2 Feb 2024 11:42 AM GMT
Summary
- മുൻപ് 2021 ജനുവരിയിൽ ഐപിഒയ്‌ക്കായി കരട് പേപ്പറുകൾ ഫയൽ ചെയ്തിട്ടുണ്ട്
- ഇഷ്യൂവിലൂടെ 5000 കോശി സമാഹരിക്കാൻ ലക്ഷ്യമിടുന്നതായി കമ്പനി
- ബ്ലാക്ക്‌സ്റ്റോണിന് ആധാർ ഹൗസിംഗിൽ 98.72 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്
സ്വകാര്യ നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണിൻ്റെ പിന്തുണയുള്ള ആധാർ ഹൗസിംഗ് ഫിനാൻസ് പ്രാരംഭ ഓഹരി വിൽപ്പനയ്ക്കുള്ള കരട് രേഖകൾ സെബിക്ക് വീണ്ടും സമർപ്പിച്ചു. ഇഷ്യൂവിലൂടെ 5000 കോശി സമാഹരിക്കാൻ ലക്ഷ്യമിടുന്നതായി കമ്പനി കരട് പത്രികയിൽ അറിയിച്ചു.
നിർദിഷ്ട ഐപിഒ യിൽ 1,000 കോടി രൂപയുടെ പുതിയ ഇഷ്യൂവും 4,000 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപെടും. ഓഹരി വിൽപ്പനയുടെ ഭാഗമായി ബ്ലാക്ക്‌സ്റ്റോൺ കമ്പനിയിലെ ഓഹരി പങ്കാളിത്തം കുറയ്ക്കും.
നിലവിൽ, ബ്ലാക്ക്‌സ്റ്റോണിന് ആധാർ ഹൗസിംഗിൽ 98.72 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത് (389.68 ദശലക്ഷം ഓഹരികൾ). ബാക്കിയുള്ള 1.18 ശതമാനം ഓഹരി പങ്കാളിത്തം ഐസിഐസിഐ ബാങ്കിൻ്റെ കൈവശമാണ്. 2019 ജൂണിൽ, കമ്പനിയുടെ യഥാർത്ഥ ഉടമകളായിരുന്ന ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ (DHFL) അവരുടെ മുഴുവൻ ഓഹരികളും ബിസിപി ടോപ്‌കോയ്ക്ക് കൈമാറി.
ഇഷ്യൂ തുക വായ്പ നൽകുന്നതിനുള്ള പണം, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കുമെന്നാണ്
ഐസിഐസിഐ സെക്യൂരിറ്റീസ്, നോമുറ, സിറ്റി, എസ്ബിഐ ക്യാപിറ്റൽ, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർ.
ആധാർ ഹൗസിംഗ് ഫിനാൻസ് ഇതിനു മുൻപ് 2021 ജനുവരിയിൽ ഐപിഒയ്‌ക്കായി കരട് പേപ്പറുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2022 മെയ് മാസത്തിൽ റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിക്കുകയും ചെയ്‌തിരുന്നു. ഒരു വർഷത്തിനുശേഷം, വിപണിയിലെത്താതിനെ തുടർന്ന് അംഗീകാരം നഷ്ടപ്പെടുകയായിരുന്നു. ഇതിനെ തുടർന്നാണ് കമ്പനി ഐപിഒയ്ക്കുള്ള പുതിയ കരട് രേഖകൾ സെബിക്ക് വീണ്ടും സമർപ്പിച്ചത്.
റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങൽ, നിർമ്മാണം, വീട് മെച്ചപ്പെടുത്തൽ, വാണിജ്യ വസ്തുക്കൾ എന്നിവയ്ക്കായുള്ള വായ്പകൾ നൽകുന്ന കമ്പനിയാണ് ആധാർ ഹൗസിംഗ്. നിലവിൽ കമ്പനിക്ക് 471 ശാഖകളുണ്ട്.