image

28 Sept 2023 2:21 AM

Stock Market Updates

ക്രൂഡ് വില കുതിച്ചുയരുന്നു; തിരിച്ചുവരവ് നിലനില്‍ക്കുമോ? - ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

pre-market analysis in malayalam |  stock market analysis
X

Summary

  • ബുധനയാഴ്ച ബ്രെന്‍റ് ക്രൂഡ് വില 3 ശതമാനത്തിലധികം ഉയര്‍ന്നു
  • ഗിഫ്റ്റ് നിഫ്റ്റിയില്‍ ഇന്നലെ റെക്കോഡ് ഇടപാടുകള്‍
  • യുഎസ് ഓഹരി വിപണികള്‍ ഇന്നലെ അവസാനിച്ചത് സമ്മിശ്ര തലത്തില്‍


തുടര്‍ച്ചയായ നഷ്ടങ്ങള്‍ സൃഷ്ടിച്ച താഴ്ചയില്‍ നിന്ന് തിരിച്ചുവരവിന്‍റെ പാതയിലായിരുന്നു ഇന്നലെ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍. വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് 173.22 പോയന്റ് ( 0.26 ശതമാനം) ഉയര്‍ന്ന് 66,118.69 ല്‍ എത്തി. നിഫ്റ്റി 51.80 പോയന്റ് ( 0.26 ശതമാനം) ഉയര്‍ന്ന് 19,716.50 പോയിന്റ് രേഖപ്പെടുത്തി. ഏഷ്യന്‍-യൂറോപ്യന്‍ വിപണികളിലെ പോസിറ്റീവ് പ്രവണതകള്‍ക്കൊപ്പം ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറ ഇന്ത്യയുടെ ന്യൂട്രല്‍ പദവി ഓവര്‍വെയ്റ്റിലേക്ക് ഉയര്‍ത്തിയതും വിപണിക്ക് കരുത്തു പകരുന്നതില്‍ നിർണായക പങ്കു വഹിച്ചു. ചൈനക്ക് പുറമേ ഇന്ത്യയെയും മികച്ച നിക്ഷേപ സ്ഥലമായി വിദേശ കമ്പനികള്‍ ഗൗരവമായി പരിഗണിച്ചു തുടങ്ങിയതാണ് വെയിറ്റേജ് ഉയർത്താന്‍ നൊമുറയെ പ്രേരിപ്പിച്ചത്.

ബുധനാഴ്ച യുഎസ് ബ്രെന്‍റ് ക്രൂഡ് ഓയിലിന്‍റെ വില 3 ശതമാനത്തിലധികം ഉയര്‍ന്നിട്ടുണ്ട്. ക്രൂഡ് വില ഇനിയും ഉയരുന്നത് അവഗണിക്കാന്‍ നിക്ഷേകര്‍ക്ക് സാധിക്കില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ യുഎസിലെ ഉപഭോക്തൃ ആത്മവിശ്വാസം നാലു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയത് പണപ്പെരുപ്പത്തെ കുറിച്ചും പലിശ നിരക്കിനെ കുറിച്ചുമുള്ള ആശങ്കകളെ വീണ്ടും ശക്തമാക്കിയിട്ടുണ്ട്.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പൈവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 19,600-ലും തുടർന്ന് 19,558-ലും 19,490-ലും സപ്പോര്‍ട്ട് സ്വീകരിക്കുമെന്നാണ്. ഉയർച്ചയുടെ സാഹചര്യത്തില്‍, 19,735 പെട്ടെന്നുള്ള റെസിസ്റ്റന്‍സായി മാറാം, തുടർന്ന് 19,776ഉം 19,844ഉം.

ആഗോള വിപണികളില്‍ ഇന്ന്

ഇന്ന് സമ്മിശ്രമായ തലത്തിലാണ് ഏഷ്യ-പസഫിക് വിപണികളില്‍ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയയുടെ എഎസ്എക്സ്, ചൈനയുടെ ഷാങ്ഹായ്, തായ്വാന്‍റെ ടിഎസ്ഇസി എന്നിവ പച്ചയിലാണ്. അതേസമയം ഹോംഗ്കോംഗിന്‍റെ ഹാങ്സെങ്, ജാപ്പാന്‍റെ നിക്കൈ തുടങ്ങിയ വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

യുഎസ് വിപണികള്‍ ഇന്നലെ സമ്മിശ്രമായ തലത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. എസ്&പി500 0.04 ശതമാനം ഉയർന്നപ്പോള്‍ നാസ്ഡാക്ക് കോമ്പോസിറ്റ് 0.22 ശതമാനം ഉയർന്നു. അതേസമയം ഡൗ ജോൺസ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 0.20 ശതമാനം ഇടിവാണ ്പ്രകടമാക്കിയത്. യൂറോപ്യന്‍ഓഹരികളില്‍ തുടര്‍ച്ചയായ അഞ്ചാം ദിനത്തിലും ഇടിവാണ് പ്രധാനമായും പ്രകടമായത്.

ഗിഫ്റ്റ് നിഫ്റ്റി ഇന്ന് 11 പോയിന്‍റ് ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. എങ്കിലും പിന്നീട് നേട്ടത്തിലേക്ക് കയറിയിട്ടുണ്ട്. ഗിഫ്റ്റ് നിഫ്റ്റി സൂചിക ഇന്നലെ എക്കാലത്തെയും ഉയർന്ന സിംഗിൾ ഡേ ട്രേഡിംഗ് പ്രവർത്തനം രേഖപ്പെടുത്തി. 1525 കോടി ഡോളറിന്റെ (1,26,930 കോടി രൂപ) വിറ്റുവരവോടെ 3,86,350 കരാറുകളാണ് ഇന്നലെ നടന്നത്. ഈ വര്‍ഷം ഓഗസ്റ്റ് 29ന് രേഖപ്പെടുത്തിയ 1298 കോടി ഡോളറിന്റെ റെക്കോഡാണ് മറികടന്നത്.

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

യാത്ര ഓൺലൈൻ: ഈ ട്രാവൽ സർവീസ് കമ്പനിയുടെ ഓഹരികള്‍ ഇന്ന് ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഇഷ്യൂ വില ഒരു ഷെയറിന് 142 രൂപയായി നിശ്ചയിച്ചു.

അരബിന്ദോ ഫാർമ: കുട്ടികളുടെ വാക്സിനേഷനിൽ ഉപയോഗിക്കുന്ന പെന്റാവാലന്റ് വാക്സിൻ കാൻഡിഡേറ്റ് വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും വാണിജ്യ അടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്നതിനുമായി ഹില്ലെമാൻ ലബോറട്ടറീസ് സിംഗപ്പൂർ പിടിഇ ലിമിറ്റഡുമായി അരബിന്ദോ ഫാര്‍മയുടെ ഉപകമ്പനി ഓറോ വാക്സിന്‍സ് ലൈസൻസ് കരാറിൽ ഏർപ്പെട്ടു.

ഡിക്സണ്‍ ടെക്നോളജീസ്: ഷഓമി സ്മാർട്ട്ഫോണുകളുടെയും മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളുടെയും നിർമ്മാണത്തിനായി ഷഓമി ടെക്നോളജി ഇന്ത്യയുമായി ഉപകമ്പനിയായ പാഡ്ജെറ്റ് ഇലക്ട്രോണിക്സ് ഒരു കരാറിൽ ഏർപ്പെട്ടു. ഉത്തർപ്രദേശിലെ നോയിഡയിലുള്ള പാഡ്‌ജെറ്റിന്റെ ഉല്‍പ്പാദന കേന്ദ്രത്തിൽ നിന്നാണ് ഈ ഉല്‍പ്പാദനം നടക്കുക.

ടാറ്റ പവർ കമ്പനി: ഉപകമ്പനിയായ ടാറ്റ പവർ റിന്യൂവബിൾ എനർജി (ടിപിആർഇഎൽ) തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ 41 മെഗാവാട്ട് ക്യാപ്റ്റീവ് സോളാർ പ്ലാന്റ് സ്ഥാപിക്കും. തിരുനെൽവേലിയിലെ ടിപി സോളാറിന്റെ പുതിയ ഗ്രീൻഫീൽഡ് 4.3 ജിഗാവാട്ട് സോളാർ സെല്‍- മൊഡ്യൂൾ നിർമാണ കേന്ദ്രത്തിനു വേണ്ടിയാണിത്.

റിലയൻസ് ഇൻഡസ്ട്രീസ്: ഉപകമ്പനിയായ റിലയൻസ് ജിയോ 2023 ജൂലൈ മാസത്തിൽ 39.07 ലക്ഷം വയർലെസ് വരിക്കാരെ ചേർത്തു, മുൻ മാസത്തെ 22.7 ലക്ഷം വരിക്കാരെ അപേക്ഷിച്ച് കുത്തനെയുള്ള ഉയർച്ചയാണിത്. ഇതോടെ, 2023 ജൂലൈ വരെയുള്ള കണക്കനുസരിച്ച് വയർലെസ് വരിക്കാരുടെ 38.60 ശതമാനം വിപണി വിഹിതം ജിയോ കൈവശപ്പെടുത്തി.

ഭാരതി എയർടെൽ: ജൂലൈ മാസത്തിൽ 15.17 ലക്ഷം വരിക്കാരെ ചേർത്തു, മുൻ മാസത്തെ 14.1 ലക്ഷം വരിക്കാരെ അപേക്ഷിച്ച് വർധന നേടാനായി. 2023 ജൂലൈ വരെയുള്ള കണക്കനുസരിച്ച് വയർലെസ് സബ്‌സ്‌ക്രൈബേഴ്‌സ് വിഭാഗത്തിൽ എയര്‍ടെലിന് 32.74 ശതമാനം വിപണി വിഹിതമുണ്ട്.

എന്‍ബിസിസി ഇന്ത്യ: ന്യൂഡൽഹിയിലെ വേൾഡ് ട്രേഡ് സെന്ററിലെ വാണിജ്യ സ്ഥലം ഇ-ലേലത്തിലൂടെ വിൽക്കുമെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനി പ്രഖ്യാപിച്ചു. സെപ്റ്റംബർ 27 ന് വിൽപ്പന ആരംഭിച്ചു, ഇ-ലേലം ഈ വർഷം ഒക്ടോബർ 23 ന് നടക്കും. 14.75 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്ഥലക്കിന് 5,716.43 കോടി രൂപയാണ് മൂല്യം കണക്കാക്കുന്നത്.

ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്സിഎല്‍: ടിസിഎസ്, ഇൻഫോസിസ്, എച്ച്‌സിഎൽ ടെക് എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ഐടി കമ്പനി ഓഹരികളുടെ ടാർഗെറ്റ് വിലകൾ മോർഗൻ സ്റ്റാൻലി ഉയർത്തി. വരുമാന വളർച്ച, മാർജിൻ മെച്ചപ്പെടുത്തൽ, ഇരട്ട അക്ക ഇപിഎസ് വളർച്ച എന്നിവയെല്ലാം ഈ സ്ഥാപനങ്ങളില്‍ പ്രതീക്ഷിക്കുന്നു. 'ഓവര്‍വെയ്റ്റ്' റേറ്റിംഗോടു കൂടി 3730 രൂപയാണ് ടിസിഎസിന് നൽകിയിരിക്കുന്ന ടാർഗെറ്റ് വില. ഇൻഫോസിസിന് ബ്രോക്കറേജ് സ്ഥാപനം 'ഓവര്‍വെയ്റ്റ്' റേറ്റിംഗിനൊപ്പം ടാർഗെറ്റ് വില 1640 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

ക്രൂഡ് ഓയിലും സ്വര്‍ണവും

യുഎസ് ക്രൂഡ് സ്റ്റോക്കുകളുടെ കുത്തനെയുള്ള ഇടിവ് ആഗോള വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടി, കഴിഞ്ഞ സെഷനിൽ 2023 ലെ ഏറ്റവും ഉയർന്ന സെറ്റിൽമെന്റിലേക്ക് ഉയർന്നതിന് ശേഷം വ്യാഴാഴ്ച ഏഷ്യൻ വ്യാപാരത്തിന്റെ തുടക്കത്തിൽ എണ്ണ വില വീണ്ടും ഉയർന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 16 സെൻറ് ഉയർന്ന് ബാരലിന് 96.71 ഡോളറിലെത്തി, ഇത് പിന്നീട് 98 ഡോളര്‍ വരെ ഉയര്‍ന്നു. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് (ഡബ്ല്യുടിഐ) 20 സെൻറ് ഉയർന്ന് 93.88 ഡോളറിലെത്തി.

ബുധനാഴ്‌ച സ്വർണവില ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി, സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.2 ശതമാനം കുറഞ്ഞ് 1,896.43 ഡോളറിലെത്തി, ഓഗസ്റ്റ് 22 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.3 ശതമാനം കുറഞ്ഞ് 1,914.40 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 354.35 കോടി രൂപയുടെ ഓഹരികൾ ഇന്നലെ വിറ്റു, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 386.28 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍‍ (എഫ്‍പിഐ) 137.82 കോടി രൂപയുടെ അറ്റ നിക്ഷേപം ഇന്നലെ ഇക്വിറ്റികളില്‍ നടത്തി. ഡെറ്റ് വിപണിയില്‍ 448.81 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്‍പിഐകള്‍ നടത്തിയത്.

വിപണി തുറക്കും മുമ്പുള്ള മൈഫിന്‍ ടിവിയുടെ അവലോകന പരിപാടി കാണാം

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

കഴിഞ്ഞ ദിവസങ്ങളിലെ പ്രീ മാര്‍ക്കറ്റ് അവലോകനങ്ങള്‍ ഇവിടെ വായിക്കാം