image

19 Dec 2023 2:31 AM GMT

Stock Market Updates

കാളകള്‍ അടങ്ങിയില്ലെന്ന് വിദഗ്ധര്‍, ക്രൂഡ് വില ഉയരുന്നു; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

business news malayalam | crude oil price
X

Summary

  • യുഎസ് വിപണി നേട്ടത്തില്‍
  • ഏഷ്യന്‍ വിപണികളുടെ തുടക്കം ഇടിവില്‍
  • ഗിഫ്റ്റ് നിഫ്റ്റിയില്‍ നഷ്ടത്തോടെ തുടക്കം


കഴിഞ്ഞ രണ്ട് സെഷനുകളിലെ കുത്തനെയുള്ള റാലിക്ക് ശേഷം, ഇന്നലത്തെ വ്യാപാര സെഷനില്‍ ബെഞ്ച്മാര്‍ക്ക് വിപണി സൂചികകള്‍ ഇടിവിലേക്ക് നീങ്ങി. എന്നിരുന്നാലും, സൂചികകള്‍ അവയുടെ റെക്കോർഡ് ഉയര്‍ച്ചയില്‍ നിന്നും ഏറെ അകലെ പോകാതെയാണ് ക്ലോസിംഗ് നടന്നത്. വിപണികളുടെ ചലനാത്മകത ഇപ്പോഴും കാളകളുടെ പക്കലാണെന്ന സൂചനയാണ് പ്രതിദിന ചാര്‍ട്ടുകള്‍ നല്‍കുന്നത്.വരും ദിവസങ്ങളിൽ 21500 -21200 പരിധിക്കുള്ളില്‍ കൂടുതല്‍ കണ്‍സോളിഡേഷന്‍ കാണാനായേക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ഡിസംബർ 18ന് ബിഎസ്ഇ സെൻസെക്‌സ് 169 പോയിന്റ് താഴ്ന്ന് 71,315ലും നിഫ്റ്റി50 38 പോയിന്റ് താഴ്ന്ന് 21,419ലും എത്തി.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,467 ലും തുടർന്ന് 21,495 ലും 21,540 ലും പ്രതിരോധം കാണാമെന്നാണ്. അതേസമയം താഴ്ച്ചയുടെ സാഹചര്യത്തില്‍, 21,377 ലും തുടർന്ന് 21,350, 21,305 ലെവലുകളിലും പിന്തുണ എടുക്കാം.

ആഗോള വിപണികളില്‍ ഇന്ന്

യുഎസ് വിപണികള്‍ ഇന്നലെയും റാലി തുടര്‍ന്നു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് കാര്യമായ മാറ്റമില്ലാതെ നിലകൊണ്ടപ്പോള്‍ എസ് & പി 500 21.37 പോയിന്റ് അഥവാ 0.45 ശതമാനം ഉയർന്നു. നാസ്ഡാക്ക് കോമ്പോസിറ്റ് 90.89 പോയിന്റ് അഥവാ 0.61 ശതമാനം കൂട്ടിച്ചേര്‍ത്തു.

ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ നെഗറ്റിവായാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടിള്ളത്. ചൈനയുടെ ഷാങ്‌ഹായ്‌, ഹോംഗ്‌കോംഗിന്റെ ഹാങ്‌സെങ്‌, ജപ്പാനിന്റെ നിക്കി തുടങ്ങിയ സൂചികകള്‍ ഇടിവിലാണ്‌. ഓസ്‌ട്രേലിയയുടെ എഎസ്‌എക്‌സ്‌ നേട്ടത്തിലാണ്‌.

ഗിഫ്‌റ്റ്‌ നിഫ്‌റ്റി 15.50 പോയിന്റ്‌ നഷ്ടത്തോടെയാണ്‌ ഇന്ന്‌ വ്യാപാരം ആരംഭിച്ചത്‌. വിശാലമായ വിപണി സൂചികകളുടെയും തുടക്കം ഇടിവിലോ ഫ്‌ളാറ്റായോ ആകുമെന്ന സൂചനയാണ്‌ ഡെറിവേറ്റിവ്‌ വിപണി നല്‍കുന്നത്‌.

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ്: മസാച്യുസെറ്റ്‌സ് ആസ്ഥാനമായുള്ള ലിൻഡ്ര തെറാപ്പ്യൂട്ടിക്‌സ് ഇങ്കിന്റെ 16.7 ശതമാനം ഓഹരികൾ 30 മില്യൺ ഡോളറിന് ഏറ്റെടുക്കാൻ സണ്‍ ഫാർമ സമ്മതിച്ചു. ലോംഗ് ആക്ടിംഗ് ഓറൽ (എല്‍എഒ) തെറാപ്പികൾക്കായി നോവൽ ഡെലിവറി സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ബിസിനസ്സിൽ ലിൻഡ്ര ഏർപ്പെട്ടിരിക്കുന്നു.

ബയോകോൺ: 120 ഓളം രാജ്യങ്ങളിലെ ബയോസിമിലാർ ബിസിനസിസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പരിവർത്തനം ഉപകമ്പനിയായ ബയോകോൺ ബയോളജിക്‌സ് നിശ്ചയിച്ചതിനും ഒരു വർഷം മുമ്പ് പൂർത്തിയാക്കി.

വേദാന്ത: 2023-24 സാമ്പത്തിക വർഷത്തിൽ, 1 രൂപ മുഖവിലയുള്ള ഒരു ഇക്വിറ്റി ഓഹരിക്ക് 11 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 4,089 കോടി രൂപയാണ് ഇത്തരത്തില്‍ മൊത്തം ലാഭവിഹിതമായി നല്‍കുക. ഈ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി രണ്ടാം തവണയാണ് ഡിവിഡന്‍റ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇർക്കോൺ ഇന്റർനാഷണൽ: എസ്‌കോം ഹോൾഡിംഗ്‌സ് എസ്‌ഒ‌സിയുമായുള്ള ആര്‍ബിട്രേഷന്‍ വ്യവഹാരത്തില്‍ ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്‌സ് (ഐസിസി) 103.62 കോടി രൂപ ഇർക്കോണിന് അനുകൂലമായി പ്രഖ്യാപിച്ചു

എന്‍എച്ച്‍പിസി: കമ്പനിയുടെ ഒന്നോ അതിലധികമോ പവർ സ്റ്റേഷനുകളിലെ മോണിറ്റൈസേഷന്‍ പദ്ധതിക്കായി ബോർഡ് അംഗങ്ങൾ ഡിസംബർ 22-ന് യോഗം ചേരുമെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ മൂലധന ഫണ്ടിംഗ് പ്ലാനിന്റെ ഭാഗമാണിത്.

ദേവയാനി ഇന്റർനാഷണൽ: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉപകമ്പനിയായ ദേവയാനി ഇന്റർനാഷണൽ ഡിഎംസിസി തായ്‌ലൻഡിലെ ക്വിക്ക് സർവീസ് റെസ്‍റ്റോറന്‍റ് ബിസിനസിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു. ഇതിനായി റെസ്റ്റോറന്റ് ഡെവലപ്‌മെന്റ് കോ ലിമിറ്റഡിൽ നിയന്ത്രണാധികാരമുള്ള ഓഹരി പങ്കാളിത്തം നേടുന്നതിന് കരാര്‍ ഒപ്പുവെച്ചു.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) 33.51 കോടി രൂപയുടെ അറ്റ വില്‍പ്പന ഇന്നലെ ഓഹരികളില്‍ നടത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐകൾ) 413.88 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തിയതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

ക്രൂഡ്‌ ഓയില്‍ വില

ഇറാനിലെ പെട്രോള്‍ പമ്പുകളില്‍ 70 ശതമാനത്തിലെയും വിവരങ്ങള്‍ ഇസ്രയേല്‍ സംഘം ഹാക്ക്‌ ചെയ്‌തെന്ന വാര്‍ത്തയും ചെങ്കടലിലെ കപ്പലുകള്‍ക്ക്‌ നേരേ യെമനിലെ ഇറാന്‍ ബന്ധമുള്ള ഹൂതികള്‍ നടത്തിയ ആക്രമണവും ചൊവ്വാഴ്‌ച രാവിലെ വ്യാപാരത്തില്‍ ക്രൂഡ്‌ ഓയില്‍ വിലയെ ഉയര്‍ത്തി.

ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 17 സെന്‍റ് അഥവാ 0.2 ശതമാനം ഉയർന്ന് ബാരലിന് 78.12 ഡോളറിലെത്തി. ചൊവ്വാഴ്ച അവസാനിക്കുന്ന ഫ്രണ്ട് മന്ത് യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് കരാർ 14 സെൻറ് ഉയർന്ന് ബാരലിന് 72.61 ഡോളറിലെത്തി. കൂടുതൽ സജീവമായ സെക്കന്‍റ് മന്ത് കരാർ 9 സെന്‍റ് അഥവാ 0.1 ശതമാനം ഉയർന്ന് 72.91 ഡോളര്‍ ആയി.

മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം