23 Dec 2023 6:55 AM GMT
Summary
- ഡിസംബര്‍ 22 വെള്ളിയാഴ്ചയാണ് ചൈനയുടെ നാഷണല്‍ പ്രസ് ആന്‍ഡ് പബ്ലിക്കേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പുതിയ നിയമം നിര്‍ദേശിച്ചത്
- ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഗെയിം വിപണികളിലൊന്നാണു ചൈന
- ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സിന്റെ ഓഹരി 11 ശതമാനത്തോളം ഇടിഞ്ഞു
വീഡിയോ ഗെയിമുകള്‍ക്കു വേണ്ടി പണവും സമയവും കൂടുതല്‍ ചെലവഴിക്കുന്നത് പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ചൈനയില്‍ പുതിയ നിയമങ്ങള്‍ റെഗുലേറ്റര്‍മാര്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. ഇത് ആഗോള തലത്തില്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ ചലനമുണ്ടാക്കി.
പ്രമുഖ ഗെയിമിംഗ്, ടെക് കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവാണ് നേരിട്ടത്.
ഡിസംബര്‍ 22 വെള്ളിയാഴ്ചയാണ് ചൈനയുടെ നാഷണല്‍ പ്രസ് ആന്‍ഡ് പബ്ലിക്കേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പുതിയ നിയമം നിര്‍ദേശിച്ചത്.
ചൈനയില്‍ നിലവില്‍ വീഡിയോ ഗെയിമുകള്‍ക്ക് നിയന്ത്രണമുണ്ട്. ഇത് പ്രായപൂര്‍ത്തിയാകാത്തവര്‍ക്കാണ്. വെള്ളി, ശനി, ഞായര്‍, മറ്റ് അവധി ദിനങ്ങളില്‍ രാത്രി 8 മുതല്‍ 9 വരെ മാത്രമാണ് വീഡിയോ ഗെയിം കളിക്കാന്‍ അനുവാദമുള്ളത്.
ഈ നിയന്ത്രണം നിലനില്‍ക്കവേയാണു പുതിയ നിയന്ത്രണങ്ങളുമായി വരുന്നത്. ഇതാകട്ടെ, ചൈനയിലെ ഗെയിമിംഗ് വ്യവസായത്തെ അത്ഭുതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഡിസംബര്‍ 22 വെള്ളിയാഴ്ച ചൈനീസ് ടെക് കമ്പനിയായ ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സിന്റെ ഓഹരി 11 ശതമാനത്തോളം ഇടിഞ്ഞു. ഗെയിമിംഗ് വരുമാനത്തിന്റെ കാര്യത്തില്‍ ആഗോളതലത്തില്‍ തന്നെ ടെന്‍സെന്റ് കമ്പനിയാണ് മുന്‍നിര സ്ഥാനത്തുള്ളത്. ഏഷ്യന്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നതും ടെന്‍സെന്റാണ്. ലോകമെമ്പാടുമുള്ള ഗെയിമിംഗ് സ്റ്റുഡിയോകളില്‍ വമ്പന്‍ നിക്ഷേപവും ടെന്‍സെന്റ് നടത്തിയിട്ടുണ്ട്.
ഇ-കൊമേഴ്‌സ് കമ്പനിയായ മെയ്തുവാന്റെ ഓഹരി വില 5 ശതമാനവും, ആലിബാബയുടെ ഓഹരി വില 1 ശതമാനവും ഇടിഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഗെയിം വിപണികളിലൊന്നാണു ചൈന.
2023-ല്‍ ചൈനീസ് വീഡിയോ ഗെയിം വില്‍പ്പന 300 ബില്യന്‍ യുവാന്‍ (ഏകദേശം 42.6 ബില്യന്‍ ഡോളര്‍) ആയി ഉയര്‍ന്നതായിട്ടാണ് കണക്കുകള്‍ പറയുന്നത്.