image

6 March 2024 11:21 AM GMT

Stock Market Updates

ഉയരങ്ങൾ താണ്ടി ബുൾസ്; സൂചികകൾ കുതിച്ചത് പുത്തൻ റെക്കോർഡിലേക്ക്

MyFin Desk

bulls re-entry into the stock market
X

Summary

  • ബാങ്ക്, ഐടി ഓഹരികളിലെ വാങ്ങൽ കുതിപ്പിന് കാരണമായി
  • ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ ഉയർന്ന് 82.83 എന്ന നിലയിലെത്തി.
  • യൂറോപ്യൻ വിപണികൾ പച്ചയിലാണ് വ്യാപാരം തുടരുന്നത്


ഏറെ ചാഞ്ചാട്ടങ്ങൾക്കിടയിൽ ആഭ്യന്തര സൂചികകൾ സർവകാല ഉയരം തൊട്ടു. ഇടിവിൽ വ്യാപാരം ആരഭിച്ച സൂചികകൾ ഉച്ചയ്ക്ക് ശേഷമുള്ള വ്യപാരത്തിൽ കുതിച്ചുയർന്നു. ബാങ്ക്, ഐടി ഓഹരികളിലെ വാങ്ങൽ കുതിപ്പിന് കാരണമായി. യൂറോപ്യൻ വിപണികളിലെ നേട്ടങ്ങളും കുതിപ്പിന് ആക്കം കൂട്ടി. സെൻസെക്‌സ് 474.14 പോയിൻ്റ് (0.64%) ഉയർന്ന് 74,151.27 എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. നിഫ്റ്റി 40.9 പോയിൻ്റ് (0.63%) ഉയർന്ന് 22,497.20 പുതിയ റെക്കോർഡിലെത്തി.

സെൻസെക്സ് 408.86 പോയിൻ്റ് അഥവാ 0.55 ശതമാനം ഉയർന്ന് 74,085.99 ലും നിഫ്റ്റി 117.75 പോയിൻ്റ് അഥവാ 0.53 ശതമാനം ഉയർന്ന് 22,474.05 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റിയിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് (2.56%), ബജാജ് ഓട്ടോ (3.04%), ആക്‌സിസ് ബാങ്ക് (2.20%), എസ്ബിഐ ലൈഫ് ഇൻഷുറൻസ് (2.17%), ഭാരതി എയർടെൽ (2.12%) എന്നിവ നേട്ടം നൽകിയപ്പോൾ അദാനി എന്റർപ്രൈസസ് (-2.30%), അൾട്രാ ടെക് സിമന്റ്സ് (-2.01%), എൻടിപിസി (-1.76%), ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് (-1.23%), ഭാരത് പെട്രോളിയം (-1.05%) എന്നിവ ഇടിഞ്ഞു.

സെക്ടറൽ സൂചികയിൽ നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി ബാങ്ക് നിഫ്റ്റി ഫിനാൻഷ്യൽ സെർവിസസ്, നിഫ്റ്റി ഐടി, ഫാർമാ എന്നിവ 0.50 ശതമാനത്തിലധികം ഉയർന്നു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ താഴ്ന്നും ഹോങ്കോങ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

യൂറോപ്യൻ വിപണികൾ പച്ചയിലാണ് വ്യാപാരം തുടരുന്നത്. യുഎസ് വിപണികൾ ചൊവ്വാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്.

"യുഎസ് ഫെഡ് ചെയർ കോൺഗ്രസിനോട് എന്ത് പറയുമെന്ന് ആശങ്കകൾക്കിടയിൽ ആഗോള വിപണികളിൽ സമ്മിശ്ര വ്യാപാരമാണ് തുടരുന്നത്. രണ്ടാം പകുതിയിൽ ആഭ്യന്തര വിപണി മികച്ച തിരിച്ചുവരവ് പ്രകടമാക്കി, ലാർജ് ക്യാപ് ഓഹരികളിൽ വാങ്ങൽ ഉയർന്നതോടെ തുടക്ക നഷ്ടത്തെ വിപണി മറികടന്നു ," ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു.

ബ്രെൻ്റ് ക്രൂഡ് 0.80 ശതമാനം ഉയർന്ന് ബാരലിന് 82.59 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.32 ശതമാനം താഴ്ന്ന് 2134.95 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ ഉയർന്ന് 82.83 എന്ന നിലയിലെത്തി.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 574.28 കോടി രൂപയുടെ അറ്റ വാങ്ങൽ രേഖപ്പെടുത്തി.