image

29 Dec 2023 10:29 AM GMT

Stock Market Updates

ബെഞ്ച്മാര്‍ക്ക് സൂചികകളുടെ വര്‍ഷാന്ത്യം ശോകത്തില്‍

MyFin Desk

ബെഞ്ച്മാര്‍ക്ക് സൂചികകളുടെ വര്‍ഷാന്ത്യം ശോകത്തില്‍
X

Summary

  • വിശാല വിപണി സൂചികകള്‍ നേട്ടത്തില്‍
  • മികച്ച നേട്ടവുമായി ടാറ്റ ഓഹരികള്‍
  • പൊതുമേഖലാ ബാങ്കുകളുടെ സൂചികയ്ക്ക് ഏറ്റവും വലിയ ഇടിവ്


ആഗോള വിപണികളില്‍ നിന്നുള്ള ദുര്‍ബലമായ സൂചനകളുടെയും ഹെവിവെയ്റ്റ് ഓഹരികളിലെ ശക്തമായ വില്‍പ്പനയുടെയും പശ്ചാത്തലത്തില്‍ 2023ലെ അവസാന വ്യാപാര ദിനത്തില്‍ ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിവിലേക്ക് നീങ്ങി. സെന്‍സെക്സ് 170.12 പോയിന്‍റ് അഥവാ 0.23 ശതമാനം ഇടിഞ്ഞ് 72,240.26ലും നിഫ്റ്റി 47.30 പോയിന്‍റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 21,731.40ലും വ്യാപാരം അവസാനിപ്പിച്ചു.

വിശാലമായ വിപണി സൂചികകള്‍ ഇന്ന് നേട്ടത്തിലായിരുന്നു. നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.80 ശതമാനവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 0.61 ശതമാനവും കയറി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.85 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.69 ശതമാനവും നേട്ടത്തിലായിരുന്നു.

ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികൾ

ഇന്ന് നിഫ്റ്റി 50-യില്‍ ഉയർന്ന് അവസാനിച്ച ഓഹരികളിൽ ടാറ്റകണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് (4.61 ശതമാനം), ടാറ്റ മോട്ടോര്‍സ് (3.38 ശതമാനം), ബജാജ് ഓട്ടോ (1.74 ശതമാനം), നെസ്‍ലെ ഇന്ത്യ ( 1.50 ശതമാനം), അദാനി എന്‍റര്‍പ്രൈസസ് (1.39 ശതമാനം) എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി.

സെന്‍സെക്സില്‍ ടാറ്റ മോട്ടോര്‍സ് (3.38 ശതമാനം), നെസ്‍ലെ ഇന്ത്യ (1.60 ശതമാനം), ടാറ്റ സ്‍റ്റീല്‍ (0.76 ശതമാനം), ബജാജ് ഫിനാന്‍സ് (0.76 ശതമാനം), അള്‍ട്രാടെക് സിമന്‍റ് (0.76 ശതമാനം) എന്നിവയാണ് മികച്ച നേട്ടം രേഖപ്പെടുത്തിയിട്ടുള്ളത്.

ഇന്ന് നഷ്ടത്തിലായ ഓഹരികൾ

ബിപിസിഎല്‍ (3.18 ശതമാനം), എസ്‍ബിഐ ( 1.49 ശതമാനം), ഒഎന്‍ജിസി(1.34 ശതമാനം), ഇന്‍ഫോസിസ് (1.28 ശതമാനം), കോള്‍ ഇന്ത്യ( 1.25 ശതമാനം), എന്നിവയാണ് നിഫ്റ്റിയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ എസ്‍ബിഐ ( 1.41 ശതമാനം), ഇന്‍ഫോസിസ് ( 1.29 ശതമാനം), ടൈറ്റന്‍ (1.09 ശതമാനം) ടെക് മഹീന്ദ്ര ( 1.05 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ( 1.03 ശതമാനം), എന്‍ടിപിസി ( 0.95 ശതമാനം) എന്നിവ വലിയ ഇടിവ് രേഖപ്പെടുത്തി.

സെക്ടറൽ സൂചികകൾ

പൊതുമേഖലാ ബാങ്കുകളുടെ സൂചികയാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്, 0.64 ശതമാനം. ഐടി (0.49 ശതമാനം), ബാങ്ക് (0.45 ശതമാനം), ധനകാര്യ സേവനങ്ങള്‍, ഫാര്‍മ, സ്വകാര്യ ബാങ്ക് തുടങ്ങിയ സെക്റ്ററല്‍ സൂചികകളും ഇടിവിലായിരുന്നു. എഫ്‍എംസിജി (0.85 ശതമാനം), റിയല്‍റ്റി ( 0.73 ശതമാനം) മെറ്റല്‍ (0.65 ശതമാനം) എന്നിവയാണ് മികച്ച നേട്ടം കൈവരിച്ചത്.

വിദഗ്ധരുടെ വീക്ഷണം

"2023 അവസാനിക്കുമ്പോൾ, ഈ വർഷത്തെ റാലിയുടെ ഏറ്റവും പ്രധാന സവിശേഷത വിശാലമായ വിപണിയുടെ മികച്ച പ്രകടനമാണ്. മിഡ്‌ക്യാപ് സൂചിക ഏകദേശം 45 ശതമാനവും, സ്മോൾ ക്യാപ് സൂചിക 55 ശതമാനവും ഉയർന്ന് നിഫ്റ്റിയെ ബഹുദൂരം പിന്നിലാക്കി. ഈ ട്രെൻഡ് 2024-ൽ മാറാൻ സാധ്യതയുണ്ട്, കാരണം മിഡ്, സ്മോൾ ക്യാപ്‌ ഓഹരികളുടെ മൂല്യനിര്‍ണയം വളരേ ഉയര്‍ന്നതാണ്. ലാർജ് ക്യാപ്‌സിന് താരതമ്യേന ന്യായമായ മൂല്യമാണ് ഉള്ളത്. ജനുവരി സാധാരണയായി വിപണിയിൽ മോശം മാസമാണ്. മൂന്നാംപാദഫലങ്ങളിലും മാനെജ്മെന്‍റുകളുടെ പ്രഖ്യാപനങ്ങളിലും വിപണി പങ്കാളികള്‍ ശ്രദ്ധ കേന്ദ്രീകരിക്കും," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറഞ്ഞു.