image

8 April 2024 7:23 AM GMT

Stock Market Updates

സർവ്വ കാല ഉയരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ്; താങ്ങായത് യുഎസ് നാവിക കരാർ

MyFin Desk

cochin shipyard shares jump on us naval deal
X

Summary

  • മാസ്റ്റർ ഷിപ്പ്യാർഡ് റിപ്പയർ എഗ്രിമെൻ്റ് ഈ മാസം മുതൽ പ്രാബല്യത്തിൽ വന്നു
  • എംഎസ്ആർഎ ഒരു സാമ്പത്തികേതര കരാറാണ്
  • ഫെബ്രുവരിയിൽ ഇന്ത്യൻ നാവികസേനയുമായി കമ്പനി കരാറിൽ ഒപ്പു വെച്ചിട്ടുണ്ട്


അമേരിക്കൻ യുദ്ധക്കപ്പലുകളുടെ അറ്റകുറ്റപ്പണിക്കായുള്ള പുതിയ കരാറിൽ കൊച്ചിൻ ഷിപ്പ് യാർഡും യുഎസ് നാവിക സേനയും ഒപ്പു വെച്ചു. വാർത്തകളെ തുടർന്ന് കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ സർവ്വ കാല ഉയരം തൊട്ടു. അമേരിക്കൻ നാവികസേനയുമായി ഒപ്പുവച്ച മാസ്റ്റർ ഷിപ്പ്യാർഡ് റിപ്പയർ എഗ്രിമെൻ്റ് (MSRA) ഈ മാസം മുതൽ പ്രാബല്യത്തിൽ വന്നു. എംഎസ്ആർഎ ഒരു സാമ്പത്തികേതര കരാറാണ്.

നിരീക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ മഹാസമുദ്രമേഖലയിലുള്ള അമേരിക്കൻ കപ്പലുകൾ അറ്റകുറ്റപ്പണികൾക്കായി തിരികെ കൊണ്ട് പോകുന്നത് ലാഭകരമല്ല. ഇത് കണക്കിലെടുത്താണ് കൊച്ചി ഷിപ്പ് യാർഡുമായി അമേരിക്കൻ സേന കരാറിലെത്തിയത്. ഈ കപ്പലുകളുടെ അറ്റകുറ്റപ്പണിയായിരിക്കും കൊച്ചി ഷിപ്പ് യാർഡിനു ലഭിക്കുന്നത്. ആഗോളതലത്തിൽ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള മികച്ചൊരു അവസരമാണ് ഇതിലൂടെ കൊച്ചി ഷിപ്പ് യാർഡ് കൈവരിച്ചത്. യുഎസ് നേവി - മിലിട്ടറി സീലിഫ്റ്റ് കമാൻഡിൻ്റെ വിശദമായ മൂല്യനിർണ്ണയ പ്രക്രിയക്ക് ശേഷമാണ് കൊച്ചിൻ ഷിപ്പ് യാർഡുമായുള്ള കരാറിലെത്തിയത്.

ഫെബ്രുവരിയിൽ രണ്ട് നാവിക കപ്പലുകളുടെ പുനർനിർമ്മാണത്തിനായി കമ്പനി ഇന്ത്യൻ നാവികസേനയുമായി കരാറിൽ ഒപ്പു വെച്ചിട്ടുണ്ട്. 150 കോടി രൂപയുടെ കരാർ ഡ്രൈ-ഡോക്കിംഗ്, റിഫിറ്റ്, കപ്പലുകളിലെ ഉപകരണങ്ങൾ നവീകരിക്കൽ തുടങ്ങിയവയ്ക്കയായാണ്.

ആദ്യ ഘട്ട വ്യാപാരത്തിൽ കുതിച്ചുയർന്ന് ഓഹരികൾ സർവകാല ഉയരമായ 1170.90 രൂപ തൊട്ടു. നിലവിൽ ഓഹരികൾ എൻഎസ്ഇ യിൽ 7.43 ശതമാനം ഉയർന്ന് 1161.50 രൂപയിൽ വ്യാപാരം തുടരുന്നു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 234.48 രൂപയാണ്. കഴിഞ്ഞ വർഷം 154 ശതമാനം ഉയർന്ന ഓഹരികൾ നടപ്പ് വർഷാദ്യം മുതൽ ഇതുവരെ 71 ശതമാനം നേട്ടമാണ് നൽകിയത്. കമ്പനിയിലെ 72.86 ശതമാനം ഓഹരി പങ്കാളിത്തവും കേന്ദ്ര സർക്കാരിന്റെ കൈവശമാണ്. നാല് ശതമാനം ഓഹരികൾ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പക്കലുണ്ട്.