image

22 Nov 2023 7:42 AM GMT

Stock Market Updates

സിഇഒ ജയിലിലേക്ക്; ബൈനാന്‍സിന് പ്രവര്‍ത്തനം തുടരാം

MyFin Desk

binance can continue to operate
X

Summary

  • 4300 കോടി ഡോളര്‍ പിഴയൊടുക്കി ഒത്തുതീര്‍പ്പ് കരാര്‍
  • ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക- സാമൂഹിക കുറ്റകൃത്യങ്ങള്‍ക്കും പണമൊഴുകി
  • ചാങ്‌പെങ് ഷാവോക്കെതിരേ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ചാര്‍ജുകല്‍


യുഎസിന്‍റെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിഴകളിലൊന്ന് അടയ്ക്കാന്‍ സമ്മതം മൂളി ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചായ ബൈനാൻസ് ഹോൾഡിംഗ്സ് ലിമിറ്റഡ്. പ്രവർത്തനം തുടരാൻ അനുവദിക്കുന്നതിന് യുഎസ് അധികൃതരുമായി നടത്തിയ ഒത്തുതീര്‍പ്പിന്‍റെ അടിസ്ഥാനത്തിലാണ് ഇത്. കള്ളപ്പണം വെളുപ്പിക്കല്‍, യുഎസ് ഉപരോധങ്ങളുടെ ലംഘനം തുടങ്ങിയ ചാർജുകളില്‍ ബൈനാന്‍സും അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചാങ്‌പെങ് ഷാവോയും കുറ്റസമ്മതം നടത്തി.

4300 കോടി ഡോളറാണ് പിഴയായി കമ്പനി ഒടുക്കുക. ഇതിനു പുറമേ സിഇഒ സ്ഥാനം ഒഴിഞ്ഞുകൊണ്ട് ഷാവോ 50 മില്യൺ ഡോളർ പിഴ വ്യക്തിപരമായി അടയ്‌ക്കും. ബാങ്ക് സെക്യൂരിറ്റി ആക്റ്റിലെ വ്യവസ്ഥകള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയാണ് ഫെഡറല്‍ കോടതി മുമ്പാകെ ഷാവോ കുറ്റസമ്മതം നടത്തിയത്. ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ്, ട്രഷറി ഡിപ്പാർട്ട്‌മെന്റ്, കമ്മോഡിറ്റി ഫ്യൂച്ചേഴ്‌സ് ട്രേഡിംഗ് കമ്മീഷൻ എന്നിവയെല്ലാം ഉൾപ്പെടുന്ന ഒത്തുതീര്‍പ്പ് കരാറിനാണ് ഇത് വഴിയൊരുക്കിയത്.

ബൈനാന്‍സ് ക്രിപ്റ്റോ എക്സ്ചേഞ്ചിന്‍റെ പ്രവര്‍ത്തനങ്ങളിലെ ഉള്ളുകള്ളികള്‍ തേടി വര്‍ഷങ്ങളോളം യുഎസ് അധികൃതര്‍ നടത്തിയ അന്വേഷണങ്ങള്‍ക്ക് കൂടിയാണ് ഇതോടെ പരിസമാപ്‍തി ആയത്.

ഭീകരതയ്ക്കും തട്ടിപ്പുകള്‍ക്കും സുരക്ഷിത ഇടമായി

തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ഐസിസ് ഉള്‍പ്പടെയുള്ള ഭീകരവാദ ഗ്രൂപ്പുകളുമായും ഇടപാടുകൾ നടത്താൻ അനുവദിക്കപ്പെട്ടൂ എന്ന് ബൈനാന്‍സ് വെളിപ്പെടുത്തിയിട്ടുണ്ട്. യുഎസ് ഉപരോധം നേരിടുന്ന രാജ്യങ്ങളിലേക്കും സായുധ സംഘങ്ങളിലേക്കും പണമയച്ചു, കള്ളപ്പണം വെളുപ്പിക്കൽ, ലൈസൻസില്ലാത്ത പണം കൈമാറ്റം ചെയ്യുന്ന ബിസിനസ്സ് എന്നിങ്ങനെ മൂന്ന് വകുപ്പുകളാണ് പ്രധാനമായും ബൈനാന്‍സിന് എതിരേ ചുമത്തപ്പെട്ടത്.

1800 കോടി ഡോളര്‍ 15 മാസത്തിനുള്ളില്‍ കമ്പനിയില്‍ നിന്ന് ക്രിമിനൽ പിഴയായി ഈടാക്കാനും 2500 കോടി ഡോളർ കണ്ടുകെട്ടുന്നതിനുമാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. കുറ്റവാളികളുമായും സാമ്പത്തിക ഉപരോധം നേരിടുന്ന ആളുകളുമായും ബിസിനസ്സ് ചെയ്യുന്നതിൽ നിന്ന് കമ്പനികളെ തടയുന്ന നിയമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഷാവോയും ബൈനാൻസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും വിപുലമായ ശ്രമം നടത്തി. യുഎസ് ഉപരോധം നേരിടുന്ന രാജ്യങ്ങളായ ഇറാൻ, സിറിയ, ക്യൂബ എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് ബൈനാൻസ് പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യാൻ കഴിയുമായിരുന്നു.

ഹമാസ് ബൈനാന്‍സിലൂടെ നടത്തുന്ന ഇടപാടുകളെക്കുറിച്ച് 2019ൽ ജീവനക്കാരിൽ ഒരാൾക്ക് വിവരം ലഭിച്ചതായി യുഎസ് ഗവൺമെന്റിന്റെ കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിംഗ് കമ്മീഷൻ (സിഎഫ്‍ടിസി) മാര്‍ച്ചില്‍ ആരോപിച്ചിരുന്നു. സിഎഫ്‍ടിസി വര്‍ഷങ്ങളായി ബൈനാന്‍സിന്‍റെ ദുരൂഹ ഇടപാടുകള്‍ക്ക് പുറകേയുണ്ട്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുരടുന്നതിനിടെയാണ് യുഎസിലെ ക്രിപ്റ്റോ പ്ലാറ്റ്‍ഫോം ഹമാസിന്‍റെ സാമ്പത്തിക ഇടപാടുകള്‍ക്ക് സഹായകമായി എന്ന വാര്‍ത്ത പുറത്തുവരുന്നത്.

കുട്ടികള്‍ക്കെതിരായ ലൈംഗിക അധിക്ഷേപങ്ങള്‍ അടങ്ങിയ മെറ്റീരിയലുകള്‍, റാന്‍സംവെയര്‍ ആക്രമണങ്ങള്‍ക്കുള്ള പ്രതിഫലം എന്നിവയെല്ലാം ബൈനാന്‍സിലൂടെ ഒഴുകിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

സിഇഒ ജയിലിലേക്ക്

പത്തു വർഷത്തോളം ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ഷാവോയ്ക്ക് മേല്‍ ചുമത്തപ്പെട്ടിട്ടുള്ളത്. എന്നാൽ കുറ്റസമ്മതത്തിന്‍റെ അടിസ്ഥാനത്തില്‍ നടന്ന ഒത്തുതീര്‍പ്പ് പ്രകാരം 18 മാസത്തിൽ കൂടുതൽ ശിക്ഷ അദ്ദേഹത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല. ഷാവോയുടെ ജയില്‍ ശിക്ഷാ കാലാവധി സംബന്ധിച്ച് ജസ്‍റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മറ്റ് പ്രമുഖ ക്രിപ്‌റ്റോ കുറ്റവാളികൾ നേരിട്ട കഠിനമായ ശിക്ഷകളിൽ നിന്ന് കുറ്റസമ്മതം അദ്ദേഹത്തിന് രക്ഷയായി മാറുകയാണ്.

ഇടപാടിന്റെ ഭാഗമായി ഷാവോ, ബിനാൻസ് സിഇഒ സ്ഥാനം ഒഴിഞ്ഞു, മൂന്ന് വർഷത്തേക്ക് കമ്പനിയെ നിയന്ത്രിക്കുന്നതിൽ യാതൊരു പങ്കും ഷാവോയ്ക്ക് ഉണ്ടായിരിക്കില്ല.. ഷാവോയുടെ പിൻഗാമിയായി റിച്ചാർഡ് ടെങ്ങ് സിഇഒ ആകും. ബ്ലൂംബെർഗിന്റെ ബില്യണയർസ് ഇൻഡക്‌സ് പ്രകാരം 2300 കോടി ഡോളറിന്റെ ആസ്തിയാണ് ഷാവോയ്ക്ക് ഉള്ളത്.

ശരിയായ നിയമപാലന നിരീക്ഷണം ആദ്യകാലത്ത് ഉണ്ടായിട്ടില്ലെന്ന് ബൈനാന്‍സ് ബ്ലോഗ് പോസ്റ്റിലൂടെ വിശദീകരിക്കുന്നു. എന്നാൽ ഉപയോക്തൃ ഫണ്ടുകൾ ദുരുപയോഗം ചെയ്തുവെന്നോ വിപണിയിലെ കൃത്രിമത്വത്തിൽ ഏർപ്പെട്ടുവെന്നോ ഉള്ള ആരോപണങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി.കമ്പനിയുടെ നിയമം പാലിക്കല്‍ നിരീക്ഷിക്കുന്നത് മെച്ചപ്പെടുത്താനും മൂന്ന് വർഷത്തേക്ക് ഒരു സ്വതന്ത്ര മോണിറ്ററിനെ നിയമിക്കാനും ബൈനാന്‍സ് സമ്മതിച്ചിട്ടുണ്ട്.