1 April 2025 4:27 PM IST
താരിഫ് ഭീഷണി; കൂപ്പുകുത്തി ഓഹരി വിപണി, നിക്ഷേപകർക്ക് നഷ്ടം 4 ലക്ഷം കോടി
MyFin Desk
പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ വ്യാപാര ദിനത്തിൽ സെൻസെക്സും നിഫ്റ്റിയും 1.5 ശതമാനത്തിലധികം ഇടിഞ്ഞു. സെൻസെക്സ് 1,390.41 പോയിന്റ് ഇടിഞ്ഞ് 76,024.51 ലും നിഫ്റ്റി 353.65 പോയിന്റ് ഇടിഞ്ഞ് 23,165.70 ലും ക്ലോസ് ചെയ്തു.
ഇന്ത്യ ഉൾപ്പെടെ ഒട്ടുമിക്ക രാജ്യങ്ങൾക്കുമേലും നാളെ മുതൽ (ഏപ്രിൽ 2) താരിഫുകൾ നടപ്പിലാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനമാണ് ഓഹരി വിപണിയെ നഷ്ട്ടത്തിലേക്ക് നയിച്ചത്.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ ഇൻഡസ്ഇൻഡ് ബാങ്ക്, സൊമാറ്റോ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അതേസമയം എച്ച്‌സിഎൽ ടെക്, ബജാജ് ഫിൻസെർവ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, ടൈറ്റൻ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, റിലയൻസ് ഇൻഡസ്ട്രീസ്, ലാർസൻ ആൻഡ് ട്യൂബ്രോ, ടെക് മഹീന്ദ്ര, എൻടിപിസി എന്നി ഓഹരികൾ ഇടിവ് നേരിട്ടു.
സെക്ടറൽ സൂചിക
സെക്ടറൽ സൂചികകളിൽ മീഡിയ, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ ഒഴികെയുള്ള മറ്റെല്ലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അവസാനിച്ചു. നിഫ്റ്റി മീഡിയ സൂചിക 2.24 ശതമാനവും ഓയിൽ ആൻഡ് ഗ്യാസ് സൂചിക 0.08 ശതമാനവും നേട്ടമുണ്ടാക്കി. അതേസമയം നിഫ്റ്റി റിയലിറ്റി സൂചിക -3.11 ശതമാനവും നിഫ്റ്റി ഐടി സൂചിക -2.45 ശതമാനവും ഇടിഞ്ഞു. ഓട്ടോ, മെറ്റൽ, പവർ, പിഎസ്‌യു ബാങ്ക്, ഫാർമാ എന്നിവ 0.28 -1.5 ശതമാനം വരെ ഇടിഞ്ഞു.
നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.86 ശതമാനവും സ്‌മോൾക്യാപ് സൂചിക 0.70 ശതമാനവും ഇടിഞ്ഞു. ഇന്ത്യ വിക്സ് 8.37 ശതമാനം ഉയർന്ന് 13.78 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിൽ വ്യാപാരം നടത്തി. യൂറോപ്പിലെ വിപണികളും ഉയർന്ന നിലയിൽ വ്യാപാരം നടത്തി. തിങ്കളാഴ്ച യുഎസ് വിപണികൾ ഉയർന്ന നിലയിലായിരുന്നു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.12 ശതമാനം ഉയർന്ന് ബാരലിന് 74.86 യുഎസ് ഡോളറിലെത്തി.