29 Feb 2024 10:41 AM GMT
Summary
- അമോണിയം നൈട്രേറ്റ് പ്ലാൻ്റ് ഇരു കമ്പനികളും ചേർന്ന് സ്ഥാപിക്കും
- കോൾ ഇന്ത്യയ്ക്ക് 51% ഓഹരി പങ്കാളിത്തവും ഭെല്ലിന് 49% പങ്കാളിത്തവും
- ഒരു ലക്ഷം രൂപയുടെ ഓഹരി മൂലധനത്തിലാണ് കമ്പനിയുടെ ആരംഭം
ഭെല്ലുമായുള്ള സംയുക്ത സംരംഭ കരാറിൽ ഒപ്പുവെച്ച് കോൾ ഇന്ത്യ. കൽക്കരി-കെമിക്കൽ ബിസിനസിൻ്റെ ഭാഗമായി അമോണിയം നൈട്രേറ്റ് പ്ലാൻ്റ് സ്ഥാപിക്കുന്നതിനാണ് പുതിയ സംയുക്ത കരാർ. തുടർവ്യാപാരത്തിൽ എൻഎസ്ഇയിൽ കോൾ ഇന്ത്യയുടെ ഓഹരികളും ഭെൽ ഓഹരികളും ഒരു ശതമാനത്തോളം ഉയർന്നു.
'കൽക്കരി കെമിക്കൽ ബിസിനസ്സ് ഏറ്റെടുക്കുന്നതിന് ഭെല്ലുമായി സംയുക്ത സംരംഭ കരാർ (ജെവിഎ) ഒപ്പിട്ടതായി കോൾ ഇന്ത്യ ഫെബ്രുവരി 28 ന് ഒരു എക്സ്ചേഞ്ച് ഫയലിംഗിൽ അറിയിച്ചു. സംയുക്ത സംരംഭ കരാർ പ്രകാരം, ഭെല്ലിന്റെ ഇൻ-ഹൗസിൽ വികസിപ്പിച്ച പ്രഷറൈസ്ഡ് ഫ്ലൂയിസ്ഡ് ബെഡ് ഗ്യാസിഫിക്കേഷൻ (PFBG) സാങ്കേതികവിദ്യ ഉപയോഗിച്ച് 2000 TPD അമോണിയം നൈട്രേറ്റ് പ്ലാൻ്റ് ഇരു കമ്പനികളും ചേർന്ന് സ്ഥാപിക്കും.
കോൾ ഇന്ത്യയ്ക്ക് 51 ശതമാനം ഓഹരി പങ്കാളിത്തവും ഭെല്ലിന് 49 ശതമാനം പങ്കാളിത്തവുമാണ് ഉണ്ടായിരിക്കുക. സംയുക്ത സംരംഭ ഒഡീഷയിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തുടങ്ങും. ഒരു ലക്ഷം രൂപയുടെ ഓഹരി മൂലധനത്തിലാണ് കമ്പനിയുടെ ആരംഭം.
നടപ്പ് വർഷത്തെ മൂന്നാം പാദത്തിൽ കോൾ ഇന്ത്യയുടെ ആറ്റദായം 16.94 ശതമാനം വർധിച്ചു 9,069.19 കോടി രൂപയിൽ എത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 7,755.55 കോടി രൂപയായിരുന്നു.
2023 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ ഭെൽ 163 കോടി രൂപയുടെ അറ്റനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. മുൻ വർഷം കമ്പനി 31 കോടി രൂപയുടെ ലാഭം റിപ്പോർട്ട് ചെയ്തിരുന്നു.
നിലവിൽ ഭെൽ ഓഹരികൾ എൻഎസ്ഇ യിൽ 1.51 ശതമാനം ഉയർന്ന് 228.10 രൂപയിലും കോൾ ഇന്ത്യ ഓഹരികൾ 0.84 ശതമാനം ഉയർന്ന് 437.85 വ്യപാരം തുടരുന്നു.