23 Oct 2023 9:23 AM GMT
Summary
- പ്രീമിയം വാല്യുവിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ ഫീസ് ഘടന.
നവംബര്‍ ഒന്നുമുതല്‍ ഇക്വിറ്റി ഡെറിവേറ്റീവ് വിഭാഗത്തിലെ ഇടപാട് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ ബിഎസ്ഇ. ഈ പ്രഖ്യാപനത്തോടെ ബിഎസ്ഇ ഓഹരികള്‍ ആറ് ശതമാനം ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1798 രൂപയിലെത്തി.
ഈ മാറ്റം എസ് ആന്‍ഡ് പി ബിഎസ്ഇ സെന്‍സെക്‌സ് ഓപ്ഷനുകള്‍, പ്രത്യേകിച്ച് ഉടനെ കാലാവധി കഴിയുന്ന കോണ്‍ട്രാക്ടുകള്‍ക്കാണ് ആദ്യം ബാധകമാകുന്നത്. പ്രീമിയം വാല്യുവിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ ഫീസ് ഘടന.
ബിഎസ്ഇയുടെ ഡെറിവേറ്റീവ് വിഭാഗത്തിലെ വിപണി പങ്കാളിത്തം പതിയെ പുരോഗതി നേടുന്ന സമയത്ത് ഇടപാട് നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം ഓപ്ഷന്‍ ട്രേഡര്‍മാരെ മോശമായി ബാധിക്കുമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.
പുതുക്കിയ ഫീസ് ഘടന അനുസരിച്ച് ടേണോവര്‍ മൂന്ന് കോടി രൂപവരെയാണെങ്കില്‍ ഒരു കോടിക്ക് 500 രൂപ വീതമാണ് ഈടാക്കുന്നത്. ടേണോവര്‍ മൂന്നു കോടി മുതല്‍ 100 വരെയാണെങ്കില്‍ ഒരോ കോടിക്കും 3,750 രൂപ ഈടാക്കും. ടേണോവര്‍ 100 കോടി രൂപ മുതല്‍ 750 കോടി രൂപ വരെയാണെങ്കില്‍ ഓരോ കോടിക്കും 3,500 രൂപ വീതം നല്‍കണം. ടേണോവര്‍ 750 കോടി മുതല്‍ 1,500 കോടി വരെയാകുമ്പോള്‍ ചാര്‍ജ് 3,000 രൂപയാണ്.
ടേണോവര്‍ 1,500 രൂപ മുതല്‍ 2,000 രൂപ വരെയാകുമ്പോള്‍ ഫീസ് ഓരോ കോടിക്കും 2,500 രൂപയാകും. ടേണോവര്‍ 2,000 രൂപയ്ക്കു മുകളിലാണെങ്കില്‍ ഫീസ് 2,000 രൂപ വീതമാണ്. എന്‍എസ്ഇയില്‍ പരമാവധി നിരക്ക് 5000 രൂപയാണ്. ബിഎസ്ഇയില്‍ 3,750 രൂപയും. ഈ ഇടപാട് മാറ്റങ്ങള്‍ എസ് ആന്‍ഡ് പി ബിഎസ്ഇ സെന്‍സെക്‌സ് ഓപ്ഷനുകള്‍ക്ക് മാത്രമേ ബാധകമാകൂ.