29 Feb 2024 11:12 AM GMT
Summary
- ഹെൽത്ത് കെയർ ഒഴികെ മറ്റെല്ലാ സെക്ടറിൽ സൂചികകളും നേട്ടത്തിൽ
- യൂറോപ്യൻ വിപണികളിൽ മിക്കതും പച്ചയിൽ വ്യാപാരം തുടരുന്നു
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.91 എന്ന നിലയിലെത്തി
ഡെറിവേറ്റുകളുടെ എക്സ്പൈറിയെ തുടർന്ന് ചാഞ്ചാട്ടത്തിലായിരുന്ന ആഭ്യന്തര വിപണി വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിൽ. സെൻസെക്സ് 195.42 പോയിൻ്റ് അഥവാ 0.27 ശതമാനം ഉയർന്ന് 72,500.30ലും നിഫ്റ്റി 31.60 പോയിൻ്റ് അഥവാ 0.14 ശതമാനം ഉയർന്ന് 21,982.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1650 ഓഹരികൾ നേട്ടത്തിലായപ്പോൾ 1649 ഓഹരികൾ ഇടിഞ്ഞു, 86 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ അദാനി എൻ്റർപ്രൈസസ്, ടാറ്റ കൺസ്യൂമർ, എം ആൻഡ് എം, ഇൻഡസ്ഇൻഡ് ബാങ്ക്, അദാനി പോർട്ട്സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ അപ്പോളോ ഹോസ്പിറ്റൽസ്, ബജാജ് ഓട്ടോ, എൽടിഐമിൻഡ്ട്രീ, ഐഷർ മോട്ടോഴ്സ്, യുപിഎൽ തുടങ്ങിയവ നഷ്ടത്തിലുമാണ്.
സെക്ടറൽ സൂചികയിൽ ഹെൽത്ത് കെയർ ഒഴികെ, മറ്റെല്ലാ സൂചികകളും 0.5-1 ശതമാനം വരെ നേട്ടം നൽകി. ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക ഏകദേശം 1 ശതമാനവും സ്‌മോൾക്യാപ് സൂചിക 0.5 ശതമാനവും ഉയർന്നു.
വിയാകോം 18-ൻ്റെ മീഡിയ എന്റർടൈൻമെന്റ് വിഭാഗവുമായി സ്റ്റാർ ഇന്ത്യ ലയിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ അര ശതമാനത്തിലധികം ഉയർന്ന് ക്ലോസ് ചെയ്തു.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഹോങ്കോങ് എന്നിവ ഇടിവിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഷാങ്ഹായ് പച്ചയിൽ ക്ലോസ് ചെയ്തു.
യൂറോപ്യൻ വിപണികളിൽ മിക്കതും പച്ചയിൽ വ്യാപാരം തുടരുന്നു. ബുധനാഴ്ച യുഎസ് വിപണികൾ നേരിയ ഇടിവിലായിരുന്നു ക്ലോസ് ചെയ്തത്.
"ആഭ്യന്തര സൂചികകൾ സെഷനിലുടനീളം ഫ്ലാറ്റ്-ലൈൻ ട്രെൻഡിന് സമീപമാണ് വ്യാപാരം നടത്തിയത്, എന്നാൽ ദിവസാവസാനത്തോടെ നേട്ടം കൈവരിച്ചു . പ്രധാന സാമ്പത്തിക ഡാറ്റകൾ പുറത്തു വന്ന ആഴ്‌ചയിൽ നിക്ഷേപകർ ഏറെ ജാഗ്രതയോടെയാണ് വിപണിയെ സമീപിച്ചത്,"ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സ്ട്രാറ്റജിസ്റ് വിനോദ് നായർ പറഞ്ഞു.
ബ്രെൻ്റ് ക്രൂഡ് 0.43 ശതമാനം ഇടിഞ്ഞ് ബാരലിന് 83.32 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.18 ശതമാനം താഴ്ന്ന് 2039.15 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.91 എന്ന നിലയിലെത്തി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 1,879.23 കോടി രൂപയുടെ ഓഹരികൾ വിറ്റു.
സെൻസെക്സ് 790.34 പോയിൻ്റ് അഥവാ 1.08 ശതമാനം ഇടിഞ്ഞ് 72,304.88 ലും നിഫ്റ്റി 247.20 പോയിൻ്റ് അഥവാ 1.11 ശതമാനം ഇടിഞ്ഞ് 21,951.15 ലുമാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.