസ്‌ലെ ഇന്ത്യ, ടാറ്റ കൺസൾട്ടൻസി, മാരുതി സുസുക്കി, എൽ ടി ഐ മൈൻഡ്‌ട്രീ, ഡോ റെഡ്ഡീസ് ലബോറട്ടറീസ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.
സെക്ടറൽ സൂചികകൾ
ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികളുടെ കുതിപ്പിൽ നിഫ്റ്റി ഇന്ന് നേട്ടത്തിലെത്തി. മാത്രമല്ല നിഫ്റ്റി ബാങ്കിന് 0.6 ശതമാനം നേട്ടമുണ്ടാക്കാനും ഇത് കാരണമായി. നിഫ്റ്റി റിയൽറ്റി 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി മെറ്റൽ സൂചിക 2 ശതമാനം ഉയർന്നാണ് ക്ലോസ് ചെയ്തത്.
ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര എന്നീ ഓഹരികളുടെ ഇടിവ് നിഫ്റ്റി ഐടി സൂചികയെ 1.3 ശതമാനം താഴ്ത്തി. നിഫ്റ്റി ഹെൽത്ത് കെയറും നിഫ്റ്റി ഫാർമയും ഒരു ശതമാനം വീതം ഇടിഞ്ഞു.
ബിഎസ്ഇ മിഡ്ക്യാപ് ഫ്ലാറ്റായി ക്ലോസ് ചെയ്തപ്പോൾ ബിഎസ്ഇ സ്‌മോൾ ക്യാപ് 0.8 ശതമാനം നേട്ടമുണ്ടാക്കി. ആദ്യഘട്ട വ്യപാരത്തിൽ 5 ശതമാനത്തിലധികം ഇടിഞ്ഞ ഇന്ത്യ വിക്സ് 1.7 ശതമാനം ഉയർന്ന് 24.6 ൽ ക്ലോസ് ചെയ്തു.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ ജപ്പാന്റെ നിക്കേ വ്യാപാരം അവസാനിപ്പിച്ചത് 1.27 ശതമാനം നേട്ടത്തോടെയാണ്. ഓസ്‌ട്രേലിയൻ ഓഹരികളും നേട്ടമുണ്ടാക്കി. ഷാങ് ഹായ്, ഹോംഗ് കോങ്ങ് വിപണികൾ ക്ലോസ് ചെയ്തത് ചുവപ്പിലാണ്.
യുഎസ് വിപണികൾ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത് ചുവപ്പിലാണ്. എസ് ആൻ്റ് പി 500 സൂചിക 5,230 ലെത്തി. നാസ്ഡാക്ക് 100 ഒരു ശതമാനത്തോളം ഇടിഞ്ഞു.
സ്വർണം നേരിയ ഇടിവോടെ ട്രോയ് ഔൺസിന് 2364 ഡോളറായി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 0.18 ശതമാനം ഉയർന്ന് 83.31 ലെത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.29 ശതമാനം ഉയർന്ന് 81.94 ഡോളറിലെത്തി