image

6 Sep 2024 11:39 AM GMT

Stock Market Updates

ശോകമൂകമായി ദലാൽ തെരുവ്; കുത്തനെ ഇടിഞ്ഞ് സൂചികകൾ

MyFin Desk

ശോകമൂകമായി ദലാൽ തെരുവ്; കുത്തനെ ഇടിഞ്ഞ് സൂചികകൾ
X

Summary

  • സെൻസെക്സും നിഫ്റ്റിയും ഈ ആഴ്ചയിൽ മാത്രം ഇടിഞ്ഞത് 1.5 ശതമാനം വീതമാണ്
  • എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്
  • ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 83.95ൽ എത്തി


ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് വൻ ഇടിവിലാണ്. സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലധികം ഇടിഞ്ഞു. തുടർച്ചയായി മൂന്നാം ദിവസമാണ് വിപണി നഷ്ടത്തിൽ അവസാനിക്കുന്നത്. സെൻസെക്സും നിഫ്റ്റിയും ഈ ആഴ്ചയിൽ മാത്രം ഇടിഞ്ഞത് 1.5 ശതമാനം വീതമാണ്.

സെൻസെക്‌സ് 1,017.23 പോയിൻ്റ് അഥവാ 1.24 ശതമാനം ഇടിഞ്ഞ് 81,183.93 ലും നിഫ്റ്റി 292.95 പോയിൻറ് അഥവാ 1.17 ശതമാനം ഇടിഞ്ഞ് 24,852.15 ലും ആണ് ക്ലോസ് ചെയ്തത്.

സെൻസെക്സിൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നാല് ശതമാനത്തിലധികം ഇടിഞ്ഞു. എൻടിപിസി, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്നോളജീസ്, റിലയൻസ് ഇൻഡസ്ട്രീസ്, ആക്സിസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളും ഇടിഞ്ഞു. ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിൻ്റ്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, മാരുതി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്. നിഫ്റ്റി ഓട്ടോ, പിഎസ്‌യു ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ്, മീഡിയ, ടെലികോം, ഐടി, റിയാലിറ്റി, ക്യാപിറ്റൽ ഗുഡ്‌സ് എന്നിവ 1-3 ശതമാനം ഇടിഞ്ഞ്

ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 1.4 ശതമാനം ഇടിഞ്ഞപ്പോൾ സ്‌മോൾക്യാപ് സൂചിക പുതിയ റെക്കോർഡ് ഉയരത്തിൽ എത്തിയതിന് ശേഷം ഒരു ശതമാനം ഇടിഞ്ഞു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ ചുവപ്പിലാണ് അവസാനിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ(എഫ്ഐഐ) വ്യാഴാഴ്ച 688.69 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.14 ശതമാനം ഉയർന്ന് ബാരലിന് 72.79 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.26 ശതമാനം ഉയർന്ന് 2549 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 83.95ൽ എത്തി.