image

24 Nov 2023 2:27 AM GMT

Stock Market Updates

ക്രൂഡ് പിന്നെയും താഴ്ന്നു, യുഎസ് ട്രഷറി ആദായം രണ്ട് മാസത്തെ താഴ്ചയില്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

Stock Market|Trade
X

Summary

  • ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര തലത്തില്‍
  • സ്വര്‍ണം ഔണ്‍സിന് 2000 ഡോളറിന് അരികെ
  • വാങ്ങലുകാരായി എഫ്ഐഐകള്‍


ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ കണ്‍സോളിഡേഷന്‍ പ്രവണതയില്‍ തുടരുന്ന കാഴ്ചയാണ് ഇന്നലെയും കാണാനായതത്. ഇന്നലെ സെന്‍സെക്സും നിഫ്റ്റിയും ഫ്ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്‌സ് 5.4 പോയിന്റ് താഴ്ന്ന് 66,018ലും നിഫ്റ്റി 50 10 പോയിന്റ് താഴ്ന്ന് 19,802ലും എത്തി.

യുഎസ് ട്രഷറി ആദായം രണ്ടുമാസത്തിലെ താഴ്ന്ന നിലയിലേക്ക് എത്തിയത് ആഗോള തലത്തില്‍ നിക്ഷേപക വികാരം ഉയര്‍ത്തിയിട്ടുണ്ട്. ഒപെക് പ്ലസ് രാഷ്ട്രങ്ങള്‍ ഞായറാഴ്ച നടത്താനിരുന്ന യോഗം മാറ്റിവെച്ചതു സംബന്ധിച്ച അനിശ്ചിതത്വം ക്രൂഡ് ഓയില്‍ വില പിന്നെയും താഴാനിടയാക്കി. യുഎസ് ട്രഷറി ആദായവും ഡോളര്‍ സൂചികയും ഇടിഞ്ഞത് സ്വര്‍ണവില വീണ്ടും ഉയരുന്നതിനും ഇടയാക്കിയിട്ടുണ്ട്.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

നിഫ്റ്റി 19,788-ലും തുടർന്ന് 19,767-ലും 19,733-ലും പിന്തുണ സ്വീകരിക്കാൻ സാധ്യതയുണ്ട് എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഉയർച്ചയുടെ സാഹചര്യത്തില്‍, 19,855 പെട്ടെന്നുള്ള പ്രതിരോധമായി മാറും. തുടർന്ന് 19,876ഉം 19,910ഉം.

ആഗോള വിപണികളില്‍ ഇന്ന്

യുഎസ് വിപണികള്‍ നേട്ടത്തിലാണ് വ്യാഴാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 184.74 പോയിന്റ് അഥവാ 0.53 ശതമാനം ഉയർന്ന് 35,273.03 എന്ന നിലയിലെത്തി. എസ് & പി 500 0.41 ശതമാനം ഉയർന്ന് 4,556.62 ആയി. നാസ്ഡാക്ക് കോമ്പോസിറ്റ് 0.46 ശതമാനം ഉയർന്ന് 14,265.86 ആയി. യൂറോപ്യന്‍ വിപണികളും പൊതുവില്‍ നേരിയ നേട്ടത്തിലായിരുന്നു.

ഏഷ്യന്‍ വിപണികളില്‍ സമ്മിശ്രമായ പ്രവണതയിലാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയയിലെ എസ്&പി/എഎസ്എക്സ് 200, ദക്ഷിണ കൊറിയയുടെ കോസ്‌പി, കോസ്‌ഡാക്ക് എന്നിവ പച്ചയില്‍ വ്യാപാരം നടത്തുന്നു. അതേസമയം ഹോങ്കോങ്ങിന്റെ ഹാംഗ് സെംഗ്, ചൈനയുടെ ഷാങ്ഹായ് എന്നിവ ഇടിവ് പ്രകടമാക്കുന്നു.

ഗിഫ്റ്റ് നിഫ്റ്റിയില്‍ 11 പോയിന്‍റ് നേട്ടത്തോടെയാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെയും തുടക്കം പൊസിറ്റിവ് ആകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

ജെഎസ്ഡബ്ല്യു സ്റ്റീൽ: അവസാന ഗഡുവായി 75 കോടി രൂപ നിക്ഷേപിച്ചതോടെ ജെഎസ്ഡബ്ല്യു പെയിന്റ്സിൽ 750 കോടി രൂപയുടെ നിക്ഷേപം കമ്പനി പൂർത്തിയാക്കി. ഇതോടെ കമ്പനിക്ക് ജെഎസ്‍ഡബ്ല്യു പെയിന്റ്‌സിൽ 2.94 കോടി ഇക്വിറ്റി ഓഹരികള്‍ ഉണ്ട്, ഇത് പെയ്ഡ് ഇക്വിറ്റി മൂലധനത്തിന്റെ 12.84 ശതമാനമാണ്.

ലുപിൻ: കാനാഗ്ലിഫ്ലോസിൻ ടാബ്‌ലെറ്റുകൾക്കും ബ്രോംഫെനാക് ഒഫ്താൽമിക് സൊല്യൂഷനുമായുള്ള തങ്ങളുടെ പുതിയ മരുന്ന് പ്രയോഗം യുഎസില്‍ വിപണനം ചെയ്യുന്നതിനായി കമ്പനിക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (യുഎസ് എഫ്ഡിഎ) താൽക്കാലിക അനുമതി ലഭിച്ചു.

എല്‍ടിഐമൈന്‍റ്‍ട്രീ : ഡാറ്റാ ട്രാൻസ്‍മിഷൻ സുരക്ഷിതമാക്കുന്നതിനായി കമ്പനി ലണ്ടനിൽ ക്വാണ്ടം-സേഫ് വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎൻ) ലിങ്ക് ആരംഭിച്ചു. ഇതിനായി ക്വാണ്ടം എക്സ്ചേഞ്ച്, ഫോര്‍ടിനെറ്റ് എന്നീ പങ്കാളികളുമായി സഹകരിച്ചു.

പ്രസ്‍റ്റീജ് എസ്‍റ്റേറ്റ് പ്രൊജക്റ്റ്‍സ്: ബാംഗ്ലൂരിലെ ഐടി ഹബ്ബിൽ തങ്ങളുടെ വന്‍കിട റെസിഡൻഷ്യൽ പ്രോജക്റ്റായ പ്രസ്റ്റീജ് ഗ്ലെൻബ്രൂക്കിന് കമ്പനി തുടക്കമിട്ടു. 0.7 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ട് ഉയർന്ന ടവറുകളിലായി 285 അപ്പാർട്ട്‌മെന്റുകൾ ഉൾപ്പെടുന്നതാണ് പ്രൊജക്റ്റ്. 550 കോടി രൂപയുടെ വരുമാന സാധ്യതയാണ് ഇതിനുള്ളത്.

ടാറ്റ കൺസൾട്ടൻസി സർവീസസ്:ടിസിഎസിന്‍റെ ഓഹരികളുടെ വില ഇന്നു മുതല്‍ എക്സ്-ബയ്ബാക്കായി മാറും . ഒക്ടോബറിൽ ഒരു ഓഹരിക്ക് 4,150 രൂപ നിരക്കിൽ 17,000 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങാൻ കമ്പനി അനുമതി നൽകിയിരുന്നു.

ക്രൂഡ് ഓയിലും സ്വര്‍ണവും

ഒപെക് പ്ലസ് രാഷ്ട്രങ്ങള്‍ മന്ത്രിതല യോഗം മാറ്റിവെച്ചതിന്‍റെ പശ്ചാത്തലത്തില്‍, ഉല്‍പ്പാദനം മുമ്പ് പ്രതീക്ഷിരുന്നത്ര വെട്ടിക്കുറയ്ക്കല്ലെന്ന അഭ്യൂഹം ശക്തമായി. ഇതോടെ ക്രൂഡ് വില പിന്നെയും ഇടിഞ്ഞു. ബ്രെന്റ് ഫ്യൂച്ചറുകൾ ബുധനാഴ്ച 4 ശതമാനം ഇടിഞ്ഞതിന് ശേഷം, വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ ബാരലിന് 1.09 ഡോളർ അഥവാ 1.31 ശതമാനം ഇടിഞ്ഞ് 80.89 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 99 സെൻറ് അഥവാ 1.31 ശതമാനം ഇടിഞ്ഞ് 76.09 ഡോളറിലെത്തി, മുൻ സെഷനിൽ 5 ശതമാനം വരെ ഇടിഞ്ഞിരുന്നു.

യുഎസ് ഡോളറും ട്രഷറി ആദായവും താഴ്ന്നതും വ്യാഴാഴ്ച സ്വർണ്ണ വില ഉയർത്തി. സ്‌പോട്ട് ഗോൾഡ് 0.4 ശതമാനം ഉയർന്ന് ഔൺസിന് 1,997.39 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.3 ശതമാനം ഉയർന്ന് 1,998.60 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്നലെ 255.53 കോടി രൂപയുടെ അറ്റവാങ്ങല്‍ ഓഹരികളില്‍ നടത്തിയപ്പോള്‍ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 457.39 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തിയെന്നും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം