image

22 April 2024 10:21 AM GMT

Stock Market Updates

ഉയരങ്ങൾ താണ്ടി ചെമ്പ് വില; ഹിന്ദുസ്ഥാൻ കോപ്പർ ഓഹരികൾ 13 വർഷത്തെ ഏറ്റവും ഉയർന്ന വിലയിൽ

MyFin Desk

hindustan copper at 13-year high
X

Summary

  • യുഎസ്, ചൈന എന്നിവിടങ്ങളിലെ ഉൽപ്പാദന പ്രവർത്തനത്തിലെ പുരോഗതിയും ലോഹത്തിന്റെ കുതിപ്പിന് ആക്കം കൂട്ടി
  • 2026-ഓടെ ചെമ്പ് വില ഒരു മെട്രിക് ടണ്ണിന് 12,000 ഡോളറിലെത്തും
  • ഈ മാസാദ്യം മുതൽ ഇതുവരെ ഓഹരികൾ നൽകിയത് 36.92 ശതമാനം നേട്ടമാണ്


തുടക്ക വ്യാപാരം മുതൽ നേട്ടത്തോടെ മുന്നേറുന്ന ഹിന്ദുസ്ഥാൻ കോപ്പർ ഓഹരികൾ 13 വർഷത്തെ ഏറ്റവും ഉയർന്ന വിലയിലെത്തി. ഇന്നത്തെ വ്യാപാരത്തിൽ 8.25 ശതമാനം ഉയർന്ന ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 394 രൂപ തൊട്ടു. 2010 നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. ഇന്ത്യയിൽ ചെമ്പ് അയിര് വേർതിരിച്ചെടുക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഖനന കമ്പനിയാണ് ഹിന്ദുസ്ഥാൻ കോപ്പർ.

കമ്പനിയുടെ ഓഹരി വില ഉയരുന്നതിന് പ്രധാന കാരണം കുതിച്ചുയരുന്ന ചെമ്പ് വില തന്നെയാണ്. പൂർണ്ണമായി വികസിപ്പിച്ച അടിസ്ഥാന സൗകര്യങ്ങളുള്ള ഇന്ത്യയിലെ ഏക ചെമ്പ് അയിര് ഖനന കമ്പനിയാണ് ഹിന്ദുസ്ഥാൻ കോപ്പർ. ഇന്നത്തെ ഇൻട്രാഡേ വ്യാപാരത്തിൽ ലണ്ടൻ മെറ്റൽ എക്‌സ്‌ചേഞ്ചിൽ (എൽഎംഇ) ചെമ്പ് വില ടണ്ണിന് 10,000 ഡോളറിനടുത്തെത്തി. 2 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 9993.30 ഡോളറിലെത്തി.

ഓഹരികളുടെ പ്രകടനം

കഴിഞ്ഞ മാസം മൂന്നു ശതമാനം ഉയർന്ന ഓഹരികൾ ഈ മാസാദ്യം മുതൽ ഇതുവരെ നൽകിയത് 36.92 ശതമാനം നേട്ടമാണ്. കഴിഞ്ഞ വർഷം ഓഹരികൾ ഉയർന്നത് 149.68 ശതമാനം. നടപ്പ് വർഷം ഇതുവരെ ഓഹരികൾ 38.52 ശതമാനം ഉയർന്നു. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 394 രൂപയും താഴ്ന്ന വില 97.60 രൂപയുമാണ്. ഏകദേശം 3.87 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 35,195 കോടി രൂപയിലെത്തി.

നിലവിൽ ഓഹരികൾ എൻഎസ്ഇ യിൽ 4.56 ശതമാനം ഉയർന്ന് 380.70 റോപ്പയിൽ ക്ലോസ് ചെയ്തു.

ലോഹത്തിന്റെ കുതിപ്പിനുള്ള കാരണം

ആഗോള സാമ്പത്തിക വീണ്ടെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള ശുഭാപ്തിവിശ്വാസവും വ്യാവസായിക സാമഗ്രികളുടെ വർദ്ധിച്ചു വരുന്ന ആവശ്യകതയും ചെമ്പ് വിപണിയുടെ കുതിപ്പിന് താങ്ങായി. 2023ൽ മങ്ങിയ പ്രകടനത്തെത്തുടർന്ന് ഇടിവിലായിരുന്ന ചെമ്പ് വിപണി 2024-ൽ മികച്ച മുന്നേറ്റമാണ് നടത്തിയത്. യുഎസ്, ചൈന എന്നിവിടങ്ങളിലെ ഉൽപ്പാദന പ്രവർത്തനത്തിലെ പുരോഗതിയും ലോഹത്തിന്റെ കുതിപ്പിന് ആക്കം കൂട്ടി. ജിയോ പൊളിറ്റിക്കൽ അപകടസാധ്യതകളും ധനനയത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും ലോഹ വിലയിലെ വെല്ലുവിളികൾ ഉയർത്തുന്നു.

കഴിഞ്ഞയാഴ്ച, യുഎസും യുകെയും സംയുക്തമായി റഷ്യൽ നിന്നുള്ള അലുമിനിയം, നിക്കൽ, കോപ്പർ എന്നിവയുടെ ലണ്ടൻ മെറ്റൽ എക്‌സ്‌ചേഞ്ചിലേക്കുള്ള വിതരണത്തിന് നിരോധനം ഏർപ്പെടുത്തി. ഈ ലോഹങ്ങളുടെ ഒരു പ്രധാന വിതരണക്കാരൻ എന്ന നിലയിൽ റഷ്യ വഹിക്കുന്ന പ്രധാന പങ്ക് ആഗോള തലത്തിൽ വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു. ഇതോടെ ചെമ്പ് വിലയിലെ കുതിച്ചുചാട്ടത്തിന് പുറമേ, നിക്കൽ വിലയും തിങ്കളാഴ്ച മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.

സംസ്ഥാന സംഭരണത്തിനായി നിക്കൽ വാങ്ങാനുള്ള ചൈന ഗവൺമെൻ്റിൻ്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള വിപണി ചർച്ചകൾ കർശനമായ വിതരണ വ്യവസ്ഥകളെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമായി. കൂടാതെ, അടിസ്ഥാന ലോഹങ്ങളിൽ നിലനിൽക്കുന്ന ഒരു ബുള്ളിഷ് ട്രെൻഡ് വിലയിലെ കുതിപ്പിന് ആക്കം കൂട്ടിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ചെമ്പിൻ്റെ വർദ്ധിച്ചുവരുന്ന ആവശ്യം സാമ്പത്തിക ഊർജ്ജത്തിൻ്റെ ബാരോമീറ്ററായി കണക്കാക്കപ്പെടുന്നു. വൈദ്യുത വാഹനങ്ങൾ, പവർ ഗ്രിഡുകൾ, വിൻഡ് ടർബൈനുകൾ എന്നിവയുടെ നിർമ്മാണത്തിന്റെ പ്രധാന ഘടകമാണ് ചെമ്പ്.

കുതിക്കുന്ന ചെമ്പ് വില

ആഗോള നിക്ഷേപ ബാങ്കായ സിറ്റി ഈ മാസമാദ്യം പുറത്തു വിട്ട റിപ്പോർട്ടിൽ വരും മാസങ്ങളിൽ ചെമ്പ് വിലയിൽ വർദ്ധനവുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. ഈ വർഷാവസാനത്തോടെ ഒരു മെട്രിക് ടണ്ണിന് ശരാശരി 10,000 ഡോളർ കടക്കുമെന്ന് റിപ്പോർട്ട് സൂചന നല്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തെ അടിസ്ഥാനമാക്കി 2026-ഓടെ ഒരു മെട്രിക് ടണ്ണിന് 12,000 ഡോളറായി ഉയരുമെന്നും ബാങ്ക് പ്രതീക്ഷിക്കുന്നു.

രാജ്യങ്ങൾ ഹരിത വിപ്ലവത്തിലേക്ക് മാറുമ്പോൾ ചെമ്പിൻ്റെ ആവശ്യവും വളരെ പ്രധാനപെട്ടതാണ്. പല രാജ്യങ്ങളും 2050 ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ ലക്ഷ്യമിടുന്നതിനാൽ, ചെമ്പിൻ്റെ ആവശ്യകതയിൽ ഗണ്യമായ വർദ്ധനവാണ് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നുത്.

അടുത്ത 20 വർഷത്തിനുള്ളിൽ ആവശ്യമായ ചെമ്പിൻ്റെ അളവ് നിലവിൽ ഉൽപ്പാദിപ്പിക്കുന്ന മൊത്തം തുകയുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നിരട്ടിയാകേണ്ടിവരുമെന്ന് പ്രവചിക്കപ്പെടുന്നു. ഈ പ്രവചനം വരും വർഷങ്ങളിലെ ചെമ്പിൻ്റെ ഉയർന്ന ഡിമാൻഡിനെയാണ് സൂചിപ്പിക്കുന്നത്.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല